
ഇന്ത്യൻ സിനിമയിലെ അതികായന്മാരായ മോഹൻലാലിന്റെയും ഷാരൂഖ് ഖാന്റെയും ചിത്രങ്ങൾ ക്ളാഷിന്. മോഹൻലാലിന്റെ അതിമനോഹരം, ഷാരൂഖ് ഖാന്റെ കിംഗ് എന്നീ ചിത്രങ്ങൾ ഡിസംബർ 24ന് റിലീസ് ചെയ്യും. മോഹൻലാലിന്റെ അടുത്ത മേജർ റിലീസാണ് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം. പേരുപോലെ തന്നെ ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്ററും അതിമനോഹരമായി. മോഹൻലാലും മീര ജാസ്‌മിനും ഒന്നിച്ചുള്ള സെക്കന്റ് ലുക്ക് പോസ്റ്ററാണിത്. വർഷങ്ങൾക്കുശേഷം പ്രേക്ഷകരുടെ പ്രിയപ്പെട്ട കോംബോ ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ലൗലജൻ എന്ന സാധാരണക്കാരായ പൊലീസ് സബ് ഇൻസ്‌പെക്ടറുടെ ഔദ്യോഗിക ജീവിതത്തിലും വ്യക്തിജീവിതത്തിലും അരങ്ങേറുന്ന സംഭവങ്ങളാണ് സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. തുടരും എന്ന ചിത്രത്തിന്റെ ബ്ളോക് ബസ്റ്റർ വിജയത്തിനുശേഷം മോഹൻലാൽ - തരുൺമൂർത്തി കോംബോ ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ വാനോളം ഉയരുന്നു.
മുകേഷ്, ലാലു അലക്സ്, ജഗദീഷ്, മനോജ് കെ. ജയൻ, ഇർഷാദ്, സുധീഷ്, പ്രമോദ് വെളിയനാട്, സജീവൻ, വിജി വിശ്വനാഥ്, ഭാമ അരുൺ എന്നിവരാണ് മറ്റു താരങ്ങൾ. തുടരും, പുലിമുരുകൻ ഉൾപ്പെടെ മോഹൻലാലിന്റെ നിരവധി സൂപ്പർഹിറ്റ് സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച ഷാജികുമാർ ആണ് ഛായാഗ്രാഹണം. രതീഷ് രവി രചന നിർവഹിക്കുന്നു. ജേക്സ് ബിജോയ് സംഗീതം ഒരുക്കുന്നു. ആഷിഖ് ഉസ്മാൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് നിർമ്മാണം.അതേസമയം
സാക്ഷാൽ കിംഗ് ഖാൻ ഷാരൂഖ് ഖാനും മകൾ സുഹാന ഖാനും ഒരുമിക്കുന്ന ചിത്രം ആണ് കിംഗ് . വയലൻസ് നിറഞ്ഞ ആക്‌ഷൻ ചിത്രമായ കിംഗിലൂടെ സുഹാന ഖാൻ ആദ്യമായി ബിഗ് സ്‌ക്രീനിൽ എത്തുന്നു . കഴിഞ്ഞ വർഷം ഷാരൂഖ് ഖാന്റെ ജന്മദിനത്തിൽ പ്രഖ്യാപിച്ച 'കിംഗ്' സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്നു. പത്താനുശേഷം സിദ്ധാർത്ഥ് ആനന്ദും ഷാരൂഖ് ഖാനും ഒരുമിക്കുന്ന കിംഗ് 1994ൽ പുറത്തിറങ്ങിയ ഫ്രഞ്ച് ക്ളാസിക് ലിയോൺ: ദ പ്രൊഫഷണൽ എന്ന ചിത്രത്തെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്. ഷാരൂഖ് ഖാന് പ്രതിനായകനായി എത്തുന്നത് അഭിഷേക് ബച്ചൻ ആണ്. ദീപിക പദുകോൺ, റാണി മുഖർജി, അനിൽ കപൂർ തുടങ്ങി വൻ താരനിര ചിത്രത്തിലുണ്ട്. ഷാരൂഖ് ഖാന്റെ നിർമ്മാണ കമ്പനിയായ റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റും മാർഫ്ളിക്സ് പിക്ചേഴ്സും ചേർന്നാണ് നിർമ്മാണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |