
മോഹൻലാൽ നായകനായി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരത്തിന്റെ ചിത്രീകരണം ശബരിമലയിൽ . അനുമതി ലഭിച്ചാൽ ഉടൻ ശബരിമലയിൽ ചിത്രീകരണം ആരംഭിക്കാനാണ് അണിയറ പ്രവർത്തകർ ഒരുങ്ങുന്നത്.
തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന ചിത്രത്തിലും മോഹൻലാലിന്റെ ഷൺമുഖം ശബരിമല യാത്ര നടത്തുന്നുണ്ട്. അതിമനോഹരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ശബരിമല തീർത്ഥാടകർക്കൊപ്പം മോഹൻലാലിന്റെ ലൗലജൻ എന്ന എസ്.ഐ കഥാപാത്രം നിൽക്കുന്നതായിരുന്നു.
ഇടവേളയ്ക്കുശേഷം മോഹൻലാൽ മുഴുനീള പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രം ആണ് അതിമനോഹരം. ഇനി നാൽപ്പത് ദിവസത്തെ ചിത്രീകരണം അവശേഷിക്കുന്നുണ്ട്. ജൂലായ് 31ന് ചിത്രീകരണം പൂർത്തിയാകും എന്ന് നിർമ്മാതാവ് ആഷിഖ് ഉസ്മാൻ അറിയിച്ചിട്ടുണ്ട്. തൊടുപുഴയിലും എറണാകുളത്തും മുംബയിലും അതിമനോഹരത്തിന് ചിത്രീകരണം ഉണ്ടായിരുന്നു. അതേസമയം ചിത്രീകരണം ഇപ്പോഴും തുടരുകയാണ്. എസ്.ഐ ലൗലജന്റെയും ഒൗദ്യോഗിക ജീവിതത്തിലെയും കുടുംബ ജീവിതത്തിലെയും രസകരമായ മുഹൂർത്തങ്ങളാണ് അതിമനോഹരത്തിന്റെ പ്രമേയം.
ഒക്ടോബറിൽ പൂജ റിലീസായി നിശ്ചയിച്ചിരുന്നതാണ്. എന്നാൽ ഡിസംബറിൽ ക്രിസ്മസ് റിലീസായി പ്രദർശനത്തിന് എത്തിക്കാനാണ് ഒരുങ്ങുന്നത്. തുടരും എന്ന ബ്ളോക് ബസ്റ്ററിന് ശേഷം മോഹൻലാലും തരുൺമൂർത്തിയും ഒരുമിക്കുന്നതാണ് അതിമനോഹരത്തിന്റെ ഏറ്റവും വലിയ സവിശേഷത. മീര ജാസ്മിൻ ആണ് നായിക.
മുകേഷ്, ജഗദീഷ്, മനോജ് കെ. ജയൻ, ലാലു അലക്സ്, ഇർഷാദ്, ഭാമ അരുൺ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. രതീഷ് രവി ആണ് രചന. ഷാജി കുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |