
മഹേഷ് ബാബുവിനെ നായകനാക്കി എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ചിത്രത്തിന്റെ ഒഡിഷ ഷെഡ്യൂൾ ആരംഭിച്ചു.
പ്രതിനായകനായി എത്തുന്ന പൃഥ്വിരാജ് ലൊക്കേഷനിൽ ജോയിൻ ചെയ്തു. മഹേഷ് ബാബുവും പൃഥ്വിരാജും ചേർന്നുള്ള കോമ്പിനേഷൻ സീനുകളാണ് ചിത്രീകരിക്കുന്നത്. മാർച്ച് 16ന് പൃഥ്വിരാജ് മടങ്ങിയെത്തും. തുടർന്ന് എമ്പുരാന്റെ അവസാന മിനുക്കുപണികളിൽ മുഴുകും . പൃഥ്വിരാജും മഹേഷ് ബാബുവും ഒരുമിച്ച് യാത്ര ചെയ്യുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. കട്ട താടിയും മീശയും വച്ചാണ് മഹേഷ് ബാബു ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. താരത്തിന്റെ ലുക്കിനെ ആരാധകർ സിംഹത്തോട് ഉപമിക്കുന്നു. ആഫ്രിക്കൻ ജംഗിൾ അഡ്വഞ്ചർ ഗണത്തിൽപ്പെടുന്ന ചിത്രത്തിന് 1000 കോടി മുകളിലാണ് ബഡ്ജറ്റ്. ഹൈദരാബാദിലായിരുന്നു എസ്.എസ്.എം.ബി 29 എന്ന് താത്കാലികമായി പേരിട്ട ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ. മഹേഷ് ബാബുവും നായിക പ്രിയങ്ക ചോപ്രയും പങ്കെടുത്ത രംഗങ്ങളാണ് ഇൗ ഷെഡ്യൂളിൽ ചിത്രീകരിച്ചത്. ഇൗമാസം അവസാനം വരെ ഒഡിഷ ഷെഡ്യൂൾ നീളും.ആർ. ആർ. ആറിനുശേഷം എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം ലോക സിനിമതന്നെ ഉറ്റുനോക്കുകയാണ്. പല ഷെഡ്യൂളിലായി മൂന്ന് വർഷം നീളുന്നതാണ് ചിത്രീകരണം. 2028 ൽ ആയിരിക്കും ചിത്രം റിലീസ് ചെയ്യുക.
അതേസമയം സന്തോഷ് ട്രോഫി, നോബഡി എന്നിവയാണ് പൃഥ്വിരാജിന്റെ പുതിയ പ്രോജക്ടുകൾ. ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രത്തിനുശേഷം വിപിൻദാസ് സംവിധാനം ചെയ്യുന്ന സന്തോഷ് ട്രോഫി മാവേലിക്കരയിൽ ആണ് ചിത്രീകരിക്കുക. റോഷാക്കിനുശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന നോബഡി ഇഫോർ എന്റർടെയ്ൻമെന്റ്സും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മാണം. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയയും ചേർന്നാണ് സന്തോഷ് ട്രോഫി നിർമ്മിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |