SignIn
Kerala Kaumudi Online
Wednesday, 04 November 2026 11.36 PM IST

നമ്മുടെ പന്തളം അങ്ങ് ഹോളിവുഡിൽ വരെ ചർച്ചയായി, അതും 'ദി ഒഡീസി' താരത്തിന്റെ ചിത്രത്തിൽ, അമ്പരന്ന് മലയാളികൾ

prime-time-movie
പ്രൈം ടൈം ചിത്രത്തിൽ നിന്നുള്ള ദൃശ്യങ്ങൾ

ഹോളിവുഡ് സൂപ്പർതാരം റോബർട് പാറ്റിൻസണിന്റെ പുതിയ ചിത്രത്തിലെ അമ്പരപ്പിക്കുന്ന റഫറൻസിൽ ഞെട്ടിയിരിക്കുകയാണ് മലയാളികളടക്കം ഹോളിവുഡ് ചലച്ചിത്ര ആരാധകർ. റോബർട് പാറ്റിൻസന്റെ പുതിയ ത്രില്ലർ ചിത്രമായ പ്രൈംടൈമിലാണ് പത്തനംതിട്ട ജില്ലയിലെ പന്തളത്തെ കുറിച്ച് എടുത്തുപറയുന്നത്. കഥയിലെ ഒരു ഭാഗം നടക്കുന്നത് പത്തനംതിട്ടയിലെ പന്തളത്താണ്. ഇവിടെ ഒരു മദ്യശാലയിൽ നായകൻ ഇരിക്കുമ്പോൾ ഒരാൾ അവിടെയെത്തി കുട്ടികളെ കാണാതാകുന്ന സംഭവത്തെ കുറിച്ച് ചോദിക്കുന്നു.

ദക്ഷിണേന്ത്യയിലെ വിവിധ ഗ്രാമങ്ങളിൽ കുട്ടികളെ ദുരൂഹസാഹചര്യത്തിൽ കാണാതാകുന്ന സംഭവങ്ങൾ കൂടുകയാണ്. ഒരു ഗ്രാമത്തിൽ ഒരിക്കൽ മാത്രമാണ് ഇത്തരം സംഭവമുണ്ടാകുന്നത്. ഓരോ തവണയും കുട്ടികളെ കാണാതാകുന്നതോടെ ഗ്രാമവാസികൾ തമ്മിൽ സംശയവും തർക്കവുമുണ്ടാകും. പലപ്പോഴും ആൾക്കൂട്ട കൊലപാതകവുമുണ്ടാകും. എന്നാൽ പിന്നീട് സമീപത്തെ കാടുകളിൽ കുട്ടികളുടെ ശരീരഭാഗങ്ങൾ കണ്ടെത്തുന്നു എന്നാണ് നായക കഥാപാത്രം മറ്റൊരാളോട് പറയുന്നത്.

ഒരു സംഭവത്തിന് സാക്ഷിയായൊരു പെൺകുട്ടി തനിക്കൊരു വള നൽകിയെന്നും സംഭവങ്ങൾക്ക് പിന്നിൽ മനുഷ്യനല്ലെന്നും കാലത്തിനും സ്ഥലത്തിനും അതീതമായി നിലനിൽക്കുന്ന മനസിലാക്കാനാകാത്ത ഏതോ ശക്തിയാണെന്നാണ് കഥയിൽ പറയുന്നത്. ആ പെൺകുട്ടിയുടെ വാക്കുകൾ ആരും വിശ്വസിച്ചില്ലെന്നും എന്നാൽ താൻ വിശ്വസിക്കുന്നെന്നുമാണ് കഥ‌പറയുന്ന കഥാപാത്രം വ്യക്തമാക്കുന്നത്.

പന്തളത്തെ കുറിച്ച് പരാമർശിച്ചത് ചിത്രം കണ്ട പലരിലും അമ്പരപ്പാണുളവാക്കിയത്. ഇത്തരമൊരു സംഭവം പന്തളത്തോ കേരളത്തിലെവിടെയുമോ യഥാർത്ഥത്തിൽ സംഭവിച്ചതല്ല. 1990കളിൽ ഉത്തർപ്രദേശിൽ നടന്ന ഒരു സംഭവത്തിനെ കേരളത്തിലേക്ക് പറിച്ചുന‌ടുകയാണ് ചെയ്‌തതെന്ന് ഒരു അഭിമുഖത്തിൽ ചിത്രത്തിന്റെ തിരക്കഥാകൃത്ത് അജോൺ സിംഗ് ‌വ്യക്തമാക്കിയിട്ടുണ്ട്.

ചിത്രത്തിൽ മലയാളം സംഭാഷണങ്ങളുണ്ടെന്നതും ആ ഭാഗങ്ങളിൽ മലയാളികളെ തന്നെ കാസ്റ്റ് ചെയ്‌തതും പലരെയും അതിശയിപ്പിച്ചു. എന്നാൽ ചിത്രത്തിന്റെ ദൃശ്യങ്ങളിൽ കാണിക്കുംപോലെ പന്തളം ഭാഗത്ത് തേയിലതോട്ടങ്ങളും വലിയ ഗുഹകളും ഇല്ലെന്നും ചിലർ‌ പറയുന്നു. പെരിയാർ വനമേഖലയിലാണ് ഗുഹകൾ എന്നും എന്നാൽ ആ ഭാഗങ്ങൾ ഷൂട്ട് ചെയ്‌തത് ശ്രീലങ്കയിലാണെന്നും പലരും കമന്റ് ചെയ്യുന്നു. എന്തായാലും അങ്ങ് ഹോളിവുഡിലും പന്തളം എത്തിയതിന്റെ അത്ഭുതം ചർച്ചയായി.

ക്രിസ്റ്റഫർ നോളന്റെ ഏറെ ചർച്ചയായ 'ദി ഒഡീസി'യിലെ ആന്റിനസ് എന്ന ക്രൂരനായ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചതാണ് ഇക്കൊല്ലത്തെ റോബർട് പാറ്റിൻസണിന്റെ മികച്ച വേഷം. 2022ൽ പുറത്തിറങ്ങിയ ദി ബാറ്റ്‌മാനിലെ പ്രതികാരദാഹിയായ മുഖ്യകഥാപാത്രമായും പാറ്റിൻസൺ തിളങ്ങി. അടുത്തമാസം പുറത്തിറങ്ങുന്ന ദി ഡൂൺ പാർട്ട് ത്രീയിലും താരം ഭാഗമാകുന്നുണ്ട്.

English Summary

Hollywood star Robert Pattinson's new thriller has surprised film fans, including Malayalis, with an unexpected reference to Kerala. His latest film, Primetime, specifically mentions Pandalam in Pathanamthitta district as the setting for a part of its storyline.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PRIME TIME, HOLLYWOOD MOVIE, ROBERT PATTINSON, PANDALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY