SignIn
Kerala Kaumudi Online
Wednesday, 17 June 2026 4.33 AM IST

2 ദിവസം, മൂന്ന് 'കത്തിക്കുത്ത്'!

padam

കൊച്ചി: രണ്ട് ദിവസത്തിനിടെ കൊച്ചി സിറ്റി പൊലീസ് രജിസ്റ്റർ ചെയ്തത് മൂന്ന് കുത്ത് കേസുകൾ. നിസാര വാക്കുതർക്കത്തിന്റെ പേരിലാണ് അക്രമങ്ങളെല്ലാം നടന്നത്. എറണാകുളം നോർത്ത്, മരട്, എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ പരിധികളിലാണ് കേസുകൾ. മൂന്ന് കേസുകളിലായി ആറു യുവാക്കൾക്ക് പരിക്കേറ്റു. പ്രതികളിൽ ഒരാൾ റിമാൻഡിലായി. ആശുപത്രിയിലുള്ള ഒരു പ്രതി പൊലീസ് നിരീക്ഷണത്തിലാണ്. ഒരാളെ ഇനിയും പിടികൂടാനായിട്ടില്ല.

 കേസ് ഒന്ന്


ഞായറാഴ്ച വടുതല സെന്റ് ആന്റണീസ് പള്ളിപ്പെരുന്നാളിനിടെയാണ് മൂന്ന് യുവാക്കൾക്ക് കുത്തേറ്റത്. വടുതല മാർക്കറ്റിന് സമീപം താമസിക്കുന്ന പ്രതി സ്റ്റാൻലിൻ അറസ്റ്റിലായി. മദ്യലഹരിയിലായിരുന്നു ആക്രമണം. വടുതല സ്വദേശികളായ കെ. അനന്തു (25), ചാൾസ് (25), ജോയൽ (25) എന്നിവർക്കാണ് കുത്തേറ്റത്. പരിക്ക് സാരമുള്ളതല്ല. ആശുപത്രിയിൽ ചികിത്സതേടിയ യുവാക്കൾ വീട്ടിൽ വിശ്രമത്തിലാണ്. സ്റ്റാൻലിൻ അനന്തുവിനെയാണ് ആദ്യം ആക്രമിച്ചത്. ഒഴിഞ്ഞുമാറാനുള്ള ശ്രമത്തിനിടെ കൈക്ക് കുത്തേറ്റു. പിന്നാലെ ചാൾസിന്റെ കാലിലും ജോയലിന്റെ തലയ്ക്കും സ്റ്റാൻലിൻ കുത്തി. പൊലീസെത്തി സ്റ്റാൻലിനെ പിടികൂടുകയായിരുന്നു.

കേസ് രണ്ട്


കളിയാക്കിയത് ചോദ്യം ചെയ്ത യുവാക്കളെ സുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ചു. പൂണിത്തുറ സ്വദേശികളായ കെ.എം. അക്ഷയ് (23), ഹരി (20) എന്നിവർക്കാണ് കുത്തേറ്റത്. അക്ഷയ്ക്ക് തോളിലും ഹരിക്ക് കഴുത്തിനുമാണ് കുത്തേറ്റത്. ആഴത്തിലുള്ള മുറിവുകളില്ല. ഇരുവരും കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സുഹൃത്തായ മരട് സ്വദേശി വിഷ്ണുവാണ് ഇവരെ ആക്രമിച്ചത്. വാക്കുതർക്കത്തിനിടെ പരിക്കേറ്റ വിഷ്ണുവും മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്. ആശുപത്രി വിടുന്നമുറയ്ക്ക് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും. ഞായറാഴ്ച രാത്രി 11.30ഓടെ ഭക്ഷണം കഴിക്കാനായി അക്ഷയും സുഹൃത്തുക്കളും പൂണിത്തുറയിലെ ഹോട്ടലിൽ പോയിരുന്നു. പാർക്കിംഗിൽ വച്ച് പരസ്പരം അസഭ്യം പറയുന്നത് കേട്ട് അക്ഷയ് കളിയാക്കിയതാണ് വാക്കുതർക്കത്തിലേക്കും കത്തിക്കുത്തിലേക്കും വഴിമാറിയത്.

കേസ് മൂന്ന്


ഉല്ലാസ ബോട്ടിൽ ഉറങ്ങിക്കിടന്ന ജീവനക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ചു. തൃശൂർ കൊരട്ടി സ്വദേശി ലിജോയ്ക്കാണ് (48) കുത്തേറ്റത്. തലയ്ക്കും കൈയ്ക്കും കുത്തേറ്റ ലിജോ ആശുപത്രിയിൽ ചികിത്സ തേടി. പരിക്ക് സാരമുള്ളതല്ല. ബോട്ടിലേക്ക് സഞ്ചാരികളെ കാൻവാസ് ചെയ്യുന്ന എറണാകുളം സ്വദേശി റോബിക്കായി സെൻട്രൽ പൊലീസ് അന്വേഷണമാരംഭിച്ചു. ഇയാൾ ഒളിവിലാണെന്നാണ് സൂചന. തിങ്കളാഴ്ച പുലർച്ചെ രണ്ടോടെ മറൈൻഡ്രൈവിലായിരുന്നു സംഭവം. ഞായറാഴ്ച വൈകിട്ട് മദ്യലഹരിയിൽ ലിജോയും റോബിയും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ഇതിന്റെ പകയാണ് പ്രകോപനകാരണം.ചെരിപ്പുകൊണ്ട് തലയ്ക്കടിച്ച് എഴുന്നേൽപ്പിച്ച് പേനാക്കത്തിക്ക് കുത്തുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY