SignIn
Kerala Kaumudi Online
Thursday, 22 October 2026 2.30 PM IST

 ആശുപത്രിക്കിടക്കയിൽ നിന്ന് ആവണി 'ചേർത്തുപിടിച്ചവർക്ക് ഹൃദയംനിറഞ്ഞ നന്ദി"

avany

കൊച്ചി: 'ആശ്വാസം പകർന്ന് ഒപ്പം നിന്നവർക്കും ജീവിതത്തിലേക്ക് തിരികെയെത്തിച്ച ആശുപത്രി അധികൃതർക്കും നന്ദി". വിവാഹദിനത്തിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ആവണി ലേക്‌ഷോർ ആശുപത്രിയുടെ സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമിലൂടെ പറഞ്ഞു. അപകടദിവസം അത്യാഹിത വിഭാഗത്തിൽവച്ച് വിവാഹിതയായ ആവണി,​ ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമത്തിലാണ്. അപകടശേഷം ആദ്യമായാണ് സംസാരിക്കുന്നത്.

'എല്ലാവരോടും പറഞ്ഞാൽ തീരാത്ത നന്ദിയുണ്ട്. അപകടമുണ്ടായപ്പോൾ ചിന്ത മുഴുവൻ ഷാരോണിനെക്കുറിച്ചായിരുന്നു. എന്റെ ജീവിതംപോയാലും ഷാരോണിന് അത് സംഭവിക്കരുതെന്നായിരുന്നു പ്രാർത്ഥന. ഷാരോൺ എന്നെ ചേർത്തുപിടിച്ച് ഒപ്പംനിന്നു. വിവാഹസമ്മാനമായി ആശുപത്രി ചെയർമാൻ ഡോ. ഷംഷീർ വയലിൽ ചികിത്സ സൗജന്യമാക്കി. സ്പർശനമറിയാതെ, കാലുകളുണ്ടെന്നുപോലും തിരിച്ചറിയാത്ത വിധത്തിൽ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടാണ് ആശുപത്രിയിലെത്തിയത്. നടക്കാനാകുമെന്ന് ഉറപ്പില്ലായിരുന്നു. ഡോക്ടർമാർ ആത്മവിശ്വാസം നൽകി. ഇപ്പോൾ സ്പർശനം തിരിച്ചറിയാനാകുന്നുണ്ട്. വൈകാതെ നടക്കാനാകുമെന്ന് ഉറപ്പായി" ആവണി പറഞ്ഞു.

അപകടവാർത്ത ഞെട്ടലോടെയാണ് കേട്ടതെന്ന് ഷാരോൺ പറഞ്ഞു. എന്തുസംഭവിച്ചാലും ജീവിതകാലം മുഴുവൻ ഒപ്പമുണ്ടാകുമെന്ന് അറിയിക്കാൻ താൻ ഓടിയെത്തുകയായിരുന്നു. ന്യൂറോ സർജറി വിഭാഗം തലവൻ ഡോ. സുദീഷ് കരുണാകരൻ ധൈര്യം പകർന്നു. പിന്തുണ നൽകിയ എല്ലാവരോടും നന്ദി പറയുന്നു. ആരോഗ്യസ്ഥിതി വീണ്ടെടുത്തശേഷം വിവാഹസത്കാരം നടത്തണമെന്നാണ് ആഗ്രഹമെന്നും ഷാരോൺ കൂട്ടിച്ചേർത്തു.

കഴിഞ്ഞ 21നാണ് വിവാഹത്തിന് മേയ്ക്കപ്പ് ചെയ്യാനുള്ള യാത്രയ്ക്കിടെ ആവണി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് ഷാരോണുമായി നിശ്ചയിച്ചിരുന്ന വിവാഹം മുഹൂർത്തത്തിൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വച്ച് നടത്തുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AAVANY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA