SignIn
Kerala Kaumudi Online
Saturday, 24 October 2026 1.41 AM IST

'കാത്തിരിപ്പിൻതിരി നേർത്തണഞ്ഞു'

f

നാലുദിവസം മുമ്പാണ് ഞാൻ അവസാനമായിട്ട് ജയേട്ടനുമായി സംസാരിക്കുന്നത്. തൃശൂർ അമല ആശുപത്രിയുടെ കിടക്കയിൽ ഇരുന്നുകൊണ്ട് ജയേട്ടൻ ‌ ‌ഡോ.ലിജോയോട് പറഞ്ഞു- 'എനിക്ക് കുട്ടനോട് സംസാരിക്കണം.'- അങ്ങനെ വീഡിയോയിലാണ് അവസാനമായി കണ്ടത്. ഞാൻ പറഞ്ഞു 'എല്ലാ ശരിയാകും ജയേട്ടാ...'. അപ്പോൾ 'ഭഗവാനേ... ഭഗവാനേ.. ഭഗവാനേ...'എന്നിങ്ങനെ പറയുന്നുണ്ട്.

ഗുരുവായൂരപ്പന്റെ വലിയ ഭക്തനാണ് ജയേട്ടൻ. എപ്പോഴും അത് പറയും. എന്തുണ്ടെങ്കിലും ഏതുണ്ടെങ്കിലും അവിടെയാണ് ആശ്രയം എന്നു പറയും. ഈയിടെ ചേട്ടൻ യാത്ര ചെയ്തത് ഗുരുവായൂരിലേക്കാണ്. എത്രയോ വർഷങ്ങൾക്കു മുമ്പ് ദൂരദർശനു വേണ്ടി 'സ്മൃതി തൻ ചിറകിലേറി' എന്നു പറയുന്ന ലളിതഗാനം റെക്കോ‌‌ർ‌ഡ് ചെയ്യുമ്പോഴാണ് ജയചന്ദ്രനെ ആദ്യമായി കാണുന്നത്. അന്നു മുതൽ ഇന്നുവരെ ജയേട്ടന്റെ കൂടെയുള്ള യാത്ര അനിർവചനീയമാണ്. എത്രയോ ദിവസങ്ങളിൽ ഒത്തകൂടി ചേട്ടൻ മുഹമ്മദ് റാഫിയുടെ പാട്ടുകളും യേശുദാസ് സാറിന്റെ പാട്ടുകളും സുശീലാമ്മയുടെ പാട്ടുകളും സ്വന്തം പാട്ടുകളും ജയേട്ടന് ഏറ്റവും ഇഷ്ടപ്പെട്ട സംഗീത സംവിധായകരായ എം.എസ്.വിശ്വനാഥൻസാറിന്റേയും ദക്ഷിണാമൂർത്തി സ്വാമിയുടേയും ദേവരാജൻ മാസ്റ്ററുടേയും ബാബുക്കയുടേയും പാട്ടുകൾ ഇങ്ങനെ പാടിത്തരും.

''മാനത്തെ മഴമുകിൽ മാലകളെ'' എന്ന് അത് എങ്ങനെയാണ് ഒർജിനലി കംപോസ് ചെയ്തത് എന്നും അത് രാഘവൻ മാസ്റ്റർ എത്ര തനിമയാർന്ന രീതിയിലാണ് ജയേട്ടന് പാടിക്കൊടുത്തത് എന്നും പാടിക്കേൾപ്പിക്കും. സംഗീത സംവിധായകൻ എന്ന എന്റെ കരിയറിൽ ഞാൻ കണ്ടിട്ടുള്ള ഏറ്റവും മികച്ച ഇതിഹാസ ഗായകരിലൊരാളണ് ജയേട്ടൻ. ഓരോ പാട്ട് പാടികഴിയുമ്പോഴും കുട്ടാ നന്നായിട്ടുണ്ട് എന്ന് പറയും. ചിലപ്പോൾ കെട്ടിപ്പിടിക്കും. ഒറ്റ എന്ന റസൂൽ പൂക്കുട്ടി സംവിധാനം ചെയ്ത ചിത്രത്തിലെ 'പെയ്നീർപോലെ...'പാട്ടിനു വേണ്ടിയാണ് അവസാനമായി ഞങ്ങൾ ഒന്നിച്ചത്. അതിന്റെ വരികളിൽ 'കാത്തിരിപ്പിൻതിരി നേർത്തണഞ്ഞു' എന്നു പറയുന്നുണ്ട്. അതുപോലെ ജയേട്ടന്റെ സ്നേഹത്തിന്റെ തിരി എനിക്കു വേണ്ടി ജയേട്ടൻ കത്തിച്ചുവച്ചിട്ടുണ്ടായിരുന്നു. ഞാനും അങ്ങനെ തന്നെ. ജയേട്ടന്റെ ശബ്ദത്തിന്റെ മാധുര്യം എന്നത് ഒരിക്കലും വേറെ ഒരാളിലും കണ്ടെത്താനാകില്ല. ആ സ്വരം നമ്മുടെ ആത്മാവിൽ തങ്ങി നിൽക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY