
ന്യൂഡൽഹി: ഇഡി, സി.ബി.ഐ ഏജൻസികൾ മദ്യനയ അഴിമതിക്കേസിൽ അറസ്റ്റ് ചെയ്‌തപ്പോൾ തിഹാർ ജയിലിലിരുന്ന് ഭരിക്കുമെന്ന് പറഞ്ഞ കേജ്‌രിവാൾ ഇപ്പോൾ രാജിവയ്‌ക്കുന്നത് തികഞ്ഞ രാഷ്ട്രീയ നീക്കമാണ്. അഴിമതിയാരോപണം തിരിച്ചടിയാകുമെന്ന തിരിച്ചറിവിൽ ജനങ്ങളുടെ സഹതാപം നേടുകയാണ് പ്രധാന ലക്ഷ്യം.
മുഖ്യമന്ത്രി പദത്തിലിരുന്ന് യോഗങ്ങൾ വിളിക്കാനും ഫയലുകൾ നോക്കാനും തീരുമാനങ്ങളെടുക്കാനും സുപ്രീംകോടതിയുടെ ജാമ്യ ഉപാധി തടസമാണ്. ഔദ്യോഗിക വസതി അടക്കം സൗകര്യങ്ങളുമായി പദവിയിൽ തുടരാമെന്ന് മാത്രം. മുഖ്യമന്ത്രിക്ക് സെക്രട്ടേറിയറ്റിൽ പ്രവേശിക്കാൻ വിലക്കുള്ളത് ബി.ജെ.പി ഭരണ പ്രതിസന്ധിയായി ചൂണ്ടിക്കാട്ടി രാഷ്‌ട്രപതി ഭരണത്തിന് ശ്രമിച്ചേക്കാം. തിരഞ്ഞെടുപ്പ് സഖ്യമില്ലാത്തതിനാൽ 'ഇന്ത്യ' മുന്നണിയിലെ കോൺഗ്രസും ഫലത്തിൽ എതിരാളിയാണ്. കൂടാതെ പാർട്ടി പ്രഖ്യാപിച്ച മഹിളാ സമ്മാൻ നിധി യോജന, കുടിവെള്ള ബിൽ സെറ്റിൽമെന്റ്, ദിവസ വേതന തൊഴിലാളികൾക്കുള്ള ക്ഷാമബത്ത തുടങ്ങി നിരവധി സുപ്രധാന നയ തീരുമാനങ്ങൾ നീളുന്നത് തിരിച്ചടിയുമാകുകം.
അതേസമയം വിശ്വസ്‌തനായ ആളിനെ മുഖ്യമന്ത്രിയാക്കി റിമോട്ട് കൺട്രോൾ ഭരണം നടത്താനാണ് പാർട്ടി കൈപ്പിടിയിലായിലുള്ള കേജ്‌രിവാൾ ഇപ്പോൾ ലക്ഷ്യമിടുന്നത്. കൂടാതെ മദ്യനയക്കേസ് വരുത്തിയ കേടുപാടുകൾ തീർത്ത് പാർട്ടിയെ ശക്തിപ്പെടുത്താനും ഹരിയാന, ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പുകൾക്കുള്ള പ്രചാരണത്തിൽ കേന്ദ്രീകരിക്കാനും കേജ്‌രിവാളിന് സമയം ലഭിക്കും.
തിരഞ്ഞെടുപ്പിൽ മത്സരിക്കാം,
ഉപാധികൾ തുടരും
ജനങ്ങൾക്ക് മുന്നിൽ സത്യസന്ധത തെളിയിച്ച് മുഖ്യമന്ത്രിക്കസേരയിൽ തിരിച്ചെത്തുമെന്ന് കേജ്‌രിവാൾ പറയുന്നു. കേസിൽ കുറ്റക്കാരനായി കണ്ടെത്തുകയോ, ശിക്ഷിക്കപ്പെടുകയോ ചെയ്യാത്തിടത്തോളം കേജ്‌രിവാളിന് ഡൽഹി നിയമസഭയിലേക്ക് മത്സരിക്കാനും പാർട്ടി വീണ്ടും ഭൂരിപക്ഷം നേടിയാൽ മുഖ്യമന്ത്രിയുമാകാനും തടസമില്ല. എന്നാൽ അന്വേഷണം,വിചാരണ നടപടികൾ പൂർത്തിയാവാത്ത കാലത്തോളം സുപ്രീംകോടതി ജാമ്യ ഉത്തരവിലെ ഉപാധികൾ ബാധകമാണ്. അധികാര സ്ഥാനം ഉപയോഗിച്ച് കേസ് അട്ടിമറിക്കുന്നത് തടയുകയാണ് സുപ്രീംകോടതി ഉപാധിയുടെ ലക്ഷ്യം.
തിരഞ്ഞെടുപ്പ് നേരത്തെ നടത്തുമോ?
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് നവംബറിൽ മഹാരാഷ്‌ട്ര, ജാർഖണ്ഡ് സംസ്ഥാനങ്ങൾക്കൊപ്പം നടത്തണമെന്ന കേജ്‌രിവാളിന്റെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മിഷൻ സ്വീകരിക്കാനിടയില്ല. ഡൽഹി നിയമസഭയുടെ നിലവിലെ കാലാവധി 2025 ഫെബ്രുവരിയിലാണ് അവസാനിക്കുന്നത്. അസാധാരണമായ സാഹചര്യങ്ങൾ മാത്രമെ തിരഞ്ഞെടുപ്പ് നേരത്തെ പ്രഖ്യാപിക്കേണ്ടതുള്ളൂ. തിരഞ്ഞെടുപ്പ് കമ്മിഷന് മൂന്നുമാസം മുൻപെങ്കിലും തയ്യാറെടുപ്പുകൾ തുടങ്ങേണ്ടതുണ്ട്. നിലവിൽ അന്തിമ വോട്ടർപട്ടിക ജനുവരിയിലാണ് പ്രസിദ്ധീകരിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |