
കൊല്ലം: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിന് പിന്നാലെ യുവാവ് കുത്തേറ്റ് മരിച്ചു. കോവൂർ സ്വദേശിയായ ഷിബുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്തും പ്രദേശവാസിയുമായ ഉന്മേഷിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. 'ഞാൻ അവനെ കുത്തി' എന്ന് വീടിന് മുന്നിലിരുന്ന് മദ്യലഹരിയിൽ ഉന്മേഷ് വിളിച്ചുപറഞ്ഞതോടെയാണ് കൊലപാതകവിവരം പുറത്തറിയുന്നത്.
പട്ടക്കടവ് പുളിക്കമുക്കിലുള്ള ഉന്മേഷിന്റെ വീട്ടിലിരുന്നാണ് ഇരുവരും മദ്യപിച്ചത്. ഇതിനിടെ ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. വീടിനുള്ളിലെ മുറിയിൽ രക്തത്തിൽ കുളിച്ചുകിടന്ന ഷിബുവിനെ പരിസരവാസികൾ ഉടൻതന്നെ പത്തനംതിട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്‌ടമായിരുന്നു. മദ്യലഹരിയിൽ പരസ്‌പരവിരുദ്ധമായ കാര്യങ്ങളാണ് ഉന്മേഷ് വിളിച്ചുപറയുന്നത്. കാഴ്‌ച പരിമിധിയുള്ള ഉന്മേഷിന്റെ അമ്മ മാത്രമാണ് സംഭവസമയം വീട്ടിലുണ്ടായിരുന്നത്.
അവിവാഹിതനായ ഉന്മേഷ് പിക്കപ് വാൻ ഡ്രൈവറാണ്. ഇയാൾ മുൻപും കത്തിക്കുത്തു കേസുകളിൽ പ്രതിയായിട്ടുണ്ട്. കൊല്ലപ്പെട്ട ഷിബു ശാസ്‌താംകോട്ട-ചവറ പ്രധാന പാതയിൽ വേങ്ങ മാമ്പഴ മുക്കിൽ ബൈക്ക് വർക്ക് ഷോപ് നടത്തിവരികയായിരുന്നു. ഷിബുവിന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് ഷിബുവിന്റെ കുടുംബം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |