
ചെന്നിത്തല: അതിഥി തൊഴിലാളികളുടെ താമസസ്ഥലത്തുനിന്ന് നിരോധിത പുകയില ഉത്പ്പന്നങ്ങളുടെ വൻശേഖരം പിടികൂടി. ചെന്നിത്തല ഗ്രാമപഞ്ചായത്തും മാവേലിക്കര എക്സൈസ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉത്പ്പന്നങ്ങൾ പിടികൂടിയത്. ദിവസങ്ങൾക്ക് മുമ്പ് ചെന്നിത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ബിനുരാജിന്റെ നേതൃത്വത്തിൽ വഴിയോര കച്ചവടക്കാരായ അതിഥി തൊഴിലാളികളിൽ നിന്ന് നിരോധിത പുകയില ഉത്പ്പന്നങ്ങൾ പിടികൂടി നശിപ്പിച്ചിരുന്നു. അതിന്റെ തുടർച്ചയായിട്ടായിരുന്നു ഇന്നലെ നടന്ന മിന്നൽ പരിശോധന. തദ്ദേശീയമായി ലഹരി ഉത്പ്പന്നങ്ങളുടെ വിൽപ്പനയും ഉപയോഗവും വർദ്ധിച്ചുവരുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. തൊഴിലാളികൾ താമസിക്കുന്ന മുറികളിലും പരിസരങ്ങളിലും അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു ഉൽപ്പന്നങ്ങൾ സൂക്ഷിച്ചിരുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എത്തിക്കുന്ന ഈ ലഹരിവസ്തുക്കൾ പ്രദേശത്തെ തൊഴിലാളികൾക്കിടയിലും യുവാക്കൾക്കിടയിലും വൻവിലയ്ക്കാണ് വിറ്റിരുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പഞ്ചായത്ത് പരിധിയിൽ ലഹരിമുക്ത പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ സംയുക്ത പരിശോധനയെന്നും വരും ദിവസങ്ങളിലും ഇത്തരം സ്ഥലങ്ങളിൽ കർശനമായ നിരീക്ഷണവും റെയ്ഡുകളും തുടരുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ബിനുരാജ് പറഞ്ഞു.
ഗ്രാമപഞ്ചായത്തംഗങ്ങളും എക്‌സൈസ് സംഘത്തോടൊപ്പം പരിശോധനയിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |