
തുറവൂർ: നഴ്സിംഗ് വിദ്യാർത്ഥിനിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. തുറവൂർ പഞ്ചായത്ത് 17-ാം വാർഡിൽ പള്ളിത്തോട് പടിഞ്ഞാറേ മനക്കോടം പള്ള്യത്തയ്യിൽ സാജൻ ആന്റണിയുടെ മകളും കൊല്ലത്തെ ബെൻസിഗർ നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥിനിയുമായിരുന്ന ഫെബിന സാജനെ (23) പരീക്ഷയ്ക്കായി കൊട്ടിയത്തെ ബന്ധുവീട്ടിൽ താമസിച്ചുവരുന്നതിനിടെ കഴിഞ്ഞ ജനുവരി 18നാണ് മരിച്ചനിലയിൽ കണ്ടത്.
മഹാരാഷ്ട്ര സ്വദേശിയും നിലവിൽ കൊല്ലത്ത് സ്വർണക്കട നടത്തുന്നതുമായ പ്രതീപ് എന്നയാളിൽ നിന്ന് ഫെബിനയ്ക്ക് നിരന്തരമായ ഭീഷണിയും പീഡനവും നേരിടേണ്ടി വന്നിരുന്നെന്നും മുമ്പ് പലതവണ ഇയാൾ വധശ്രമം നടത്തിയിരുന്നെന്നും ബന്ധുക്കൾ നൽകിയ പരാതിയിൽ ആരോപിച്ചു. ഇയാളുടെ ശല്യം കാരണം പഠനം അവസാനിപ്പിച്ച ഫെബിന പരീക്ഷയ്ക്കായി മാത്രമാണ് കൊല്ലത്ത് എത്തിയത്. മാതാപിതാക്കൾ ആലപ്പുഴയിൽ നിന്ന് എത്തുന്നതിന് മുമ്പ് തന്നെ ഫെബിനയുടെ മൃതദേഹത്തിന്റെ പോസ്റ്റുമോർട്ടം ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയത് ദുരൂഹത വർദ്ധിപ്പിച്ചതായി കുടുംബം ആരോപിച്ചു. മൃതദേഹത്തിൽ മുട്ടുസൂചി കൊണ്ട് കുത്തിയ പാടുകളുണ്ടായിരുന്നതായും ചുണ്ടിൽ മുട്ടുസൂചി തറച്ച നിലയിലുണ്ടായിരുന്നെന്നും ആരോപിച്ച് ഫെബിനയുടെ മാതാപിതാക്കൾ കൊല്ലം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. കൊട്ടിയം പൊലീസിന്റെ അന്വേഷണത്തിൽ ഗുരുതര വീഴ്ചകൾ ജില്ലാ ക്രൈം റെക്കാഡ് ബ്യൂറോയുടെ അന്വേഷണത്തിൽ കണ്ടെത്തിയതായി സൂചനയുണ്ട്. തുടർന്നാണ് ബന്ധുക്കൾ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസിന്റെ തുടരന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |