SignIn
Kerala Kaumudi Online
Thursday, 24 September 2026 2.41 PM IST

മന്ത്രിയോടൊപ്പം വേദിയിൽ ഇരിക്കാൻ യോഗ്യതയില്ല, പരിപാടിയിൽ നിന്ന് ഒഴിവാക്കി; കിടിലൻ മറുപടിയുമായി അമൃത

READ ENGLISH VERSION
actress

സ്വന്തം നാട്ടിലെ സ്കൂളിൽ നിന്ന് നേരിടേണ്ടി വന്ന മോശം അനുഭവം പങ്കുവച്ച് നടിയും ഇൻഫ്ലുവൻസറുമായ അമൃതാ നായർ. പഠിച്ച സ്കൂളിന്റെ ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കാൻ ആദ്യം അതിഥിയായി ക്ഷണിച്ചെന്നും പിന്നീട് പരിപാടിയുടെ തലേദിവസം മന്ത്രിക്കൊപ്പം ഇരിക്കാൻ യോഗ്യതയില്ലെന്ന് പറഞ്ഞ് ഒഴിവാക്കുകയും ചെയ്‌തെന്ന് താരം വെളിപ്പെടുത്തി. ഷൂട്ടിംഗും മറ്റുളള തിരക്കുകളും മാറ്റിവച്ചാണ് പരിപാടിക്കായി സമയം കണ്ടെത്തിയതെന്നും സ്കൂൾ അധികൃതരിൽ നിന്ന് നേരിടേണ്ടി വന്ന അപമാനം വേദനിപ്പിച്ചെന്നും അമൃത സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചു.

'ബഹുമതി, പരിഗണന അതുമല്ലെങ്കിൽ നാടൻ ഭാഷയിൽ പറഞ്ഞാൽ വില നൽകുക. എപ്പോഴാണ് ഒരു വ്യക്തിക്ക് ഇതൊക്കെ ഉണ്ടാവുന്നത്. അവൻ അല്ലെങ്കിൽ അവൾ അവരുടെ കർമ്മ പാതയിൽ വിജയിക്കുമ്പോൾ എന്നാണ് എന്റെ വിശ്വാസം. ഞാൻ എന്ന വ്യക്തി ഒത്തിരി ഉയരങ്ങളിൽ ഒന്നും എത്തിയിട്ടില്ല എന്നിരുന്നാലും, ഞാൻ ജോലി ചെയ്യുന്ന മേഖലയിലൂടെ കുറച്ച് പേർക്കെങ്കിലും എന്നെ അറിയാമെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു അഭിനേത്രി എന്ന നിലയിലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിലും എന്നെ ഇഷ്ടപ്പെടുന്നവർ ആ നിലയിൽ എന്നെ അവരുടെ കൂടെ ചേർത്ത് നിർത്തുന്നുണ്ട്. പക്ഷേ, ആ ഒരു സ്നേഹവും പരിഗണനയും പോലും എന്റെ ജന്മനാട്ടിൽ നിന്നും എനിക്ക് കിട്ടിയില്ല എന്ന് ഓർക്കുമ്പോഴാണ് എനിക്കേറെ വിഷമം.

ഞാൻ പഠിച്ച എന്റെ സ്വന്തം സ്കൂളിന്റെ ശതാബ്ദി ആഘോഷത്തിൽ എന്നെ അതിഥിയായി വിളിച്ചപ്പോ ശരിക്കും എനിക്ക് സന്തോഷവും അഭിമാനവും ആണ് ഉണ്ടായത്. ആ ചടങ്ങിൽ പങ്കെടുക്കാനായി ഞാനെന്റെ എല്ലാ ആവശ്യങ്ങളും മാറ്റിവച്ചു, എന്തിനേറെ എനിക്ക് വരുമാനം കിട്ടുന്ന എന്റെ ഷൂട്ട് വരെ ഒഴിവാക്കി പോകാൻ കാത്തിരുന്നപ്പോഴാണ്, നിസാരമായി തലേന്ന് രാത്രി എന്നെ ആ പരിപാടിയിൽ നിന്നും മാറ്റിയ വിവരം അവിടത്തെ ഒരു സംഘാടകൻ എന്നെ വിളിച്ച് പറയുന്നത്. അതിന് അവർ പറഞ്ഞ കാരണമാണ് എന്നെ ഏറെ വിഷമിപ്പിച്ചത് “മന്ത്രിയുടെ കൂടെ വേദിയിൽ ഇരിക്കാനുള്ള യോഗ്യത'' എനിക്കില്ലെന്നായിരുന്നു ആ കാരണം. സ്വന്തം നാട്ടിൽ പോലും പരിഗണിക്കപ്പെടാനുളള ഭാഗ്യം എനിക്ക് നിഷേധിച്ച ആ നല്ല മനസുകൾ ആരൊക്കെയാണെന്നും അറിയാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം.

ഒരു ജനപ്രതിനിധിയുടെ കൂടെ വേദിയിൽ, അതെ നാട്ടിൽ നിന്നും വളർന്ന് വരുന്ന ഒരു കലാകാരി ഇരുന്നാൽ എന്താണ് കുറച്ചിലെന്ന് എനിക്ക് മനസ്സിലാവുന്നില്ല. എല്ലാ വിഷമങ്ങളും നെഞ്ചിൽ ഒതുക്കി മുന്നോട്ട് പോകുന്നത് തന്നെയാണ് എന്റെ ശീലം. എന്നാലും ഈ സംഭവം എല്ലാവരുമായും പങ്കുവയ്ക്കണമെന്ന് തോന്നി. കാരണം, പുകഴ്ത്താൻ കഴിഞ്ഞില്ലെങ്കിലും നാം ആരെയും ഇകഴ്ത്താൻ ശ്രമിക്കരുത്. പ്രത്യേകിച്ച് കുട്ടികൾക്ക് നന്മയും നേരും നല്ല ശീലങ്ങളും പകർന്നു കൊടുക്കുന്ന എന്റെ വിദ്യാലയം ഈ ശതാബ്ദി നിറവിൽ നിൽക്കുമ്പോൾ. കണ്ണീരോടെ, ഒഴിവാക്കപ്പെട്ട ഈ എളിയ കലാകാരിയുടെ ആശംസകൾ'-അമൃത കുറിച്ചു.

ഇതോടെ താരത്തിന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. നിരവധിയാളുകൾ താരത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. മന്ത്രിയോടൊപ്പം വേദി പങ്കിടാൻ യോഗ്യതയില്ലെന്ന് പറഞ്ഞ് മാറ്റിനിർത്തിയവർക്ക് മുൻപിൽ തന്നെ ചേർത്ത് നിർത്തിയ ഗതാഗത വകുപ്പ് മന്ത്രി ഗണേശ് കുമാറിനോടൊപ്പമുള്ള ചിത്രവും അമൃത പങ്കുവച്ചിട്ടുണ്ട്. വേദിയിൽ ഒപ്പം ഇരിക്കാൻ യോഗ്യത ഇല്ലെന്ന് പറഞ്ഞവരുടെ മുൻപിൽ എന്നെ ഇങ്ങനെ ചേർത്ത് നിർത്തിയ ബഹുമാനപ്പെട്ട മന്ത്രി ഗണേശ് സാറിനോട് ഓരായിരം നന്ദിയെന്നും അമൃത കുറിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACTRESS, POST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY