
മലയാളി കൂട്ടായ്മയിൽ പിറന്ന പിദായി എന്ന തുളു ചിത്രം ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ തിരഞ്ഞെടുത്തു. ചിത്രഭാരതി എന്ന ഇന്ത്യൻ ചലച്ചിത്ര വിഭാഗത്തിൽ കൂടാതെ കന്നഡ ചലച്ചിത്ര വിഭാഗത്തിലും പിദായി മത്സരിക്കുന്നുണ്ട്.ആദ്യമായാണ് തുളു സിനിമ ഈ രണ്ടു മത്സരവിഭാഗത്തിൽ എത്തുന്നത് .വിശേഷം, ലെവൽ ക്രോസ്, അപ്പുറം എന്നീ മലയാള ചിത്രങ്ങളും മൈഅഴകൻ, അമരൻ, വാഴൈ എന്നി തമിഴ് സിനിമകളും ഇന്ത്യൻ ചലച്ചിത്ര മത്സരവിഭാഗത്തിലുണ്ട്.
പ്രശസ്ത നടി ജലജയുടെ മകൾ ദേവി നായർ മുഴുനീള നായികയായി അഭിനയിച്ച ആദ്യത്തെ ചിത്രമാണ് പിദായി.കന്നഡ നടൻ ശരത് ലോഹിതാശ്വ, ദീപക് റായ്, രൂപ വർക്കാടി എന്നിവരാണ് മറ്റു താരങ്ങൾ. റ്റിഗെ എന്ന ആദ്യ തുളു സിനിമയിലൂടെ ദേശീയ അവാർഡ് ജേതാവായ സന്തോഷ് മാടയാണ് സംവിധായകൻ.കൈതപ്രം വരികൾ എഴുതിയ ആദ്യത്തെ തുളു സിനിമയാണ് പിദായി. പിവി അജയ് നമ്പൂതിരിയാണ് സംഗീതം, പശ്ചാത്തല സംഗീതം ദീപാങ്കുരൻ . കൈതപ്രത്തിന്റെ അനന്തരവനാണ് സന്തോഷ് മാട.ദേശീയ അവാർഡ് ജേതാവായ സുരേഷ് അരസ് ചിത്ര സംയോജനം നിർവഹിക്കുന്നു.മറ്റൊരു മലയാളി ഉണ്ണി മടവൂർ ആണ് ഛായാഗ്രഹണം.പ്രശസ്ത ഡബിംഗ് ആർട്ടിസ്റ്റ് മീര കൃഷ്ണൻ വസ്ത്രാലങ്കാരം ഒരുക്കുന്നു.
ഫഹദ് ഫാസിൽ നായകനായ മാലിക് എന്ന ചിത്രത്തിലൂടെയാണ് ദേവിയുടെ അഭിനയ അരങ്ങേറ്റം. റസൂൽ പൂക്കുട്ടി സംവിധാനം ചെയ്ത ഒറ്റ, രാജീവ് നാഥിന്റെ ഹെഡ് മാസ്റ്റർ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങൾ ചെയ്തു ആസിഫ് അലി നായകനായ ഹൌഡിനിയാണ് റിലീസിന് ഒരുങ്ങുന്ന ചിത്രം. വിദേശത്ത് വളർന്ന തുളു കേട്ടിട്ട് ഇല്ലാത്ത ദേവി നായർ കഥാപാത്രത്തിനായി ഡബ്ബ് ചെയ്തു എന്ന പ്രത്യേകത കൂടിയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |