
മമ്മൂട്ടിയുടെ ബസൂക്കയും അജിത്തിന്റെ ഗുഡ് ബാഡ് അഗ്ളിയും ധനുഷിന്റെ ഇഡ്ഡലി കടൈയും ഒരേ ദിവസം
സൂപ്പർ താര ചിത്രങ്ങൾ നേർക്കുനേർ മത്സരിക്കുന്നതിന് ഏപ്രിൽ 10ന് ആരാധകർ സാക്ഷ്യം വഹിക്കും. മമ്മൂട്ടിയുടെ ബസൂക്ക, അജിത്തിന്രെ ഗുഡ് ബാഡ് അഗ്ളി, ധനുഷിന്റെ ഇഡ്ഡലി കടൈ എന്നീ ചിത്രങ്ങൾ ലോകവ്യാപകമായി ഒരേ ദിവസം റിലീസ് ചെയ്യും. മമ്മൂട്ടി സ്റ്റൈലിഷ് ലുക്കിൽ എത്തുന്ന ബസൂക്ക നവാഗതനായ ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്നു. സോൾട്ട് ആൻഡ് പെപ്പർ ലുക്കിന് വിട പറഞ്ഞ് അജിത്ത് 'മങ്കാത്ത ലുക്കിൽ' എത്തുന്ന ചിത്രമാണ് ഗുഡ് ബാഡ് അഗ്ളി. കടുത്ത അജിത്ത് ആരാധകനാണ് സംവിധായകൻ ആദിക് രവിചന്ദ്രൻ. വിടാമുയർച്ചിക്കുശേഷം അജിത്തിന്റെ നായികയായി തൃഷ എത്തുന്ന ചിത്രത്തിൽ മലയാളി താരം ഷൈൻ ടോം ചാക്കോയുമുണ്ട്. പ്രഭു, പ്രസന്ന, അർജുൻദാസ്, രാഹുൽ ദേവ്, യോഗിബാബു എന്നിവരാണ് മറ്റു താരങ്ങൾ. മൈത്രി മൂവി മേക്കേഴ്സ് ആണ് നിർമ്മാണം. ധനുഷ് ആരാധകർക്ക് ആവേശംപകരുന്നതാണ് ഇഡ്ഡലികടൈ. നിലാവുക്ക് എൻ മേൽ എന്നടി കോപം എന്ന ചിത്രത്തിനുശേഷം ധനുഷ് സംവിധാനം ചെയ്യുന്ന ഇഡ്ഡലി കടൈയിൽ താരം ഗ്രാമീണ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. തിരുച്ചിത്രമ്പലത്തിനുശേഷം ധനുഷിന്റെ നായികയായി നിത്യ മേനൻ എത്തുന്ന ചിത്രംകൂടിയാണ്. ധനുഷിന്റെ കരിയറിലെ 52-ാം ചിത്രം ആണ് . ഡൗൺ പിക്ചേഴ്സിന്റെ ബാനറിൽ ആകാശ് ഭാസ്കരനും ധനുഷും ചേർന്നാണ് നിർമ്മാണം. വൻ വിജയം നേടിയ രായനുശേഷം ധനുഷ് പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിൽ രാജ് കിരൺ ആണ് മറ്റൊരു പ്രധാന താരം. ധനുഷിന്റെ ആദ്യ സംവിധാന സംരംഭമായ പാ പാണ്ടിയിൽ രാജ് കിരൺ പ്രധാന വേഷത്തിൽ എത്തിയിരുന്നു. പാ പാണ്ടിക്കുശേഷം ഇരുവരും വീണ്ടും ഒരുമിക്കുകയാണ്. കേരളത്തിൽ അജിത്തിനും ധനുഷിനും എറെ ആരാധകരുള്ളതിനാൽ ഇവിടെയും കടുത്ത മത്സരം കാണാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |