കൽപ്പറ്റ: തമിഴ്നാട് അതിർത്തിയായ കോട്ടൂരിൽ പൊലീസ് നടത്തിയ രാസലഹരി വേട്ടയിൽ അന്തർ സംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ. കൽപ്പറ്റ മുണ്ടേരി താന്നിക്കൽ വീട്ടിൽ വേണുഗോപാൽ (35)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും അമ്പലവയൽ പൊലീസും ചേർന്ന് പിടികൂടിയത്. ഇയാളിൽ നിന്ന് 124.39 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.ലഹരി കേസിൽ ജയിലിൽ നിന്നിറങ്ങിയ ശേഷം വീണ്ടും ലഹരികടത്തുകയായിരുന്നു.
ഇയാൾ മുൻപ് നിരവധി ലഹരിക്കേസുകളിൽ പ്രതിയും സ്ഥിരം ലഹരി വിൽപ്പനക്കാരനുമാണ്. തമിഴ്നാട് എരുമാട് ഭാഗത്ത് നിന്നും മോട്ടോർ സൈക്കിളിൽ വരുകയായിരുന്ന ഇയാളെ കോട്ടൂർ പാലത്തിന് സമീപംവെച്ച് പൊലീസ് വാഹനം തടഞ്ഞ് നിർത്തി പരിശോധിക്കുകയായിരുന്നു. പാന്റിന്റെ പോക്കറ്റിൽ നിന്നാണ് ലഹരി കണ്ടെടുത്തത്. എസ്.ഐമാരായ എം. രവീന്ദ്രൻ, വി.ജെ. എൽദോ, എ.എസ്.ഐ സനൽ, സി.പി.ഒ മുഹമ്മദ് അൻസാരി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |