സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനത്തിൽ താൻ ഏറെ സന്തുഷ്ടയാണെന്ന് നടി ഐശ്വര്യ ലക്ഷ്മി. സോഷ്യൽ മീഡിയ ഉപയോഗിച്ചിരുന്ന കാലത്തേക്കാൾ ഇപ്പോൾ ജീവിതത്തിൽ കൂടുതൽ സമാധാനമുണ്ടെന്നും താരം പറഞ്ഞു. സോഷ്യൽ മീഡിയ ഉപേക്ഷിച്ചതിനെക്കുറിച്ച് 'ദി പൂജ തൽവാർ' ഷോയിൽ സംസാരിക്കുകയായിരുന്നു താരം. സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിന്നിട്ട് ഒരു വർഷത്തിലേറെയായെന്നും ഈ കാലയളവിൽ ജീവിതത്തിൽ വലിയ മാറ്റം അനുഭവപ്പെട്ടെന്നും ഐശ്വര്യ പറയുന്നു. വിട്ടുനിൽക്കാൻ കാരണമായ പല കാര്യങ്ങളും ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിലും അവയെ നിരന്തരം കാണുകയും അതിന്റെ പേരിൽ അസ്വസ്ഥയാകുകയും ചെയ്യുന്നില്ലെന്നതാണ് ആശ്വാസമെന്നും ഐശ്വര്യ വ്യക്തമാക്കി.
അതേസമയം, അഭിനേതാക്കൾക്കും കണ്ടന്റ് ക്രിയേറ്റർമാർക്കും സോഷ്യൽ മീഡിയ നൽകുന്ന അവസരങ്ങളെ ഐശ്വര്യ അംഗീകരിക്കുന്നുണ്ട്. സ്വന്തം കഴിവുകൾ ആളുകളിലേക്ക് നേരിട്ട് എത്തിക്കാനും ശ്രദ്ധ നേടാനും സോഷ്യൽ മീഡിയ സഹായിക്കുന്നുണ്ടെന്ന് താരം പറഞ്ഞു. കേരളത്തിൽ അടുത്തിടെ മികച്ച കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നായ 'വാഴ 2'വിലെ നായകൻ ഹാഷിർ ഒരു ഇൻഫ്ളുവൻസറാണെന്ന കാര്യവും ഐശ്വര്യ ചൂണ്ടിക്കാട്ടി. സോഷ്യൽ മീഡിയയിലൂടെ ലഭിക്കുന്ന ഇത്തരം അവസരങ്ങളുടെ പ്രാധാന്യം താൻ മനസിലാക്കുന്നുണ്ടെന്നും എന്നാൽ വ്യക്തിപരമായി അതിൽ നിന്ന് മാറിനിൽക്കാൻ തീരുമാനിക്കുകയായിരുന്നെന്നും താരം വ്യക്തമാക്കി.
2025 സെപ്തംബറിലാണ് ഐശ്വര്യ സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിന്നത്. അന്ന് പങ്കുവച്ച കുറിപ്പിൽ, ഒരു നടിയെന്ന നിലയിൽ കരിയറിൽ തുടരാൻ സോഷ്യൽ മീഡിയ അനിവാര്യമാണെന്ന ധാരണയിൽ ഏറെക്കാലം കഴിഞ്ഞിരുന്നുവെന്ന് താരം പറഞ്ഞിരുന്നു. കാലത്തിനനുസരിച്ച് മാറേണ്ടതിന്റെ ഭാഗമായി സോഷ്യൽ മീഡിയ ഉപയോഗിക്കേണ്ടത് ആവശ്യമാണെന്ന് കരുതിയിരുന്നു.
എന്നാൽ പിന്നീട് തന്റെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം സോഷ്യൽ മീഡിയ തന്നെ നിയന്ത്രിക്കുന്ന അവസ്ഥയുണ്ടായെന്നും ഐശ്വര്യ വ്യക്തമാക്കി. സോഷ്യൽ മീഡിയ തന്റെ സ്വതന്ത്രമായ ചിന്തകളെ ബാധിക്കുകയും ഭാഷയിലും ആശയവിനിമയ രീതിയിലും മാറ്റം വരുത്തുകയും ചെയ്തതായി അന്ന് താരം പറഞ്ഞിരുന്നു. സാധാരണ ജീവിതത്തിലെ ചെറിയ സന്തോഷങ്ങൾ പോലും ആസ്വദിക്കാനുള്ള കഴിവിനെ ഇത് ബാധിച്ചെന്നും ഐശ്വര്യ ചൂണ്ടിക്കാട്ടിയിരുന്നു.
പുതിയ നെറ്റ്ഫ്ളിക്സ് സീരീസായ 'ലവ്'ന്റെ പ്രമോഷൻ തിരക്കിലാണ് നിലവിൽ ഐശ്വര്യ. നിർമ്മാതാവ് സൗന്ദര്യ രജനീകാന്തിനും സഹതാരം അർജുൻ ദാസിനുമൊപ്പമാണ് സീരീസിന്റെ പ്രചാരണ പരിപാടികളിൽ താരം പങ്കെടുക്കുന്നത്.
Actress Aishwarya Lekshmi says she feels more peaceful and happy after quitting social media in September 2025. Speaking on The Puja Talwar Show, she said social media had begun affecting her work, creativity, language and ability to enjoy simple pleasures.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |