SignIn
Kerala Kaumudi Online
Friday, 26 June 2026 2.46 PM IST

എൻ.എച്ച് 66 ആറ് വരിപ്പാത : തലപ്പാടി - കാരോട് 631.8 കിലോമീറ്റർ 2024ൽ,​ 50,000 കോടിയുടെ കേന്ദ്ര പദ്ധതി

road

 സ്ഥലമേറ്റെടുപ്പിനു വേണ്ട തുകയുടെ 25% കേരളം വഹിക്കും

തിരുവനന്തപുരം: 50,000 കോടിരൂപയുടെ കേന്ദ്ര പദ്ധതി പ്രകാരം സംസ്ഥാനത്ത് വടക്ക് കാസർകോട് തലപ്പാടി മുതൽ തെക്ക് നെയ്യാറ്റിൻകര കാരോട് വരെ 631.8കിലോമീറ്റർ നീളമുള്ള ആറു വരിപ്പാത 2024ൽ സാക്ഷാത്കരിക്കാൻ ലക്ഷ്യമിട്ട് നിർമ്മാണം വേഗത്തിലാക്കി. സ്ഥലം ഏറ്റെടുപ്പ് പൂർത്തിയായ കാസർകോട്, കണ്ണൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ റോഡ് നിർമ്മാണത്തിന്റെ പ്രാരംഭ ജോലികൾ ആരംഭിച്ചു.മലബാറിലും തൃശൂരിലും സ്ഥലമേറ്റെടുപ്പ് അവസാനഘട്ടത്തിലെത്തി.

നിർദ്ദിഷ്ട പാതയിൽ നിലവിലെ രണ്ടു വരി, നാലു വരി പാതകളെ കോർത്തിണക്കി എല്ലാം ആറു വരിയാക്കി (45 മീറ്റർ) വികസിപ്പിക്കും. കേരളത്തിൽ സ്ഥലമേറ്റെടുപ്പിനു വേണ്ട തുകയുടെ 25% ചെലവഴിക്കുന്നത് സംസ്ഥാന സർക്കാരാണ്.

മുംബയ്ക്ക് സമീപമുള്ള റായ്ഗഡ് ജില്ലയിലെ പനവേലിൽ നിന്നാരംഭിച്ച് കന്യാകുമാരിയിൽ അവസാനിക്കുന്നതാണ് റോഡ് പദ്ധതി.കൊങ്കൺ പാതയ്ക്ക് സമാന്തരമായി നിർമ്മിക്കുന്ന പാതയിൽ കേരളത്തിൽ ആകെ 20 റീച്ചുകളാണുള്ളത്. അതിൽ കഴക്കൂട്ടം മുതൽ കാരോട് വരെയുള്ള നിലവിലെ ബൈപ്പാസിനു മാത്രമാണ് ഇപ്പോൾ ആറു വരി വീതിയുള്ളത്. ഇതിന്റെ നിർമ്മാണം 85 ശതമാനത്തോളം പൂർത്തിയായി. 16 റീച്ചുകളിൽ ദേശീയപാത അതോറിട്ടി കരാർ അനുവദിച്ചു. കൊടുങ്ങല്ലൂർ- ഇടപ്പള്ളി, ഇടപ്പള്ളി- തുറവൂർ, പറവൂർ- കൊറ്റംകുളങ്ങര, കടമ്പാട്ടുകോണം- കഴക്കൂട്ടം റീച്ചുകളിലെ ടെൻഡർ നടപടികൾ അവസാനഘട്ടത്തിലാണ്.

2013ലെ ഭൂമിയേറ്റെടുക്കൽ ചട്ട പ്രകാരം നഷ്ടപരിഹാരമായി രണ്ടിരട്ടി തുകയാണ് ഭൂവുടമകൾക്കു ലഭിക്കുന്നത്. മലബാറിലും തൃശൂർ, എറണാകുളം ജില്ലകളിലും നഷ്ടപരിഹാര വിതരണം തുടങ്ങി. 6 മാസത്തിനകം നഷ്ടപരിഹാര വിതരണം പൂർത്തിയാക്കും.

നേട്ടം കേരളത്തിന്

 കന്യാകുമാരിയിൽ അവസാനിക്കുന്ന എൻ.എച്ച് 66ന്റെ ദൈർഘ്യം 1622 കിലോമീറ്റർ.

 ഗോവ, കർണാടക കൊങ്കൺ തീരം വഴിയുള്ള പാതയുടെ കൂടുതൽ ദൂരം കേരളത്തിലൂടെ

 മുക്കോല–കാരോട് റോഡിന്റെ നിർമാണം 2022 മാർച്ചിൽ പൂർത്തിയാകും

 4 വരിയുള്ള ഇടപ്പള്ളി– അരൂർ പാത 6 വരിയാക്കാനുള്ള നടപടികൾ തുടങ്ങി

''ദേശീയപാത -66 ആറു വരിയാകുന്നതോടെ സംസ്ഥാനത്തെ റോഡ് ഗതാഗതം സുഗമവും സുരക്ഷിതവുമാകും''-

-പിണറായി വിജയൻ,

മുഖ്യമന്ത്രി

''ദേശീയപാത പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കും''.

- പി.എ.മുഹമ്മദ് റിയാസ്,

പൊതുമരാമത്ത് മന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 6 LINE WAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA