SignIn
Kerala Kaumudi Online
Sunday, 25 October 2026 12.30 PM IST

'ഹിറ്റ്‌ലറും നേതാജിയും പ്രഭാസിന്റെ ഫാൻസോ?': ‘ഫൗജി’ ടീസറിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പരിഹാസം

fauzi-teaser-
ടീസറിൽ നിന്നുള്ള ചിത്രം

പ്രഭാസ് നായകനായെത്തുന്ന ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രമാണ് 'ഫൗസി'. കഴിഞ്ഞദിവസം ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. പ്രഭാസിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ടീസർ റിലീസ് ചെയ്തത്. ‘ഫയൽ നമ്പർ 25’ എന്ന പേരിൽ എത്തിയ ടീസറിൽ പ്രഭാസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മാസ് ഇൻട്രോയാണ് ഒരുക്കിയിരിക്കുന്നത്. നായകനായ പ്രഭാസിനെ കുറിച്ച് പറയാൻ വീഡിയോയിലെത്തിയ കഥാപാത്രങ്ങളാകട്ടെ സാക്ഷാൽ സുഭാഷ് ചന്ദ്രബോസും ഹിറ്റ്‌ലറും.

രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ‘ഫൗസി’യുടെ കഥ നടക്കുന്നത്. 1942 മേയ് 29ന് ബെർലിനിൽ നേതാജി സുഭാഷ് ചന്ദ്രബോസും അഡോൾഫ് ഹിറ്റ്‌ലറും തമ്മിൽ നടക്കുന്ന ചരിത്രപരമായ കൂടിക്കാഴ്ചയോടെയാണ് ടീസർ ആരംഭിക്കുന്നത്. ബ്രിട്ടിഷ് കൊളോണിയൽ ഭരണത്തിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കാനുള്ള പോരാട്ടത്തിൽ ജർമനിയുടെ പിന്തുണ തേടുകയാണ് നേതാജി. യഥാർത്ഥത്തിൽ ഇങ്ങനെയൊരു കൂടിക്കാഴ്ച നടന്നിട്ടുണ്ടെങ്കിലും സിനിമയിൽ ഇതിന്റെ കാൽപ്പനിക വശമാണ് നൽകിയിരിക്കുന്നത്.

ബ്രിട്ടീഷ് സാമ്രാജ്യത്തെ പരാജയപ്പെടുത്താൻ ഇന്ത്യയ്ക്ക് കഴിയുമോ എന്ന ഹിറ്റ്‌ലറുടെ ചോദ്യത്തിന് ബ്രിട്ടിഷ് രഹസ്യാന്വേഷണ വിഭാഗത്തെ നിരന്തരം വെട്ടിലാക്കുന്ന ഒരു ഇന്ത്യൻ പോരാളിയെ കുറിച്ച് അദ്ദേഹം പറയുന്നു. കഥ കേട്ട് ആകാംഷ തോന്നിയ ഹിറ്റ്‌ലർ ധീരനായ പോരാളിയെ കാണണമെന്ന് ആവശ്യപ്പെടുന്നു. തുടർന്നാണ് പ്രഭാസിന്റെ മാസ് രംഗപ്രവേശനം.

ടീസർ പ്രഭാസ് ആരാധകർ ഏറ്റെടുത്തെങ്കിലും ടീസറിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർ‌ശനവും ട്രോളുമാണ് ഉയരുന്നത്. പ്രഭാസിനെ കുറിച്ച് തള്ളാൻ സുഭാഷ് ചന്ദ്രബോസിനെയും ഹിറ്റ്‌ലറിനെയും കൊണ്ടുവന്നത് അൽപ്പം കടന്നകൈ ആയിപ്പോയില്ലെ എന്നാണ് ഭൂരിഭാഗം കമന്റുകളും. 'ഒരുകണക്കിന് ഹിറ്റ്‌‌ലർ ഒക്കെ എത്രയോ ഭാഗ്യവാൻ ഇതൊന്നും കാണേണ്ടി വന്നില്ലല്ലോ', 'അപാര തൊലിക്കട്ടി, മാപ്പ് തരൂ ബോസ്, നമ്മൾ മലയാളികൾ ഈ യൂണിവേഴ്സിൽ ഇല്ല', 'അപ്പൊ ഗാന്ധിജി അല്ലെ ബ്രിട്ടീഷുകാരെ ഓടിച്ചേ', 'നേതാജി എന്ന് പറഞ്ഞു അംബേദ്കറിനെ കാണിച്ചു പറ്റിക്കുന്നോടെ', 'ഹിറ്റ്‌ലറും നേതാജിയും പ്രഭാസിന്റെ ഫാൻസാണോ', തുടങ്ങി നിരവധി പരിഹാസ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറഞ്ഞിരിക്കുന്നത്.

സിനിമയിലെ നായകന്റെ 'ഔറ' കൂട്ടാൻ വേണ്ടി രാജ്യത്തിനായി ജീവൻ ബലിനൽകിയ ഒരു മഹദ്‌വ്യക്തിയെ ഇത്തരത്തിൽ തരംതാഴ്ത്തിയത് കടുത്ത അപമാനമാണെന്ന് പലരും വിമർശിച്ചു. ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്നും അവർ പരസ്യമായി മാപ്പ് പറഞ്ഞ് ടീസർ എത്രയും വേഗം പിൻവലിക്കണമെന്നും സോഷ്യൽ മീഡിയയിൽ ആവശ്യമുയർന്നിട്ടുണ്ട്. ഹിറ്റ്‌ലറെയും നേതാജിയെയും ഒരുപോലെ പരിഹാസ്യ കഥാപാത്രങ്ങളാക്കി മാറ്റിയെന്നും വിമർശകർ പറയുന്നു. എന്നാൽ ചിത്രം ഒരു സാങ്കൽപ്പിക കഥ മാത്രമാണെന്നും ചരിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ചതാണെന്നും വാദിച്ച് പ്രഭാസിന്റെ ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.

ഹനു രാഘവപുടി രചനയും സംവിധാനവും നിർവഹിക്കുന്ന ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രമാണ് 'ഫൗജി'. മൈത്രി മൂവി മേക്കേഴ്‌സ് നിർമിക്കുന്ന ചിത്രത്തിൽ കൊൽക്കത്തയിൽ നിന്നുള്ള ഒരു സൈനികന്റെ വേഷത്തിലാണ് പ്രഭാസ് എത്തുന്നത്. നിരവധി ആക്ഷൻ രംഗങ്ങളുള്ള ഈ ചിത്രം 2027 മാർച്ച് 19ന് തീയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് നിശ്ചയിച്ചിരിക്കുന്നത്.

English Summary

Prabhas’ upcoming big-budget pan-Indian film Fauzi has released its teaser, titled ‘File No. 25’, on the actor’s birthday. Set against the backdrop of World War II, the teaser features a fictionalized account of the historic meeting between Netaji Subhas Chandra Bose and Adolf Hitler in Berlin on May 29, 1942, as Bose seeks Germany’s support for India’s independence.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PRABHAS FAUZI, FAUZI TEASER TROLLS, PRABHAS FANS SOCIAL MEDIA, MOVIENEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY