SignIn
Kerala Kaumudi Online
Thursday, 04 June 2026 3.42 AM IST

പൊലീസിനെതിരെ അക്രമി സംഘത്തിന്റെ ആക്രോശം: '' ഒരാളെയെങ്കിലും കൊല്ലാതെ പോകില്ല സാറേ ''

പ്രതികൾ പുറത്തുവിട്ട ദൃശ്യം തെളിവായി

crime

കൊച്ചി: ''ഒരാളെയെങ്കിലും കൊല്ലാതെ ഇവിടുന്ന് പോകില്ല സാറേ... നിങ്ങളെ വെല്ലുവിളിക്കുകയാണ്. പരാതി നൽകിയ ആൾ ഇവിടെ വരാതെ നിങ്ങളെ വിടുന്ന പ്രശ്നമില്ല ....'' എറണാകുളം മരോട്ടിച്ചുവടിൽ ട്രാഫിക് പൊലീസ് ഇൻസ്‌പെക്ടറുടെ വിരൽ ഒടിക്കുകയും പൊലീസുകാരെ ആക്രമിക്കുകയും ചെയ്ത കേസിൽ അറസ്റ്റിലായ പ്രതികൾ ആക്രോശിക്കുന്ന ദൃശ്യം പുറത്തുവന്നു.

പൊലീസ് തങ്ങളെ മർദ്ദിച്ചെന്ന് വരുത്തിത്തീർക്കാൻ പ്രതികൾ മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ ഇപ്പോൾ അവർക്കെതിരെയുള്ള തെളിവായി. കഴിഞ്ഞ ശനിയാഴ്ച അർദ്ധരാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം. പ്രതികൾ കല്ലും ഇഷ്ടികയും ഉപയോഗിച്ച് പൊലീസ് ജീപ്പ് തകർക്കുന്നതും ഉദ്യോഗസ്ഥർക്ക് നേരെ വധഭീഷണി മുഴക്കുന്നതും വീഡിയോയിലുണ്ട്.

ഐ.ഡി കാർഡ് കാണിച്ചിട്ടും പൊലീസ് വിട്ടില്ലെന്നും മഴയത്ത് നിറുത്തി ആധാർ കാർഡ് ചോദിച്ച് ബുദ്ധിമുട്ടിച്ചെന്നും പ്രതികൾ ആരോപിക്കുന്നു. ഇവർ ആക്രമാസക്തരായതോടെ, കൂടുതൽ പൊലീസുമായി രണ്ട് ജീപ്പുകൾ കൂടിയെത്തുന്നതും വീഡിയോയിലുണ്ട്.
'എറിയെടാ' എന്ന് ആക്രോശിച്ചാണ് സംഘം പൊലീസിനെ നേരിട്ടത്. പ്രതികളെ കീഴ്‌പ്പെടുത്താനുള്ള ശ്രമത്തിനിടെ കൊച്ചി സിറ്റി ട്രാഫിക് ഈസ്റ്റ് ഇൻസ്‌പെക്ടർ ഉദയകുമാറിന്റെ വിരൽ ഒടിഞ്ഞു. കൺട്രോൾ റൂം ഗ്രേഡ് എസ്.ഐ പി.കെ.ബിജു, തൃക്കാക്കര സ്റ്റേഷനിലെ എസ്.ഐ ബിജു ജോൺ ബാബുജി, സി.പി.ഒ ഷബിൻ എബ്രാഹിം, കൺട്രോൾ റൂം ഡ്രൈവർ ഷമീർ എന്നിവർക്കും പരിക്കേറ്റു. വയനാട് സ്വദേശി അക്ഷയ് (25), കൊല്ലം സ്വദേശി ജിനീഷ് (38), തിരുവനന്തപുരം സ്വദേശികളായ അജ്മൽ (20), അൽത്താഫ് (21), നെന്മാറ സ്വദേശി ഷംസുദ്ദീൻ (36) എന്നിവരാണ് പൊലീസിനെ ആക്രമിച്ച കേസിൽ അറസ്റ്റിലായത്. പ്രമുഖ മാളിലെ സുരക്ഷാ ജീവനക്കാരാണ് ഇവർ. ലഹരി ഇടപാടുകളടക്കം അന്വേഷിക്കാനായി ഇവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. മദ്യപിച്ച് ബഹളമുണ്ടാക്കുന്നതായി വിവരം ലഭിച്ചാണ് പൊലീസെത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY