
പാടുന്ന പാട്ടിന് സ്വന്തം ഭാവം നൽകി മികവുറ്റതാക്കുക എന്ന ധർമ്മമാണ് എപ്പോഴും പി. ജയചന്ദ്രൻ അനുഷ്ഠിച്ചത്. അതിനു പകരംവയ്ക്കാൻ മറ്റൊരാൾ ഇല്ല. ഗാനമേള വേദികളിൽ ഒരു കൊച്ചു ഡയറി ഇടതുകൈയിൽ പിടിച്ച് അനങ്ങാതെ നിന്നു പാടുന്ന ഈ ഗായകന്റെ രൂപം എല്ലാ മലയാളികളുടെയും മനസ്സിൽ നിശ്ചല ചിത്രംപോലെ പതിഞ്ഞിരിപ്പുണ്ട്.
പാലിയത്ത് ജയൻകുട്ടനിൽ നിന്നു പി. ജയചന്ദ്രനിലേക്കുള്ള വളർച്ച അത്ര ചെറുതല്ല. കുടുംബ നാമമായ പാലിയത്ത് ചുരുങ്ങി പിയായും ജയൻകുട്ടൻ എന്ന യഥാർത്ഥ പേര് സ്വല്പം പരിഷ്കരിച്ച് ജയചന്ദ്രനായും മാറിയപ്പോൾ മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഭാവഗായകനായി അവരോധിക്കപ്പെടാനുള്ള ഭാഗ്യമാണ് അദ്ദേഹത്തിന് കൈവന്നത്. ചലച്ചിത്ര പിന്നണി ഗായകൻ പി. ജയചന്ദ്രൻ ജീവിതകഥ പറഞ്ഞുതുടങ്ങുമ്പോൾ ഈ പേരുമാറ്റവും മറ്റും നാം തിരിച്ചറിയേണ്ടതുണ്ട്. ആലുവ സെന്റ് മേരീസ് ഹൈസ്കൂളിൽ അഞ്ചാംക്ളാസിൽ പഠിക്കുമ്പോഴാണ് അദ്ദേഹത്തിന് സംഗീതത്തോടുള്ള അടുപ്പം തോന്നിത്തുടങ്ങിയത്. അവിടെ ആ ഹൈസ്കൂളിന് അടുത്തുള്ള സെന്റ് ഡൊമിനിക് പള്ളിയിൽ ഭക്തിഗാനങ്ങൾ പാടാൻ അവസരം ലഭിച്ചത് വലിയ അനുഗ്രഹമായി. അക്കാലത്ത് മൃദംഗത്തോടുമുണ്ടായിരുന്നു ജയചന്ദ്രന് താത്പര്യം. മകന്റെ ആ അഭിരുചി മനസ്സിലാക്കിയ അമ്മ രാമസുബയ്യർ എന്ന ഗുരുവിനെ അത് പഠിപ്പിക്കാൻ ഏർപ്പാട് ചെയ്തു. അങ്ങനെ പാട്ടും മൃദംഗ വായനയും ഒരുമിച്ച് കൊണ്ടുനടന്നു ആ കാെച്ചു കലാകാരൻ.
ഇരിങ്ങാലക്കുടയിൽ താമസമാക്കിയതോടെ അവിടെ നാഷണൽ ഹൈസ്കൂളിലായി ജയചന്ദ്രന്റെ എട്ടാംക്ളാസ് പഠനം. സംസ്കാരത്തിന്റെ ഈറ്റില്ലമായ തൃശൂർ കലാവാസനയുള്ള അദ്ദേഹത്തിന് വളക്കൂറുള്ള മണ്ണായി മാറി. കഥകളി, പൂരം, പാഠകം, ചാക്യാർകൂത്ത് എന്നിവയോടെല്ലാം പ്രതിപത്തി തോന്നാൻ കാരണവും അവിടത്തെ വാസമാണ്. ചെണ്ടപ്പുറത്ത് കോലുവീണാൽ സകലതും മറന്നു അവിടെ നിന്നുപോകുന്ന അദ്ദേഹം ക്രമേണ മൃദംഗത്തോടൊപ്പം ചെണ്ടവായനയും സ്വന്തമാക്കി. ഇത്രയൊക്കെ താളബോധമുള്ള ഒരാൾ എന്തേ ശാസ്ത്രീയ സംഗീതപഠനത്തിനും മുതിർന്നില്ല എന്ന ചോദ്യം അന്നുമിന്നും പ്രസക്തമാണ്. അത് ചിട്ടയോടെ പഠിക്കാനുള്ള ക്ഷമയില്ലായിരുന്നു എന്നാണ് അതിന് അദ്ദേഹം നൽകുന്ന ഉത്തരം. ശാസ്ത്രീയ സംഗീതത്തിൽ പയറ്റിത്തെളിഞ്ഞില്ലെങ്കിലും ലളിത സംഗീതത്തിൽ അദ്ദേഹം ശ്രദ്ധയൂന്നി. ശാസ്ത്രീയ രംഗത്ത് ആധിപത്യം സ്ഥാപിച്ചവരെക്കാൾ ഭാവോന്മീലനത്തോടെ പാടാൻ തനിക്ക് കഴിയുമെന്ന് അദ്ദേഹം തെളിയിക്കുകയും ചെയ്തു.
1958-ൽ നടന്ന സംസ്ഥാന യുവജനോത്സവത്തിൽ മൃദംഗം വായനയിൽ ജയചന്ദ്രന് ആയിരുന്നു ഒന്നാംസ്ഥാനം. എന്നാൽ ശാസ്ത്രീയ സംഗീതത്തിൽ രണ്ടാംസ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു ആ സ്കൂൾ വിദ്യാർത്ഥിക്ക്. അന്ന് ശാസ്ത്രീയ സംഗീതത്തിൽ ഒന്നാംസ്ഥാനക്കാരൻ യേശുദാസായിരുന്നു. പില്ക്കാലത്ത് ഒരേ രംഗത്ത് പ്രവർത്തിച്ച ഗായകരുടെ ആദ്യത്തെ കൂടിക്കാഴ്ചയായിരുന്നു അത്. ഇരിങ്ങാലക്കുട ക്രിസ്റ്റ്യൻ കോളേജിൽനിന്ന് ജന്തുശാസ്ത്രത്തിൽ ബിരുദം നേടിയ ജയചന്ദ്രൻ ഒരു ജോലി തരപ്പെടുത്താനും കഴിയുമെങ്കിൽ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് ഒന്നു കയറിപ്പറ്റാനുമായി മദിരാശിയിലേക്ക് വണ്ടി കയറി. അന്ന് ഗാനമേളയായിരുന്നു അദ്ദേഹത്തിന് ജീവിക്കാനുള്ള മാർഗം.
ഒരിക്കൽ ജയചന്ദ്രന്റെ ഗാനമേള കേട്ട ചലച്ചിത്ര നിർമ്മാതാവായ ശോഭന പരമേശ്വരൻ നായർ ആ ഗായകനെ പ്രത്യേകം ശ്രദ്ധിച്ചു. കുഞ്ഞാലിമരയ്ക്കാർ എന്ന ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ മുഴുകിയിരുന്ന ടി.കെ. പരീക്കുട്ടിയോട് പുതിയ ഗായകന്റെ കാര്യംപറഞ്ഞു. ബി.എ. ചിദംബരനാഥായിരുന്നു ആ ചിത്രത്തിന്റെ സംഗീതസംവിധായകൻ. പാടാനെത്തിയ ജയചന്ദ്രൻ സ്റ്റുഡിയോയും അവിടെ അങ്ങിങ്ങു നിൽക്കുന്ന ആൾക്കാരെയും ഗായിക എസ്. ജാനകിയെയും ഒക്കെകണ്ട് ഭയന്ന് ഒറ്റദിവസത്തെ റിഹേഴ്സൽ പൂർത്തിയാക്കി അക്ഷരാർത്ഥത്തിൽത്തന്നെ മുങ്ങിക്കളഞ്ഞു. അടുത്തദിവസം ഗായകനെ കാണാതായപ്പോൾ ശോഭന പരമേശ്വരൻ നായർ ജയചന്ദ്രന്റെ താമസസ്ഥലത്തെത്തി. ഒപ്പം പോകാൻ വിമുഖത കാട്ടിയ ഗായകനെ ഏറെ നിർബന്ധിച്ച് അദ്ദേഹം കൂട്ടിക്കൊണ്ടുപോയി. അന്ന് സ്റ്റുഡിയോയിലെത്തി ജയചന്ദ്രൻ പാടി:
'' ഒരു മുല്ലപ്പൂമാലയുമായ് നീന്തി നീന്തിനീന്തി വന്നേ
ഒന്നാംകടലിൽ മുങ്ങാംകുഴിയിട്ടൊന്നാം തിരമാല""
ഇത് അദ്ദേഹം പാടിക്കഴിഞ്ഞപ്പോൾ സ്റ്റുഡിയോയിലെ എല്ലാവരുടെയും മുഖത്ത് പൂർണ തൃപ്തി കളിയാടി. പക്ഷേ ഗായകന്റെ കാത്തിരിപ്പ് നീണ്ടു. പല കാരണങ്ങളാൽ പടത്തിന്റെ പ്രദർശനം നീണ്ടുപോയി. പിന്നേയും ഗാനമേള തന്നെയായിരുന്നു അദ്ദേഹത്തിന് ശരണം. ഗാനമേള സദസിന്റെ മുൻനിരയിൽ സ്ഥാനംപിടിച്ച സംവിധായകൻ എ. വിൻസന്റിന് ജയചന്ദ്രൻ എന്ന ഗായകന്റെ ശബ്ദം മാത്രമല്ല ആലാപനരീതിയും ഇഷ്ടപ്പെട്ടു. അദ്ദേഹം ഗായകന്റെ കാര്യം സംഗീത സംവിധായകനായ ജി. ദേവരാജന്റെ ശ്രദ്ധയിൽ കൊണ്ടുവന്നു. വിൻസന്റിന്റെ നിർദ്ദേശാനുസരണം ജി. ദേവരാജനെ ചെന്നുകണ്ട ഗായകനോട് സംഗീത സംവിധായകന്റെ ആദ്യത്തെ ചോദ്യം ഇതായിരുന്നു: '' ശാസ്ത്രീയ സംഗീതം പഠിച്ചിട്ടുണ്ടോ?"" ഇല്ല എന്ന സത്യം പറഞ്ഞതോടെ ഉടനെ സ്ഥലം വിട്ടോളാനായിരുന്നു ആജ്ഞ.
ദിവസങ്ങൾ നീണ്ടു. മനസ്സിൽ ഏറെ ആരാധനയോടെ കണ്ട ദേവരാജന്റെ പാട്ട് പാടണമെന്ന മോഹം ജയചന്ദ്രൻ എന്നെന്നേക്കുമായി ഉപേക്ഷിച്ചു. അങ്ങനെ കഴിയുമ്പോൾ പെട്ടെന്നൊരുദിവസം ഒരു പ്രത്യേക ദൂതൻ ഗായകന്റെ താമസസ്ഥലത്തുചെന്നു. വീണ്ടും ദേവരാജന്റെ മുന്നിലേക്ക്.
'' മഞ്ഞലയിൽ മുങ്ങിത്തോർത്തി
ധനുമാസ ചന്ദ്രികവന്നു
നിന്നെ മാത്രം കണ്ടില്ലല്ലോ
നീ മാത്രം വന്നില്ലല്ലോ
പ്രേമചകോരി ചകോരി ചകോരി""
ദേവരാജന് ഏറെ പ്രിയപ്പെട്ട മോഹനരാഗത്തിൽ ചിട്ടപ്പെടുത്തിയ ഈ ഗാനം ''
കളിത്തോഴൻ"" എന്ന ചിത്രത്തിനുവേണ്ടിയാണ് ജയചന്ദ്രന്റെ ശബ്ദത്തിൽ ആലേഖനം ചെയ്തത്. അന്ന് സ്റ്റുഡിയോയിൽ അത് കേട്ടുനിന്നവർക്കെല്ലാം ഒരുകാര്യം ഉറപ്പായി. ഈ ഗായകൻ രംഗം കീഴടക്കും. പില്ക്കാലത്ത് ഈ ഗാനം അദ്ദേഹിന്റെ മാസ്റ്റർപീസായി മാറിയതും രംഗം കീഴടക്കുക എന്ന നിയോഗം അങ്ങനെ തന്നെ സംഭവിച്ചതും ചരിത്രം. (കളിത്തോഴൻ പുറത്തുവന്ന് പതിനൊന്നു മാസങ്ങൾക്കുശേഷമാണ് കുഞ്ഞാലിമരയ്ക്കാർ പ്രദർശനശാലകളിൽ എത്തിയത്. അതിനാൽ പി. ജയചന്ദ്രന്റെ പ്രഥമ ചലച്ചിത്രഗാനം ഏറെ പരിഗണന സ്വാഭാവികമായും ''മഞ്ഞലയിൽ മുങ്ങിത്തോർത്തി ""ക്ക് വന്നുചേർന്നു.)
അതിനുശേേം ഈ ഗായകന് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല.
ദേശീയ പുരസ്കാരം
'ശ്രീനാരായണഗുരു" എന്ന ചിത്രത്തിലെ '' ശിവശങ്കര സർവ ശരണ്യ വിഭോ"" എന്ന ഗാനത്തിന് 1985 ലെ മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരം പി. ജയചന്ദ്രൻ നേടി. അഞ്ചുതവണ സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും അദ്ദേഹത്തിനായിരുന്നു. അക്കൂട്ടത്തിൽ "പണിതീരാത്ത വീടി"ലെ '' സുപ്രഭാതം "" പാടിയതിനായിരുന്നു ആദ്യത്തെ അംഗീകാരം. ആ ഗാനം അദ്ദേഹത്തിന് പാടാൻ സാധിച്ചത് ഒരു നിമിത്തമായിരുന്നു. കെ.എസ്. സേതുമാധവനും ജി. ദേവരാജനും അത്ര സ്വരച്ചേർച്ചയിൽ അല്ലാതിരുന്നതിനാൽ 'പണിതീരാത്ത വീടി"ന്റെ സംഗീത സംവിധായകനായി എം.എസ്. വിശ്വനാഥനെ നിശ്ചയിച്ചു. അപ്പോഴും ഉണ്ടായി മറ്റൊരു തലവേദന. എം.എസ്.വി.യും യേശുദാസുംതമ്മിൽ സൗന്ദര്യപ്പിണക്കത്തിലായിരുന്നു. അങ്ങനെ ഒരു ഗാനം പാടാൻ ജയചന്ദ്രന് നറുക്കുവീണു. അദ്ദേഹം പാടി ഒന്നാന്തരമാക്കുകയും ചെയ്തു. എന്നാൽ ആ വർഷത്തെ പുരസ്കാര നിർണയ സമിതി ഒരു വിവരക്കേട് എഴുന്നള്ളിച്ചു. യേശുദാസിനെ അംഗീകരിച്ചുകൊണ്ട് പി. ജയചന്ദ്രന് പുരസ്കാരം നൽകുന്നു എന്ന വാക്യം കൂട്ടിച്ചേർത്തു. ആ പ്രസ്താവം രണ്ട് ഗായകർക്കും അപമാനകരമാണെന്ന സത്യം നിർണയസമിതി അംഗങ്ങൾ തിരിച്ചറിയാതെ പോയി. 2020 ൽ കേരള സർക്കാർ അദ്ദേഹത്തെ ജെ.സി. ഡാനിയേൽ പുരസ്കാരം നൽകി ആദരിച്ചു. പദ്മപുരസ്കാരങ്ങളിൽ ഒന്നുപോലും അദ്ദേഹത്തിന് ലഭിച്ചില്ല എന്നത് ഈ അവസരത്തിൽ വേദനയോടെ എടുത്തുപറയേണ്ടതുണ്ട്.
പ്രിയപ്പെട്ട ഗാനങ്ങൾ
ജനപ്രിയ ഗാനങ്ങളുടെ പരമ്പര തന്നെ സൃഷ്ടിച്ചു മുന്നേറിയ ജയചന്ദ്രന്റെ പെട്ടെന്ന് ഓർമ്മവരുന്ന ചിലത് കുറിക്കാം. '' ശ്രീനഗരത്തിലെ ""(നിലയ്ക്കാത്ത ചലനങ്ങൾ). ''കാമശാസ്ത്രമെഴുതിയ"" (പുനർജന്മം), '' മലയാള ഭാഷതൻ"" (പ്രേതങ്ങളുടെ താഴ്വര), '' മാനത്തു കണ്ണികൾ"" (മാധവിക്കുട്ടി), '' കല്ലോലിനി വന കല്ലോലിനി"" (നീലക്കണ്ണുകൾ), '' അശ്വതി നക്ഷത്രമേ"" ( ഡെയിഞ്ചർ ബിസ്കറ്റ്), '' സന്ധ്യയ്ക്കെന്തിന് സിന്ദൂരം"" (മായ), ''കാവ്യ പുസ്തകമല്ലോ ജീവിതം "" (അശ്വതി), ''പൂർണേന്ദുമുഖിയോട് "" (കുരുക്ഷേത്രം), '' വെള്ളിലക്കിങ്ങിണി താഴ്വരയിൽ"" (കാക്കത്തമ്പുരാട്ടി), '' ഏകാന്ത പഥികൻ ഞാൻ"" (ഉമ്മാച്ചു), '' സുപ്രഭാതം സുപ്രഭാതം "" (പണിതീരാത്ത വീട്), '' പഞ്ചവടിയിലെ "" (ലങ്കാദഹനം), '' സ്വർണഗോപുര"" (ദിവ്യദർശനം), '' അനുരാഗ ഗാനംപോലെ"" (ഉദ്യോഗസ്ഥ), '' അമ്മയല്ലാതൊരു "" (സംഭവാമി യുഗേ യുഗേ), '' നിൻമണിയറയിലെ" " (സി.ഐ.ഡി നസീർ), '' ഉപാസന ഉപാസന "" (തൊട്ടാവാടി), '' രാഗം ശ്രീരാഗം"" (ബന്ധനം), '' ആലിലത്താലിയുമായി"" (മിഴിരണ്ടിലും), '' ഒന്നു തൊടാനുള്ളിൽ""(യാത്രക്കാരുടെ ശ്രദ്ധയ്ക്ക്), '' കല്ലായിക്കടവത്തേ"" (പെരുമഴക്കാലം), '' തങ്കമനസ്"" (രാപ്പകൽ ), '' കേര നിരകളാടും"" (ജലോത്സവം).....
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |