എൺപതുകളിലും തൊണ്ണൂറുകളിലും തെന്നിന്ത്യൻ സിനിമാ സംഗീത ലോകത്ത് ശ്രദ്ധേയമായ നിരവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച ദേവനേശൻ ചൊക്കലിംഗം എന്ന ദേവ വിടവാങ്ങുമ്പോൾ ബാക്കിയാകുന്നത് അദ്ദേഹം ജന്മം നൽകിയ അനശ്വര സംഗീതമാണ്. ബാഷ സിനിമയിൽ രജനീകാന്തിന്റെ പേര് സ്ക്രീനിൽ തെളിയുമ്പോൾ ആരാധകരെ ഹരം കൊള്ളിച്ച 'ബാഷ...ബാഷ' എന്ന പശ്ചാത്തല സംഗീതം ഓർമ്മയില്ലേ? ഒരിക്കലും മറക്കാത്ത ആ സംഗീതത്തിന് പിന്നിൽ സംഗീതസംവിധായകൻ ദേവയുടെ കൈയൊപ്പുണ്ട്. ഒരു നടന്റെ സ്ക്രീൻ സാന്നിദ്ധ്യത്തെ ആരാധകരുടെ ആവേശമായി മാറ്റിയ സംഗീതം. അതായിരുന്നു ദേവയുടെ ഏറ്റവും ശ്രദ്ധേയമായ സംഭാവനകളിലൊന്ന്.
75-ാം വയസിൽ ദേവ വിടപറയുമ്പോൾ തമിഴ് സിനിമയ്ക്ക് നഷ്ടമാകുന്നത് നിരവധി ഹിറ്റ് ഗാനങ്ങളുടെ സൃഷ്ടാവിനെ മാത്രമല്ല സൂപ്പർസ്റ്റാർ രജനീകാന്തിന്റെ സിനിമാ വരവിന് ശബ്ദവും താളവും നൽകിയ സംഗീതജ്ഞനെക്കൂടിയാണ്. 1992ൽ പുറത്തിറങ്ങിയ അണ്ണാമലൈയാണ് രജനീകാന്തും ദേവയും തമ്മിലുള്ള ശ്രദ്ധേയമായ സംഗീത കൂട്ടുകെട്ടിന് വഴിയൊരുക്കിയത്. ചിത്രത്തിലെ ‘വന്തേൻഡാ പാൽക്കാരൻ’ എന്ന ഗാനം രജനിയുടെ സിനിമയിലെ വേഷത്തിന് ഏറെ ഇണങ്ങുന്നതായിരുന്നു.
തുടർന്ന് 1995-ലെ ബാഷയിലെ ‘നാൻ ഓട്ടോക്കാരൻ’ ആരാധകരുടെ ആവേശം ഇരട്ടിയാക്കി. 1997-ൽ അരുണാചലം എത്തിയപ്പോഴും ‘അദാണ്ടാ ഇതാണ്ടാ അരുണാചലം’ എന്ന ഗാനത്തിലൂടെ ആ മാസ് സംഗീതത്തിന്റെ മാജിക് ആവർത്തിച്ചു. രജനീകാന്തിന്റെ സിനിമകളിലെ ടൈറ്റിൽ കാർഡ് സംഗീതം പിന്നീട് ദേവയുടെ ഏറ്റവും തിരിച്ചറിയപ്പെടുന്ന സംഭാവനകളിലൊന്നായി മാറി. അണ്ണാമലൈയിലൂടെ തുടങ്ങിയ ആ കോമ്പോ ബാഷയിലും അരുണാചലത്തിലും കൂടുതൽ ശക്തമായി.
രജനിയുടെ പേര് സ്ക്രീനിൽ തെളിയുമ്പോൾ ആരാധകരെ ആവേശത്തിലാഴ്ത്തുന്ന മാസ് പശ്ചാത്തലസംഗീത്തിന് ദേവ നൽകിയ സംഭാവന അത്രത്തോളം വലുതാണ്. ബാഷ സിനിമയിലെ 'നാൻ ഓട്ടോക്കാരൻ' എന്ന ഗാനം ചെന്നൈയിലെ സാധാരണക്കാരായ ഓട്ടോറിക്ഷാ തൊഴിലാളികളുടെ ജീവിതത്തോട് ചേർന്നുനിൽക്കുന്നതായിരുന്നു. ആദ്യം ആധുനിക പശ്ചാത്തലസംഗീതത്തിന്റെ ശൈലിയിൽ ഈണം ഒരുക്കിയെങ്കിലും പിന്നീട് രജനീകാന്തിന് ഇഷ്ടമായ ചെന്നൈയുടെ തനത് താളത്തിലേക്ക് മാറ്റി ദേവ ഗാനം രൂപപ്പെടുത്തുകയായിരുന്നു.
ഗാനാ സംഗീതത്തിന്റെ ചടുലതയും രജനിയുടെ മാസ് ലുക്കും ഒത്തുചേർന്നപ്പോൾ പിറന്നത് എക്കാലത്തെയും ജനപ്രിയ ഗാനങ്ങളിലൊന്നായി മാറി. ദേവയുടെ മറ്റൊരു സംഭാവനയായിരുന്നു ഗാനാ സംഗീതത്തെ തമിഴ് സിനിമയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നത്. ചെന്നൈയിലെ സാധാരണ ജനങ്ങൾക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന ഈ സംഗീതശൈലിയെ സിനിമാഗാനങ്ങളിലൂടെ കൂടുതൽ ജനപ്രിയമാക്കാൻ അദ്ദേഹത്തിന് സാധിച്ചു. നാടൻ താളങ്ങളും ചുടലമായ സംഗീതവും ഒത്തുചേർന്നപ്പോൾ ഗാനാ സംഗീത്തതിന് എണ്ണമറ്റ ആരാധകരെയാണ് ലഭിച്ചത്.
‘തേൻഇസൈ തെൻട്രൽ’ എന്ന വിശേഷണത്തിൽ അറിയപ്പെട്ട ദേവ ആശൈ, കാതൽ കോട്ടൈ, നേർക്കു നേർ തുടങ്ങിയ ചിത്രങ്ങളിലെ മെലഡികളിലൂടെയും സംഗീതപ്രേമികളുടെ മനസ്സിൽ ഇടം നേടി. ദേവയുടെ സംഗീതത്തിൽ ചെന്നൈയുടെ തനത് താളങ്ങളും പ്രണയത്തിന്റെ ഭാവങ്ങളും ഒരുപോലെ നിറഞ്ഞുനിന്നു. ഈണങ്ങൾ ബാക്കിയാക്കി ദേവ മടങ്ങുമ്പോൾ കാലം മായ്ക്കാത്ത സംഗീതസ്മരണകളിൽ അദ്ദേഹത്തിന്റെ പേര് എന്നും നിറഞ്ഞുനിൽക്കും.
Renowned South Indian music composer Devaneshan Chokkalingam, popularly known as Deva, passed away at 75. He was celebrated for numerous hit songs in the 80s and 90s. Deva significantly contributed to Rajinikanth's iconic screen presence through memorable background scores in films like "Baasha," and popularized 'Gana' music in mainstream Tamil cinema.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |