
ഒരുപാട് സ്വപ്‌നങ്ങളുടെ വിസ്‌മയ മോഹൻലാൽ. എഴുത്ത്, ചിത്രരചന, ആയോധനകല, യാത്രകൾ അങ്ങനെ നീളുന്നു. ഇവിടെയെല്ലാം കൈയൊപ്പ് പതിപ്പിക്കുന്നതിന് മുൻപേ സ്വപ്‌നം കണ്ടതാണ് സിനിമ. തീവ്രമായ ആ ആഗ്രഹം ആദ്യം ആരോടും പറയാതെ സൂക്ഷിച്ചു. അഭിനയിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം തോന്നിയപ്പോൾ വീട്ടിൽ പറഞ്ഞു.മലയാള സിനിമ മാത്രമല്ല പ്രേക്ഷക ലോകവും തുടക്കം മുതൽ ശ്രദ്ധിച്ചു, വിസ്മയുടെ വരവ്. മലയാളത്തിന്റെ സ്വന്തം മോഹൻലാലിന്റെ മകൾ എന്ന വിലാസവുമായി വരുമ്പോൾ പുതുമുഖ നായികയുടെ ലേബലിന് വലിപ്പം കൂടുന്നുണ്ട്. വരവ് കാത്തിരുന്ന എല്ലാവരെയും വിസ്മയിപ്പിക്കുകയാണ് വിസ്മയ. ജൂഡ് ആന്തണി ജോസഫിന്റെ സംവിധാനത്തിൽ തന്റെ ആദ്യ സിനിമ 'തുടക്കം." തിയേറ്ററിൽ എത്തിയതിന്റെയും പ്രേക്ഷകർ ഏറ്രെടുത്തതിന്റെയും ആവേശം വിസ്‌മയുടെ മുഖം പറ്റികിടക്കുന്നു.
പൊന്നുണ്ണിക്കിന്നൊരുമ്മ തരാൻ
തുടക്കം തിയേറ്രറിൽ വരും മുൻപ് കെ.എസ്. ചിത്രയുടെ പാട്ടിന്റെ മാധുര്യത്തിൽ പ്രേക്ഷകർ ചാഞ്ഞു. അപ്പോൾ മുതൽ വിസ്മയയെ ചേർത്തു പിടിക്കാൻ തുടങ്ങി. താരപുത്രിയുടെ വിലാസത്തിൽ നിന്ന് പുറത്തുകടക്കുന്നതിന് അഭിനയ തുടക്കമായി ആദ്യ സിനിമയെ മാറ്റാൻ കഴിഞ്ഞതാണ് വിസ്മയയുടെ പ്ളസ്. സ്‌കൂൾ നാടകത്തിൽ അഭിനയിച്ചതു മാത്രമാണ് മുൻപരിചയം. ഒരുപാട് നാടകങ്ങൾ കണ്ടും വായിച്ചും അറിഞ്ഞു. ജൂഡ് പറഞ്ഞ കഥ ഇഷ്ടപ്പെട്ടതോടെ ആത്മവിശ്വാസം ഏറി.തന്റെ മലയാളത്തെക്കുറിച്ചും ശരീരപ്രകൃതിയെക്കുറിച്ചും ഉത് കണ്‌ഠ ഏറെ ഉണ്ടായിരുന്നു. എന്നാൽ വിസ്‌മയ എങ്ങനെയാണോ അങ്ങനെ ചെയ്താൽ മതി" എന്നു ജൂഡ് പറഞ്ഞപ്പോഴാണ് അഭിനയ തുടക്കം. ആശീർവാദിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്നു. ആന്റണിയുടെ മകൻ ആശിഷ് പ്രധാന കഥാപാത്രമാകുന്നു.ഏറ്രവും കംഫർട്ട് സോണിൽ ക്യാമറയ്ക്കു മുന്നിൽ നിന്നപ്പോൾ മോഹൻലാലിന്റെ മകൾ എന്ന ടെൻഷൻ തോന്നിയതേയില്ല. അഭിനയം നന്നായി ആസ്വദിക്കാനും സാധിച്ചു. എന്നാൽ മോഹൻലാലിനൊപ്പം അഭിനയിച്ചപ്പോൾ കുറച്ചു റീടേക്കുകൾ വന്നു. എന്നാൽ തിയേറ്ററിൽ വിസ്‌മയം തീർത്തു ആ സീനുകൾ.
മീനുവും വിസ്‌മയും
പ്രണവും വിസ്‌മയയും സിനിമയിൽ അഭിനയിക്കുമെന്ന് മോഹൻലാൽ ഓർത്തിട്ടുപോലും ഉണ്ടാവില്ല. ഈ ഓണക്കാലത്ത് തിയേറ്ററിൽ മോഹൻലാലും വിസ്‌മയുമുണ്ട്. മായ എന്ന വിളിപ്പേരുള്ള വിസ്‌മയ, മീനു എന്ന കഥാപാത്രമായി എത്തി. മീനുവിലെ പോലെ നാട്ടിൻപുറത്തുകാരിയല്ല വിസ്‌മയ. ഉൗട്ടിയിൽ ആണ് പഠിച്ചത്. ഹൈറേഞ്ചിൽ മീനു താമസിക്കുന്ന ഇടവുമായി ഊട്ടിയുടെ ഭൂപ്രകൃതിക്ക് ബന്ധം തോന്നി.ക്യാമറയുടെ മുന്നിൽ നിന്നപ്പോൾ അത് പുതുമ അനുഭവപ്പെടുത്തി.
സിനിമയിലേക്ക് വരുന്നതിന് മോഹൻലാലിന്റെ മകൾ എന്ന വിലാസം ഗുണം ചെയ്യും എന്ന് വിസ്മയ പറഞ്ഞിട്ടുണ്ട്. എന്നാൽ സിനിമയിൽ നിലനിൽക്കാൻ ആ വിലാസം കൊണ്ട് സാധിക്കില്ല. അടുത്ത സിനിമയിലേക്ക് താൻ എത്തും എന്നു പ്രേക്ഷകരെ ബോദ്ധ്യപ്പെടുത്തിക്കൊടുക്കണം. അതിനാൽ കഥാപാത്രത്തെ ഏറ്റെടുക്കുക തന്നെ ചെയ്തു. അത് നന്നായി ആസ്വദിക്കുകയാണ് ഇപ്പോൾ. ഇനിയും സിനിമയിൽ അഭിനയിക്കാനാണ് വിസ്‌മയുടെ തീരുമാനം പുതുമുഖ നായിക എന്നു തോന്നിപ്പിക്കാത്ത വിധം അസാധാരണ പ്രകടനം കാഴ്‌ചവച്ചെന്ന് ജൂഡ് സാക്ഷ്യപ്പെടുത്തുന്നു.
മലയാള സിനിമയിൽ സ്ഥാനം നേടിയെടുത്ത ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ, മാധവ് സുരേഷ് , കീർത്തി സുരേഷ്, പ്രണവ് മോഹൻലാൽ എന്നീ താരപുത്രന്മാരുടെയും പുത്രിമാരുടെയും നിരയിൽ പുതിയ ആളായി വിസ്മയ ഇരിപ്പുറപ്പിച്ചു. മകൾ അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിലും മോഹൻലാൽ ഭാഗമായി എന്ന അപൂർവതയുണ്ട്. കഥാപാത്രമായി മാറാൻ ശ്രമിക്കുക എന്ന നിർദ്ദേശം മാത്രം ആണ് മോഹൻലാൽ നൽകിയ ഉപദേശം.
പ്രതീക്ഷിക്കാതെ ത്രില്ലർ
സിനിമയിൽ വിസ്മയ അഭിനയിക്കാൻ പോകുന്നത് അമ്മൂമ്മ ശാന്തകുമാരിക്ക് ( മോഹൻലാലിന്റെ അമ്മ)അറിയാമായിരുന്നു. അനുഗ്രഹം വാങ്ങുകയും ചെയ്തു.തുടക്കത്തിന്റെ ചിത്രീകരണം നടക്കുമ്പോഴാണ് അമ്മൂമ്മയുടെ മരണം.തുടക്കത്തിന്റെ തിളക്കത്തിനിടെ ഇത് വേദനയായി മാറുന്നു. കേരളത്തിന് പുറത്ത് വളർന്നതിനാൽ സിനിമയിലെ പലരെയും പരിചയമില്ലാത്ത ആളാണ് വിസ്മയ . തുടക്കത്തിന്റെ ലൊക്കേഷനിൽ ആണ് സായ്‌കുമാറിനോട് സംസാരിക്കുന്നത്. സിനിമയിൽ ആദ്യത്തെ അച്ഛനായി സായ്‌കുമാർ . അച്ഛൻ- മകൾ ബന്ധം ആണ് തുടക്കത്തിന്റെ പ്രധാന കരുത്ത്. എന്നാൽ പ്രതീക്ഷിക്കാത്ത രീതിയിൽ മുന്നോട്ട് പോകുമ്പോൾ അനുഭവപ്പെടുന്ന ത്രിൽ ഘടകം തുടക്കത്തെ ത്രില്ലർ ആക്കി മാറ്റുന്നു.'തുടക്കം' എന്നത് തുടക്കം ആണ്. 'ആദി' എന്നതും തുടക്കം. 'തിരനോട്ടം' എന്നതും തുടക്കം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |