SignIn
Kerala Kaumudi Online
Thursday, 18 June 2026 3.02 AM IST

വ്യാജരേഖ ചമച്ച് ബാങ്കിൽ നിന്ന് 80 ലക്ഷം തട്ടിയ യുവതി അറസ്റ്റിൽ

crime

കൊച്ചി: കെട്ടിട ഉടമയെ വഞ്ചിച്ചും വ്യാജരേഖകൾ ചമച്ചും ബാങ്കിൽനിന്ന് ലക്ഷങ്ങൾ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാക്കനാട് ഇൻഫോപാർക്കിന് സമീപം രാജഗിരി വാലിയിലെ ഫ്ലാറ്റിൽ താമസിക്കുന്ന അനു സാറ ജെയ്‌സണെയാണ് (41) എറണാകുളം ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

കെട്ടിടയുടമയുടെ പരാതിയിലാണ് അറസ്റ്റ്. 2024ലാണ് സംഭവം. പരാതിക്കാരന്റെ ഉടമസ്ഥതയിലുള്ള കാക്കനാട് പടമുകളിലെ കെട്ടിടം 2017 ഓഗസ്റ്റ് 10 മുതൽ പ്രതി 11 മാസത്തേക്ക് വാടകയ്ക്ക് എടുത്തിരുന്നു. തുടർന്ന്, കെട്ടിടയുടമ അറിയാതെ എട്ടു വർഷത്തെ വ്യാജ വാടക കരാറുണ്ടാക്കുകയും അതിൽ രണ്ടുലക്ഷം രൂപ അഡ്വാൻസും മൂന്നുലക്ഷം രൂപ വാടകയുമാണെന്ന് തെറ്റായി കാട്ടി ഉടമയുടെ വ്യാജ ഒപ്പിടുകയും ചെയ്തു. ഇത് എം.ജി റോഡിലെ യു.സി.ഒ ബാങ്ക് ശാഖയിൽ നൽകി 80 ലക്ഷം രൂപ വായ്പയായി കൈപ്പറ്റിയെന്നാണ് കേസ്.

വാടക നൽകാതെയും കെട്ടിടം ഒഴിഞ്ഞുകൊടുക്കാതെയും ഉടമയെ വഞ്ചിച്ചതിനും ബാങ്കിനെ തെറ്റിദ്ധരിപ്പിച്ച് വ്യാജരേഖകൾ വഴി പണം തട്ടിയതിനുമാണ് നിലവിൽ കേസെടുത്തിരിക്കുന്നത്.

എറണാകുളം ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ യു. ആദർശിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വ്യാജരേഖ ചമയ്ക്കൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY