നടി മമിത ബൈജുവിനെ നായികയാക്കി ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി സംവിധായകൻ കമൽ. എന്നാൽ നായകനും നിർമാതാവും സമ്മതിക്കാതിരുന്നതിനാൽ അത് നടക്കാതെ പോയെന്നും കമൽ വ്യക്തമാക്കി. മമിത ഭാവിയിൽ വലിയ നായികയായി മാറുമെന്ന കാര്യം തനിക്ക് ഉറപ്പായിരുന്നുവെന്നും പോർട്രെയൽസ് ബൈ ഗദ്ദാഫി എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ കമൽ വ്യക്തമാക്കിയത്.
'പുതിയ ജനറേഷനിൽ എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ട ആർട്ടിസ്റ്റ് ആണ് മമിത. ഇപ്പോഴല്ല ആ ഇഷ്ടം ഉണ്ടാകുന്നത്. എന്റെ നടക്കാതെ പോയ ഒരു സിനിമ ഉണ്ട്. അത് നടക്കണമെന്ന് ആഗ്രഹിച്ചിട്ട് ഈ അടുത്ത കാലത്ത് വേറെ ചില കാരണങ്ങൾ കൊണ്ട് മാറിപ്പോയതാണ്. അന്ന് മമിത അഭിനയിച്ച 'ഖോ ഖോ' കണ്ട് അതിലെ മമിതയുടെ അഭിനയം വളരെ ഇഷ്ടമായിരുന്നു. അസലായിട്ട് ആ കുട്ടി അതിൽ അഭിനയിച്ചിട്ടുണ്ട്.
അത് കണ്ടിട്ടാണ് എന്റെ സിനിമയിൽ നായികയായി അഭിനയിപ്പിക്കണം എന്ന് വിചാരിക്കുന്നത്. എന്റെ തീരുമാനം ഹീറോയോടും പ്രൊഡ്യൂസറോടും പറഞ്ഞു. പക്ഷേ പുതുമുഖ നായിക വേണ്ട കുറച്ചുകൂടി വലിയ നായിക വേണമെന്ന് ഹീറോ പറഞ്ഞു. ഈ കുട്ടി ഭാവിയിൽ വലിയൊരു നായികയാവും, നിങ്ങൾ നോക്കിക്കോ എന്ന് ഞാൻ അന്ന് അവരോടും പറഞ്ഞു. അതിനുശേഷമാണ് ഞാൻ 'സൂപ്പർ ശരണ്യ' കാണുന്നത്. എനിക്ക് മമിതയെ തന്നെ നായികയായിട്ട് മതിയെന്നുള്ള രീതിയിൽ പ്രൊഡ്യൂസറുടെ അടുത്ത് വീണ്ടും പറഞ്ഞു.
നമുക്ക് നായകനെ കൊണ്ട് കൺവിൻസ് ചെയ്യാം എന്ന് അദ്ദേഹം പറയുകയും ചെയ്തു. അങ്ങനെ ഞാൻ മമിതയെ വിളിച്ച് കാര്യം പറഞ്ഞു. ഞാൻ മമിതയോട് ക്യാരക്ടറിനെ കുറിച്ച് പറയുകയും അവർക്കും അവരുടെ അമ്മയ്ക്കും ഈ കഥാപാത്രം ഇഷ്ടമാകുകയും ചെയ്തു. വേറെ ഒന്ന്, രണ്ട് നായികമാരുടെ അടുത്ത് പറഞ്ഞിട്ട് അവർക്ക് വർക്കായില്ല. കുറച്ച് നെഗറ്റീവ് ഷേഡ് ഒക്കെയുള്ള ഒരു ക്യാരക്ടറാണ്. പക്ഷേ ഈ കുട്ടിക്ക് അത് ഭയങ്കരമായിട്ട് വർക്കാവുകയും ഭയങ്കര കൗതുകത്തോടുകൂടി കേൾക്കുകയുമായിരുന്നു. നിങ്ങളെ തന്നെയാണ് ഞാൻ ഉദ്ദേശിക്കുന്നതെന്ന് പറഞ്ഞാണ് അന്ന പിരിഞ്ഞത്.
അതിനുശേഷം വീണ്ടും നായകനും പ്രൊഡ്യൂസറും അവർ പോരാ വലിയ നായക വേണമെന്ന് പറഞ്ഞു. എനിക്ക് ഭയങ്കര വിഷമം തോന്നി.എന്തുകൊണ്ടോ ഈ കുട്ടിയെ അവർക്ക് മനസിലായില്ല. അതിനുശേഷം മൂന്നാലുമാസം കഴിഞ്ഞപ്പോഴാണ് പ്രേമലു വരുന്നത് ഇപ്പോൾ പിടിച്ചാൽ കിട്ടാത്ത നായികയായി മാറി'- കമൽ വ്യക്തമാക്കി.
Director Kamal has revealed that he once wanted actress Mamitha Baiju to play the female lead in his film. However, the project did not materialise because the hero and producer preferred a more established actress over a newcomer.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |