
സംഗീതാസ്വാദകരുടെ മനസിൽ മല്ലികപ്പൂവിൻ മധുരഗന്ധം നിറച്ച അതുല്യ ഗായകനാണ് പി.ജയചന്ദ്രൻ. മുഴക്കവും ഇളപ്പവും തുളുമ്പുന്ന ഗാനങ്ങളാൽ മലയാള ഗാനശാഖയിൽ ഏഴു തലമുറകൾക്ക് സ്വരശബ്ദമേകിയ അത്ഭുതഗായകൻ. മഞ്ഞലയിൽ മുങ്ങിതോർത്തി വന്ന് മലയാള സിനിമയെ അനുരാഗഗാനം പോലെ മധുരമൂറുന്ന പൂവും പ്രസാദവുമേകിയ ഭാവഗാനങ്ങളാൽ അനുഗ്രഹിച്ചു. കേരനിരകളാടുന്ന മലയാളക്കരയിൽ അനുഭവതരളിതമായ ദിവ്യാനുഭൂതി പകർന്ന ഗാനങ്ങൾ മലയാള ഭാഷയ്ക്ക് മാദകഭംഗിയേകി മലർമന്ദഹാസം വിടർത്തിയപ്പോൾ ജയചന്ദ്രൻ പകരക്കാരനില്ലാത്ത സ്വരമാധുരിയിലൂടെ എല്ലാവിഭാഗം ആസ്വാദകരെയും കീഴ്പ്പെടുത്തി. വരികൾ അക്ഷരസ്ഫുടതയോടെ പാടുമ്പോൾ അംഗവിക്ഷേപങ്ങളോ അമിതഭാവമോ ഇല്ലാതെ വൈകാരികഭാവങ്ങൾ ഭാവഗാംഭീര്യത്തോടെ അവതരിപ്പിക്കുന്ന അദ്ദേഹം പ്രേംനസീർ മുതൽ പുതുതലമുറ നായകന്മാർക്ക് വരെ സ്വരശബ്ദമേകി. നിത്യഹരിത നായകനായി ജ്വലിച്ചു നിന്ന പ്രേംനസീറിന്റെ ശബ്ദത്തിനു സമാനമായ ഗാനങ്ങളിലൂടെ യേശുദാസ് മലയാളക്കരയിൽ അദ്ഭുതങ്ങൾ സൃഷ്ടിച്ചപ്പോൾ നസീറിന്റെയും സത്യന്റെയും പ്രത്യേകതയാർന്ന സംഭാഷണങ്ങളുമായി ജയചന്ദ്രന്റെ ശാരീരവും ഇഴുകിച്ചേർന്നു. സിനിമ സംഗീതത്തിൽ കഴിഞ്ഞ ആറു പതിറ്റാണ്ടായി പകരം വയ്ക്കാനില്ലാത്ത ശബ്ദത്തിനുടമയായി, മലയാളിയെ വിസ്മയിപ്പിച്ച ഗായകനായി അദ്ദേഹം മാറി.
വിദ്യാർത്ഥിയായിരിക്കുമ്പോഴേ കഥകളി, മൃദംഗം ചെണ്ടവായന, പൂരം, പാഠകം, ചാക്യാർകൂത്ത് എന്നിവയിൽ താത്പര്യമുണ്ടായിരുന്ന ജയചന്ദ്രൻ സ്കൂൾ തലത്തിൽ ലളിതസംഗീതത്തിലും മൃദംഗവാദനത്തിലും നിരവധി സമ്മാനങ്ങൾ നേടി. 1958ലെ യുവജനോത്സവത്തിൽ ലളിതസംഗീതത്തിനും മൃദംഗത്തിനും ഒന്നാം സമ്മാനം കരസ്ഥമാക്കിയ ജയചന്ദ്രൻ, അന്ന് ശാസ്ത്രീയസംഗീതത്തിൽ ഒന്നാം സ്ഥാനക്കാരനായിരുന്ന യേശുദാസുമൊത്ത് യുവജനോത്സവ വേദിയിൽ നടത്തിയ പ്രകടനം പിൽക്കാലത്ത് ഇരുവരും സംഗീതരംഗത്ത് മുടിചൂടാമന്നന്മാരായതോടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ജോലി അന്വേഷിച്ച് മദ്രാസിൽ
1965ൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്ന് സമ്പാദിച്ച ഡിഗ്രിയുമായി ജോലിയന്വേഷിച്ചാണ് മഹാനഗരമായ മദ്രാസിലെത്തുന്നത്. പിന്നണി ഗായകനായി വളർന്നുകൊണ്ടിരുന്ന യേശുദാസിന്റെ സുഹൃത്തായിരുന്ന ജ്യേഷ്ഠൻ സുധാകരൻ വഴിയാണ് ജയചന്ദ്രൻ സിനിമ ഗാനരംഗവുമായി ബന്ധപ്പെടുന്നത്. 1965ൽ 'കുഞ്ഞാലിമരയ്ക്കാർ" എന്ന സിനിമയിൽ പി.ഭാസ്കരന്റെ രചനയിലുള്ള 'ഒരുമുല്ലപ്പൂമാലയുമായ്" എന്ന ഗാനം ബി.എ.ചിദംബരനാഥിന്റെ സംഗീതത്തിൽ പാടാൻ അവസരം ലഭിച്ചു. ആ ചിത്രം പുറത്തുവരും മുമ്പേ മദ്രാസിൽ നടന്ന ഒരു ഗാനമേളയിൽ ജയചന്ദ്രൻ പാടിയ പാട്ടുകൾ പ്രശസ്ത സംവിധായകനായിരുന്ന എ.വിൻസന്റിന്റെ ശ്രദ്ധയിൽപ്പെട്ടു. വിൻസന്റിന്റെ ശുപാർശ പ്രകാരം സംഗീത സംവിധായകൻ ജി.ദേവരാജൻ മാസ്റ്റർ ഒരു ഗാനം പാടിച്ചു. 'കളിത്തോഴൻ" എന്ന ചിത്രത്തിലെ 'മഞ്ഞലയിൽ മുങ്ങിത്തോർത്തി" ആയിരുന്നു അത്. 1967ൽ പുറത്തിറങ്ങിയ സിനിമയിലെ ഗാനം 'തിരുവാഭരണം ചാർത്തി വിടർന്ന"പോലെ ജയചന്ദ്രന്റെ തലവര മാറ്റിയെഴുതി. ആദ്യഗാനം തന്നെ ഹിറ്റായതോടെ മലയാളസിനിമയിൽ യേശുദാസിനൊപ്പം മറ്റൊരു ഗായകൻ കൂടി പിറവിയെടുക്കുകയായിരുന്നു. പരസ്പരം സാമ്യവുമില്ലാതിരുന്ന ജയചന്ദ്രന്റെയും യേശുദാസിന്റെയും ശബ്ദങ്ങൾ രണ്ട് വ്യത്യസ്ഥ നദികൾ പോലെ നാദവിസ്മയമായൊഴുകി. ആദ്യഗാനം മുതൽ ഹിറ്റ് ഗാനങ്ങളുടെ അനുസ്യൂത പ്രവാഹമുണ്ടായപ്പോൾ അയത്നലളിതവും ഭാവസുന്ദരവുമായ ആലാപനശൈലിയാൽ മലയാള സിനിമയിലെ ഭാവഗായകനായി മാറുകയായിരുന്നു ജയചന്ദ്രൻ.
15,000ലേറെ ഗാനങ്ങൾ
ഏഴോ എട്ടോ തലമുറയിലെ ചലച്ചിത്ര ഗാനങ്ങൾ, ഗാനരചയിതാക്കൾ, സംഗീത സംവിധായകർ, സഹ ഗായികമാർ എന്നിവർക്കൊപ്പം ഇഴുകിച്ചേർന്ന പിന്നണി സ്വരമെന്ന അദ്ഭുതത്തിനുടമയായി. ജി.ദേവരാജൻ, കെ.രാഘവൻ, എം.എസ്.ബാബുരാജ്, വി.ദക്ഷിണാമൂർത്തി, എം.കെ.അർജുനൻ, എം.ബി.ശ്രീനിവാസൻ, എം.എസ്.വിശ്വനാഥൻ, സലിൽചൗധരി, ശ്യാം, കെ.ജെ.ജോയ്, എ.ടി.ഉമ്മർ, ജോൺസൺ, രവീന്ദ്രൻ, ബോംബെ രവി, വിദ്യാസാഗർ, ഇളയരാജ, എം.ജയച്ചന്ദ്രൻ, ബിജിബാൽ തുടങ്ങി ഒട്ടുമിക്ക സംഗീതസംവിധായകരുടെയും ഈണങ്ങളിൽ ജയചന്ദ്രൻ പാടി. വിവിധ ഭാഷകളിലെ സിനിമ ഗാനങ്ങൾ, ലളിതഗാനങ്ങൾ, ഭക്തിഗാനങ്ങൾ, ആൽബം തുടങ്ങി 15,000ത്തിലേറെ ഗാനങ്ങൾ ആലപിച്ചു. അവയിൽ ഒട്ടുമിക്കതും ആസ്വാദകരുടെ ചുണ്ടിൽ തത്തിക്കളിക്കുന്ന ഹിറ്റുകൾ.
'മഞ്ഞലയിൽ മുങ്ങിതോർത്തി' (കളിത്തോഴൻ),'മധുചന്ദ്രികയുടെ ചായത്തളികയിൽ' (അനാഛാദനം), 'അനുരാഗഗാനം പോലെ' (ഉദ്യോഗസ്ഥ), 'പൂവും പ്രസാദവും' (തോക്കുകൾ കഥപറയുന്നു), 'കരിമുകിൽ കാട്ടിലെ' (കള്ളിച്ചെല്ലമ്മ), 'യദുകുല രതിദേവനെവിടെ' (റസ്റ്റ് ഹൗസ്- എസ്.ജാനകിയോടൊപ്പം), 'നിൻപദങ്ങളിൽ നൃത്തമാടിടും' (നാഴികക്കല്ല്), 'നുണക്കുഴിക്കവിളിൽ' (താര), 'നിൻമണിയറയിലെ' (സി.ഐ.ഡി നസീർ), ഹർഷബാഷ്പം തൂകി' (മുത്തശ്ശി), 'ഏകാന്തപഥികൻ ഞാൻ' (ഉമ്മാച്ചു). 'സന്ധ്യക്കെന്തിന് സിന്ദൂരം' (മായ), 'മല്ലികാ ബാണൻ തന്റെ വില്ലെടുത്തു' (അച്ചാണി- മാധുരിയോടൊപ്പം), 'മുത്തുകിലുങ്ങി മണി മുത്ത് കിലുങ്ങി' (അജ്ഞാതവാസം), 'നീലഗിരിയുടെ സഖികളേ' (പണിതീരാത്ത വീട്), ചന്ദനത്തിൽ കടഞ്ഞെടുത്തൊരു' (ശാസ്ത്രം ജയിച്ചു, മനുഷ്യൻ തോറ്റു), 'മല്ലികപ്പൂവിൻ മധുരഗന്ധം' (ഹണിമൂൺ) 'റംസാനിലെ ചന്ദ്രികയോ' (ആലിബാബയും 41 കള്ളന്മാരും), 'രാഗം ശ്രീരാഗം' (ബന്ധനം), 'ആയിരം മാതളപൂക്കൾ' (അനുപല്ലവി). ശരദിന്ദു മലർദീപ നാളം' (ഉൾക്കടൽ), 'മൃദുലേ ഇതാ ഒരു ഭാവ ഗീതമിതാ' (ധീര), 'പ്രായം നമ്മിൽ മോഹം നൽകി' (നിറം), 'അറിയാതെ അറിയാതെ' (രാവണപ്രഭു), 'ആലിലത്താലിയുമായ് വരൂ നീ' (മിഴി രണ്ടിലും), 'കേരനിരകളാടും' (ജലോത്സവം), 'ശാരദാംബരം ചാരുചന്ദ്രിക' (എന്ന് നിന്റെ മൊയ്തീൻ) തുടങ്ങിയവ അദ്ദേഹത്തിന്റെ സൂപ്പർഹിറ്റ് ഗാനങ്ങളിൽ ചിലത് മാത്രം. 'ഒന്നിനി ശ്രുതിതാഴ്ത്തി പാടുക പൂങ്കുയിലേ..' സ്മൃതിതൻ ചിറകിലേറി ഞാനെൻ..' എന്നീ ലളിതഗാനങ്ങളും സൂപ്പർഹിറ്റുകളാണ്.
'മണിപ്പയൽ' (1973) എന്ന ചിത്രത്തിലെ 'തങ്കച്ചിമിഴ് പോൽ' എന്ന ഗാനത്തിലൂടെയാണ് അദ്ദേഹം തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്നുള്ള ഒരു ദശാബ്ദക്കാലം ജയചന്ദ്രന്റെ സുവർണ കാലഘട്ടമായിരുന്നു. ടി.എം സൗന്ദർ രാജൻ, യേശുദാസ്, എസ്.പി ബാലസുബ്രഹ്മണ്യം, മലേഷ്യ വാസുദേവൻ തുടങ്ങിയ ഗായകർക്കൊപ്പം സ്വന്തമായ ഒരിടം ജയചന്ദ്രൻ സൃഷ്ടിച്ചെടുത്തു. 'പൊന്നെന്ന പൂവെന്ന കണ്ണെ' (അലൈകൾ) എന്ന ഗാനം തമിഴിൽ വലിയ സ്വീകാര്യത നേടിക്കൊടുത്തു. കെ.ബാലചന്ദറിന്റെ 'മൂൻട്ര് മുടിച്ച്' എന്ന ചിത്രത്തിൽ വാണിജയറാമിനൊപ്പം പാടിയ 'ആടിവെള്ളി തേടി ഉന്നൈ', 'വസന്തകാലനദികളിലേ..'നാൻ രാമനൈ പോൽ ഒരു അവതാരം' (ആസൈക്കു വയസ്സില്ലൈ), 'തിരുമുരുകൻ അരികിനിലേ വള്ളിക്കുറത്തി' (മേയർ മീനാക്ഷി), 'പാലാഭിഷേകം സെയ്യവോ' (മുത്താന മുത്തല്ലവോ), 'മഴൈക്കാലമും പനിക്കാലമും (സാവിത്രി), 'കവിതൈ അരങ്കേറും നേരം' (അന്ത ഏഴു നാൾകൾ) തുടങ്ങിയവയെല്ലാം അദ്ദേഹത്തിന്റെ മികച്ച ഗാനങ്ങളാണ്. എ ആർ റഹ്മാന്റെ സംഗീത സംവിധാനത്തിൽ 2008 ൽപുറത്തിറങ്ങിയ ഹിന്ദി ചിത്രത്തിലെ അൽകായാഗ്നിക്കിനൊപ്പം പാടിയ "മിലോ വഹാം വഹാം" എന്ന ഗാനമാണ് അദ്ദേഹത്തിന്റെ ആദ്യ ഹിന്ദി ഗാനം.
1985 ൽ മികച്ച ഗായകനുള്ള ദേശീയചലച്ചിത്രപുരസ്കാരം ജയച്ചന്ദ്രന് ലഭിച്ചു. പി.എ ബക്കർ സംവിധാനം ചെയ്ത "ശ്രീനാരായണ ഗുരു" എന്ന സിനിമയിൽ ജി. ദേവരാജൻ ഈണം പകർന്ന "ശിവശങ്കര സർവ്വശരണ്യവിഭോ" എന്ന ഗാനത്തിനായിരുന്നു അവാർഡ്.
മികച്ച ഗായകനുള്ള സംസ്ഥാന പുരസ്കാരം അഞ്ചുതവണ ലഭിച്ചിട്ടുണ്ട്.
1972 ൽ "പണിതീരാത്ത വീട്" എന്ന സിനിമയിലെ "സുപ്രഭാതം" എന്നഗാനം, 1978 ൽ "ബന്ധനം" എന്ന സിനിമയിലെ "രാഗം ശ്രീരാഗം" എന്നഗാനം, 1999ൽ "നിറ"ത്തിലെ "പ്രായം നമ്മിൽ മോഹം നൽകി" എന്ന ഗാനം, 2004 ൽ "നീയൊരു പുഴയായ് തഴുകുമ്പോൾ ഞാൻ" എന്ന"തിളക്ക"ത്തിലെ ഗാനത്തിനും പുരസ്കാരം ലഭിച്ചപ്പോൾ 2015 ൽ ജിലേബി, എന്നും എപ്പോഴും, എന്നു നിന്റെ മൊയ്തീൻ" എന്നീ സിനിമകളിലെ യഥാക്രമം "ഞാനൊരു മലയാളി", "മലർവാകക്കൊമ്പത്ത്", "ശാരദാംബരം" എന്നീ ഗാനങ്ങൾക്ക് ഒന്നാകെയും മികച്ച ഗായകനായി പി.ജയചന്ദ്രൻ സംസ്ഥാന അവാർഡ് നേടി.
1994ൽ "കിഴക്കുശീമയിലേ" എന്ന ചിത്രത്തിലെ "കത്താഴൻ കാട്ടുവഴി" എന്ന എ.ആർ റഹ്മാൻ ഗാനത്തിന് തമിഴ്നാട് സർക്കാരിന്റെ മികച്ച ഗായകനുള്ള പുരസ്കാരം ജയചന്ദ്രന് ലഭിച്ചു. 1997ൽ സിനിമാഗാനരംഗത്തെ 30 വർഷത്തെ പ്രവർത്തനസാന്നിദ്ധ്യത്തിന് തമിഴ്നാട് സർക്കാർ കലാകാരന്മാർക്കുള്ള സമുന്നത അംഗീകാരമായ "കലൈമാമണി പുരസ്കാരം" നൽകി ആദരിച്ചു.
1999, 2001 വർഷങ്ങളിലെ ഏഷ്യാനെറ്റ് ഫിലിം അവാർഡുകൾ, 2000ലെ സ്വരലയ കൈരളി യേശുദാസ് പുരസ്കാരം, 2014ലെ ഹരിവരാസനം അവാർഡ്, 2015ലെകേരള ഫിലിം ക്രിട്ടിക്സ് അവാർഡ്, 2017ലെ മഴവിൽ മാംഗോ മ്യൂസിക് അവാർഡ് തുടങ്ങി ധാരാളം പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ജയച്ചന്ദ്രന്റെ ഹിറ്റ് ഗാനങ്ങൾ ബോക്സ്
1. 'ഇനിയും പുഴയൊഴുകും..' (അഗ്നിപുത്രി)
2. 'ഒരു മുല്ലപ്പൂ മാലയുമായ്.. '(കുഞ്ഞാലി മരയ്ക്കാർ)
3. 'മരുഭൂമിയിൽ മലർ വിരിയുകയോ..' (ഭാര്യമാർ സൂക്ഷിക്കുക)
4. 'മന്മഥനാം ചിത്രകാരൻ..' (ലക്ഷപ്രഭു)
5. 'നഷ്ടപ്പെടുവാൻ വിലങ്ങുകൾ..' (തുലാഭാരം)
6. 'വാർതിങ്കൾ കണിവയ്ക്കും രാവിൽ..' (വിദ്യാർത്ഥി)
7. 'പിന്നെയുമിണക്കുയിൽ പിണങ്ങിയല്ലോ..' (ആൽമരം)
8. 'ഇന്ദുമുഖീ ഇന്ദുമുഖീ...' (അടിമകൾ)
9. 'അശ്വതി നക്ഷത്രമേ..' (ഡേയ്ഞ്ചർ ബിസ്ക്കറ്റ്)
10. 'തുള്ളിയോടും പുള്ളിമാനേ നില്ല്..' (കണ്ണൂർ ഡീലക്സ്)
11. പൂർണേന്ദുമുഖിയോടമ്പലത്തിൽ..' (കുരുക്ഷേത്രം)
12. 'ശ്രീനഗരത്തിലെ ചിത്രവനത്തിലെ..' (നിലയ്ക്കാത്ത ചലനങ്ങൾ)
13. 'മലരമ്പനറിഞ്ഞില്ല..' (രക്തപുഷ്പം)
14. 'സീതാദേവി സ്വയംവരം ചെയ്തത്..' (വാഴ്വേമായം)
15. 'തിരുവാഭരണം ചാർത്തിവിടർന്നു..' (ലങ്കാദഹനം)
16. 'കളിയും ചിരിയും മാറി..' (വിലയ്ക്ക് വാങ്ങിയ വീണ)
17. 'മലരമ്പനെഴുതിയ മലയാള കവിതേ..' (മന്ത്രകോടി)
18. നെഞ്ചം നിനക്കൊരു മഞ്ചം..' (മറവിൽ തിരിവ് സൂക്ഷിക്കുക)
19. 'അറബിക്കടലിളകി വരുന്നു..' (മന്ത്രകോടി)
20. 'മണിവർണനില്ലാത്ത വൃന്ദാവനം..' (മിസ് മേരി)
21. 'കാമശാസ്ത്രമെഴുതിയ മുനിയുടെ..' (പുനർജന്മം)
22. 'അമ്മയല്ലാതൊരു ദൈവമുണ്ടോ..' (സംഭവാമി യുഗേയുഗേ)
23. 'ഇഷ്ടപ്രാണേശ്വരീ..' (ചുക്ക്)
24. 'മംഗലാം കാവിലെ മായാഗൗരിക്ക്..' (ധർമ്മയുദ്ധം)
25. 'സ്വർണഗോപുര നർത്തകീ ശില്പം..' (ദിവ്യദർശനം)
26. 'രൂപവതീ നിൻ രുചിരാധരമൊരു..' (കാലചക്രം)
27. 'മുത്തുച്ചിപ്പി തുറന്നു..' (ലേഡീസ് ഹോസ്റ്റൽ)
28. 'മാനത്തുകണ്ണികൾ മയങ്ങും കയങ്ങൾ..' (മാധവിക്കുട്ടി)
29. 'നക്ഷത്രമണ്ഡല നടതുറന്നു..' (പഞ്ചവടി)
30. 'മലയാളഭാഷതൻ മാദകഭംഗി നിൻ..' (പ്രേതങ്ങളുടെ താഴ്വര)
31. 'സ്വർണമുഖീ നിൻ സ്വപ്നസദസിൽ..' (സ്വർഗ്ഗപുത്രി)
32. 'ഉപാസന, ഉപാസന..' (തൊട്ടാവാടി)
33. 'രാജീവനയനേ നീയുറങ്ങൂ..' (ചന്ദ്രകാന്തം)
34. 'സ്വപ്നലേഖേ നിന്റെ സ്വയംവര പന്തലിൽ..' (അങ്കത്തട്ട്)
35. 'കനകസിംഹാസനത്തിൽ..' (അരക്കള്ളൻ മുക്കാൽ കള്ളൻ)
36. 'ഹേമമാലിനീ...' (അയലത്തെ സുന്ദരി)
37. 'മുത്തിയമ്മ പോലെവന്ന് പുലിയെപോലെ..' (കോളേജ് ഗേൾ)
38. 'അഷ്ടപദിയിലെ നായികേ..' (ജീവിക്കാൻ മറന്നുപോയ സ്ത്രീ)
39. 'കല്ലോലിനീ..വനകല്ലോലിനീ..' (നീലക്കണ്ണുകൾ)
40. 'നന്ത്യാർവട്ട പൂവ് ചിരിച്ചു..' (പൂന്തേനരുവി)
41. 'പച്ചിലയും കത്രികയും പോലെ..' (രാജഹംസം)
42. 'സ്വാതിതിരുനാളിൻ കാമിനീ..' (സപ്തസ്വരങ്ങൾ)
43. 'കളഭചുമരു വച്ച മേട..' (അവൾ ഒരു തുടർക്കഥ)
44. 'ഇവിടമാണീശ്വര സന്നിധാനം..' (ബാബുമോൻ)
45. 'തരിവളകൾ ചേർന്ന് കിലുങ്ങി..' (ചട്ടമ്പി കല്യാണി)
46. 'തൊട്ടേനെ ഞാൻ മനസുകൊണ്ട്..' (കൊട്ടാരം വിൽക്കാനുണ്ട്.)
47. 'ശില്പികൾ നമ്മൾ, ഭാരത ശില്പികൾ നമ്മൾ..' (പിക്നിക്)
48. 'നിശാസുരഭികൾ വസന്തസേനകൾ..' (രാസലീല)
49. 'ചന്ദ്രോദയം കണ്ട് കൈകൂപ്പി നിൽക്കും..' (സിന്ധു)
50. 'രാമൻ ശ്രീരാമൻ ...' (അയോദ്ധ്യ)
51. 'കണ്ണുനീരിനും ടാറ്റ..' (കാമധേനു)
52. 'ആറന്മുള ഭഗവാന്റെ..' (മോഹിനിയാട്ടം)
53. 'വന്നാട്ടെ ഓ മൈഡിയർ ബട്ടർഫ്ളൈ..' (പഞ്ചമി)
54. 'സ്വപ്നഹാരമണിഞ്ഞെത്തും..' (പിക്പോക്കറ്റ്)
55. 'ചക്കിക്കൊത്തൊരു ചങ്കരൻ..' (അച്ചാരം അമ്മിണി ഓശാരം ഓമന)
56. 'പൊന്നിൻകട്ടയാണെന്നാലും..' (കണ്ണപ്പനുണ്ണി)
57. 'ഹൃദയേശ്വരീ നിൻ നെടുവീർപ്പിൽ..' (പഞ്ചാമൃതം)
58. 'പൊന്നുഷസിൻ ഉപവനങ്ങൾ പൂവിടും..' (വിഷുക്കണി)
59. 'ചാലക്കമ്പോളത്തിൽ വച്ച്..' (ജയിക്കാനായ് ജനിച്ചവൻ)
60. 'കാറ്റിലോളങ്ങൾ കെസ്സ് പാടും..' (കാത്തിരുന്ന നിമിഷം)
61. 'മുല്ലപ്പൂ മണമോ ..നിൻദേഹ ഗന്ധം..' (മുക്കുവനെ സ്നേഹിച്ച ഭൂതം)
62. 'കാലം..കുഞ്ഞുമനസ്സിൽ ചായം പൂശി..' (രതിനിർവേദം)
63. 'ആറാട്ട് കടവിൽ അന്നുരാവിൽ..' (പുതിയ വെളിച്ചം)
64. 'കാട്ടുക്കുറിഞ്ഞി പൂവും ചൂടി..' (രാധ എന്ന പെൺകുട്ടി)
65. 'ചന്ദശിലകളിലമ്പിളി...' (ശക്തി)
66. 'പലിശക്കാരൻ പത്രോസെ..' (ബെൻസ് വാസു)
67. 'ചാം ചച്ച ചൂം ചച്ച...' (ലവ് ഇൻ സിംഗപ്പൂർ)
68. 'ആകാശം നിറയെ ദീപാവലി..' (ഇതിഹാസം)
69. 'വളകിലുക്കം കേൾക്കണല്ലോ..' (സ്ഫോടനം)
70. 'ഗ്രാമ്പൂ മണം തൂകും കാറ്റേ..' (കാട്ടരുവി)
71. 'മോഹം.. കൊണ്ടു ഞാൻ...' (ശേഷം കാഴ്ചയിൽ)
72. 'കടത്തുതോണിക്കാരാ...' (അക്ഷരങ്ങൾ)
73. 'മൗനം പോലും മധുരം..' (സാഗരസംഗമം)
74. 'മണിമേഘ രഥമേറി..' (ജീവിതം)
75. 'വ്രീളാഭരിതയായ്.. വീണ്ടുമൊരു..' (നഖക്ഷതങ്ങൾ)
76. 'കേവല മർത്ത്യഭാഷ കേൾക്കാത്ത..' (നഖക്ഷതങ്ങൾ)
77. 'നാദങ്ങളായ് വരൂ..' (നിന്നിഷ്ടം എന്നിഷ്ടം)
78. 'തുമ്പപ്പൂക്കാറ്റിൽ താനേ ഊഞ്ഞാലാടി..' (നിന്നിഷ്ടം എന്നിഷ്ടം)
79. 'ശിവശങ്കര സർവ ശരണ്യവിഭോ..' (ശ്രീനാരായണ ഗുരു)
80. 'ഇന്നല്ലേ പുഞ്ചവയൽ..' (സംഘം)
81. 'പുലരിപൂക്കളാൽ..' (അനിയൻ ബാവ ചേട്ടൻ ബാവ)
82. 'വെള്ളാരംകിളികൾ വലംവച്ചു പറക്കും...' (മംഗല്യസൂത്രം)
83. 'ശിശിരകാല മേഘമിഥുന...' (ദേവരാഗം)
84. 'പൂവേ പൂവേ പാലപ്പൂവേ..' (ദേവദൂതൻ)
85. 'എന്തേ ഇന്നും വന്നീല...' (ഗ്രാമഫോൺ)
86. 'ഒന്നുതൊടാനുള്ളിൽ തീരാമോഹം..' (യാത്രക്കാരുടെ ശ്രദ്ധയ്ക്ക്)
87. 'സ്വയംവര ചന്ദ്രികേ...' (ക്രോണിക് ബാച്ചിലർ)
88. 'നീയൊരു പുഴയായ് തഴുകുമ്പോൾ...'(തിളക്കം)
89. 'നീ..മണിമുകിലാടകൾ...' (വെള്ളിത്തിര)
90. 'കല്ലായികടവത്തെ...' (പെരുമഴക്കാലം)
91. 'കണ്ണ് നട്ട് കാത്തിരുന്നിട്ടും...' (കഥാവശേഷൻ)
92. 'ആരാരും കാണാതെ ആരോമൽ...' (ചന്ദ്രോത്സവം)
93. 'തങ്കമനസ് അമ്മ മനസ്...' (രാപ്പകൽ)
94. 'പ്രേമിക്കുമ്പോൾ നീയും ഞാനും..' (സാൾട്ട് ആന്റ് പെപ്പർ)
95. 'പാട്ടിൽ.. ഈ പാട്ടിൽ..' (പ്രണയം)
96. 'ഓലഞ്ഞാലി കുരുവീ..' (1983)
97. 'ഞാനൊരു മലയാളി..' (ജിലേബി)
98. 'കണ്ണാടി കായലിനോളം...' (ഒരുത്തീ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |