
അനൂപ് മേനോൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ മോഹൻലാൽ നായകൻ. പ്രണയവും വിരഹവും സംഗീതവും ചേരുന്ന റൊമാന്റിക് എന്റർടെയ്നറാണ്. ടൈം ലെസ് മൂവീസിന്റെ ബാനറിൽ അരുൺ ചന്ദ്രകുമാർ, സുജിത്ത് കെ.എസ് എന്നിവർ ചേർന്നാണ് നിർമ്മാണം. തിരുവനന്തപുരം, കൊൽക്കത്ത, ഷില്ലോംഗ് എന്നിവിടങ്ങളാണ് ലൊക്കേഷൻ. ചിത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വൈകാതെ ഉണ്ടാകും. അനൂപ് മേനോൻ ആദ്യമായി തിരക്കഥ എഴുതിയ പകൽ നക്ഷത്രങ്ങളിൽ മോഹൻലാൽആയിരുന്നു നായകൻ. ഇരുപതോളം ചിത്രങ്ങൾക്ക് തിരക്കഥ എഴുതി. 2022 ൽ റിലീസ് ചെയ്ത കിംഗ് ഫിഷ് ആണ് അനൂപ് മേനോൻ അവസാനമായി സംവിധാനം ചെയ്ത ചിത്രം. മോഹൻലാലും അനൂപ് മേനോനും നിരവധി ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
അതേസമയം സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവം എന്ന ചിത്രത്തിൽ അഭിനയിക്കുന്ന മോഹൻലാൽ അടുത്ത ദിവസം മഹേഷ് നാരായണന്റെ ചിത്രത്തിൽ ജോയിൻ ചെയ്യും. ഡൽഹിയിൽ ആണ് മഹേഷ് നാരായണൻ ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്. മമ്മൂട്ടിയും മോഹൻലാലും ചേർന്നുള്ള കോമ്പിനേഷൻ രംഗങ്ങളാണ് ഇവിടെ ചിത്രീകരിക്കുക. ഒരുദിവസത്തെ ചിത്രീകരണത്തിലാണ് മോഹൻലാൽ പങ്കെടുക്കുന്നത്. തുടർന്ന് സത്യൻ അന്തിക്കാട് ചിത്രത്തിൽ ജോയിൻ ചെയ്യും. മാളവിക മോഹനൻ ആണ് കൊച്ചിയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിലെ നായിക. സംഗീത, ലാലു അലക്സ്,, സംഗീത് പ്രതാപ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ടി.പി സോനു തിരക്കഥയും സംഭാഷണവും ഒരുക്കുന്നു. കഥ അഖിൽ സത്യൻ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |