ബോളിവുഡ് താരം ഷമ്മി കപൂറിനെ നേരിൽ കണ്ട അപൂർവ്വ നിമിഷത്തിന്റെ ഓർമകൾ പങ്കുവച്ച് നടൻ ഷമ്മി തിലകൻ. ആ വ്യക്തിപ്രഭാവം കണ്ട് താൻ ഏറെ അമ്പരന്നുപോയെന്നും ആരും അറിയാതെ അദ്ദേഹത്തിന്റെ കൈപിടിച്ച് ചിരിച്ചുപോയെന്നും ഷമ്മി തിലകൻ ഫേസ്ബുക്കിൽ കുറിച്ചു. 'കുത്തിപ്പൊക്കൽ' എന്ന രസകരമായ ക്യാപ്ഷനോടെയാണ് ഷമ്മി തിലകൻ ചിത്രം പോസ്റ്റ് ചെയ്തത്. ഇതിഹാസ താരത്തെ കണ്ടതിന്റെ സന്തോഷവും അമ്പരപ്പും തന്റെ മുഖത്തെ ഭാവങ്ങളിൽ വ്യക്തമായിരുന്നുവെന്ന് ഷമ്മി തിലകൻ പറയുന്നു.
ഷമ്മി തിലകന്റെ ഫേസ്ബുക്ക് കുറിപ്പ്
'കുത്തിപ്പൊക്കൽ. ചില കൂടിക്കാഴ്ചകൾ ഒരു സ്വപ്നം പോലെയാണ്. പക്ഷെ എക്‌സ്‌പ്രഷൻ മാത്രം അല്പം കോമഡിയായിപ്പോയി! കാലഘട്ടങ്ങളെ ത്രസിപ്പിച്ച ഇന്ത്യൻ സിനിമയുടെ സ്വന്തം പ്രണയനായകൻ ഷമ്മി കപൂറിന്റെ കരം ഗ്രഹിച്ച അപൂർവ്വ നിമിഷം. എന്റെ നിൽപ്പും ചിരിയും കണ്ടാൽ തോന്നും എൽകെജിയിൽ വച്ച് ടീച്ചർ മിഠായി തന്നപ്പോൾ ഇളിച്ചു കാണിക്കുന്ന ടിന്റുമോനാണെന്ന്.
ആ വ്യക്തിപ്രഭാവം കണ്ട് അന്തംവിട്ട് കിളിപോയി ആരും അറിയാതെ ആ കയ്യിൽ പിടിച്ചങ്ങ് ചിരിച്ചുപോയതാണ്. അദ്ദേഹം ആലോചിച്ചിണ്ടാവും: 'ഇവനാരപ്പാ കയ്യിലൊരു പേപ്പറും ചുരുട്ടിപ്പിടിച്ച് എന്നെ ഇങ്ങനെ നോക്കി ഇളിക്കുന്നതെന്ന്. ഇതിഹാസങ്ങൾക്കൊപ്പം നിൽക്കുമ്പോൾ നമ്മൾ എത്ര ചെറുതായിപ്പോകുന്നു എന്നതിന്റെ ഏറ്റവും മനോഹരമായ ഉള്ളിൽ ചിരിയുണർത്തുന്ന തെളിവ്..!
ഇന്ത്യൻ സിനിമയുടെ എവർഗ്രീൻ ലെജൻഡ് ശ്രീ ഷമ്മി കപൂർ സാറിന്റെ കൈ പിടിച്ചപ്പോൾ ഉള്ളിൽ മുഴങ്ങിയത് ഒരൊറ്റ കാര്യമാണ്—''YAHOO...ചാഹേ കോയി മുഝേ ജംഗ്ലി കഹേ...!" എന്റെ ചിരി കണ്ടിട്ട് നിങ്ങൾക്ക് എന്താണ് തോന്നുന്നത്? കമന്റ് ബോക്‌സ് തുറന്നിട്ടിരിക്കുന്നു... നിങ്ങളുടെ 'ക്രൂരമായ' നിരീക്ഷണങ്ങൾ അറിയിക്കാം!'—ഷമ്മി തിലകൻ കൂട്ടിച്ചേർത്തു.
Actor Shammi Thilakan shared a nostalgic memory of meeting Bollywood legend Shammi Kapoor. Recalling the memorable moment, he said he was so impressed by Kapoor’s personality that he unknowingly held his hand and smiled.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |