SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.19 AM IST

ഹവാല പണമൊഴുക്ക് തടയാൻ കേന്ദ്ര, സംസ്ഥാന ഏജൻസികൾ, കൊടകര മോഡൽ അനുവദിക്കില്ല

c

കൊച്ചി: കൊടകര മാതൃകയിൽ തിരഞ്ഞെടുപ്പ് ചെലവിനായി അയൽസംസ്ഥാനങ്ങളിൽ നിന്ന് കള്ളപ്പണവും ഹവാലപ്പണവും കടത്തുന്നത് തടയാൻ അതിർത്തി മേഖലകളിലുൾപ്പെടെ നിരീക്ഷണവും ജാഗ്രതയുമായി കേന്ദ്ര- സംസ്ഥാന ഏജൻസികൾ. കഴിഞ്ഞ ദിവസങ്ങളിൽ കർണാടക, തമിഴ്നാട് അതിർത്തികളിലുൾപ്പെടെ വ്യാപകപരിശോധന നടത്തി.

ഹവാലയായി കേരളത്തിലെത്തിച്ച 3.56 കോടിരൂപ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് തൃശൂരിലെ കൊടകരയിൽ കൊള്ളയടിച്ചതിന്റെ പശ്ചാത്തലത്തിലാണ് ജാഗ്രത. കർണാടകയിൽനിന്ന് എത്തിച്ച വൻതുകയിൽ ഒരുഭാഗമാണ് കൊള്ളയടിക്കപ്പെട്ടത്. ബി.ജെ.പി സ്ഥാനാർത്ഥികൾക്കായി എത്തിച്ച തുകയാണിതെന്നാണ് പൊലീസ് കണ്ടെത്തിയത്.

കേരളത്തിൽ സ്വാധീനമുള്ള പാർട്ടികൾക്കും സ്ഥാനാർത്ഥികൾക്കും കർണാടകത്തിലെ പാർട്ടി നേതാക്കൾ, ബിസിനസുകാർ എന്നിവർ പണം കൈമാറാൻ സാദ്ധ്യത കൂടുതലാണ്. തമിഴ്നാടുവഴിയും പണമെത്താൻ സാദ്ധ്യതയുണ്ട്. അന്തർസംസ്ഥാന ബസുകളിൽ ഉൾപ്പെടെ പരിശോധന ആരംഭിച്ചതായി കേന്ദ്ര ഏജൻസി വൃത്തങ്ങൾ 'കേരളകൗമുദി'യോട് പറഞ്ഞു.

വാളയാർ, കുമളി അടക്കമുള്ള ചെക്ക് പോസ്‌റ്റുകളിൽ വാഹനങ്ങൾ, സംശയകരമായ വ്യക്തികൾ എന്നിവ ഉൾപ്പെടെ പരിശോധിക്കുന്നുണ്ട്.

ആദായനികുതിവകുപ്പ്, എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്, കസ്‌റ്റംസ്, കേന്ദ്രഇന്റലിജൻസ് ബ്യൂറോ, സി.ഐ.എസ്.എഫ് സംസ്ഥാന ഇന്റലിജൻസ് ബ്യൂറോ തുടങ്ങിയവ പരിശോധനയ്ക്ക് രംഗത്തുണ്ട്. ആദായനികുതി വകുപ്പിന്റെ മേൽനോട്ടത്തിൽ വിവിധ ഏജൻസികളെ ഏകോപിപ്പിക്കുന്നുണ്ട്.

ബാങ്കിടപാടുകളും

നിരീക്ഷിക്കും

ബാങ്കുകൾ, ഡിജിറ്റൽ ഇടപാടുകൾ വഴിയുള്ള പണമിടപാടുകളും നിരീക്ഷിക്കും. ബാങ്കുകൾക്കുൾപ്പെടെ ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. യു.പി.ഐയിൽ ഉൾപ്പെടെ ഉയർന്ന തുകയിലെ സംശയകരമായ ഇടപാടുകളും പരിശോധിക്കും.

''തിരഞ്ഞെടുപ്പിൽ അനധികൃത പണമൊഴുക്ക് തടയും. മണിപവർ അനുവദിക്കില്ല

-അനുഗ്രഹ് ശ്രീവാസ്‌തവ,

ഡയറക്‌ടർ ജനറൽ,

ആദായനികുതി വകുപ്പ്, കേരളം

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KODAKARA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA