കോഴിക്കോട്: ഭരണപരിഷ്കരണ കമ്മീഷൻ ചെയർമാൻ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളിലേയ്ക്ക് വലിച്ചിഴച്ചതിൽ പ്രയാസമുണ്ടെന്ന് മുസ്ലീം ലീഗിലെ മുതിർന്ന നേതാവ് എംകെ മൂനീർ. യുഡിഎഫിന്റെ തീരുമാനപ്രകാരം അല്ലാതെ ഇങ്ങനെയൊരു ഉത്തരവ് വരില്ലല്ലോ എന്ന് ചോദിച്ച അദ്ദേഹം യുഡിഎഫ് ചർച്ച ചെയ്തിട്ടുണ്ടാകുമെന്നാണെന്ന് കരുതുന്നതെന്നും കൂട്ടിച്ചേർത്തു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
'ഏത് രീതിയിലാണ് ഇത്തരത്തിലൊരു തീരുമാനം വന്നതെന്നത് സംബന്ധിച്ച വിവരങ്ങളൊന്നും എനിയ്ക്ക് ലഭിച്ചിട്ടില്ല. ഇന്നലെ രാത്രി ഏറെ വൈകിയാണ് ഭരണപരിഷ്കരണ കമ്മീഷൻ ചെയർമാനായി നിയമിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും എന്നാൽ തീരുമാനം പ്രഖ്യാപിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചത്. നേരത്തെ ഇതുസംബന്ധിച്ച് വിവരം ലഭിച്ചിരുന്നെങ്കിലും സ്ഥിരീകരണമില്ലായിരുന്നു. അതുകൊണ്ടാണ് ഇന്നലെ മാദ്ധ്യമങ്ങളോട് ഔദ്യോഗിക സ്ഥിരീകരണം വരട്ടെയെന്ന രീതിയിൽ സംസാരിച്ചത്.
പല തീരുമാനങ്ങളും നമ്മൾ വിചാരിച്ചപോലെ പെട്ടെന്ന് എടുക്കാൻ സാധിക്കില്ലല്ലോ. ഒരു മുന്നണി സംവിധാനമാകുമ്പോൾ മുന്നണിയിൽ പല ആലോചനകളും ആവശ്യമാണ്. ചിലപ്പോൾ അങ്ങനെ പറഞ്ഞാലും നടപ്പിലാക്കാൻ സാധിക്കണമെന്നില്ല. അതാണല്ലോ നമ്മുടെ സംവിധാനത്തിന്റെ പ്രത്യേകത. അതൊരു ജാനാധിപത്യ പ്രക്രിയ കൂടിയാണ്. അതുകൊണ്ടാകും തീരുമാനം വൈകിയതെന്നാണ് ഞാൻ കരുതുന്നത്. പക്ഷെ ഞാൻ ഈ വിഷയവുമായി ബന്ധപ്പെട്ട് എവിടെയും പ്രതികരിച്ചിട്ടില്ല. ഞാൻ ആരോടും ഒന്നും ആവശ്യപ്പെട്ടിട്ടില്ല. കാരണം പദവി എന്നതിനേക്കാൾ നമുക്ക് ഇവിടെ പ്രവർത്തിക്കാനുള്ള ധാരാളം മേഖലകളുണ്ടല്ലോ. അതിനെക്കുറിച്ച് മാത്രമെ ഞാൻ ആലോചിച്ചിട്ടുള്ളൂ.'
പദവിയുമായി ബന്ധപ്പെട്ട പ്രതിപക്ഷ പാർട്ടികളുടെ വിമർശനങ്ങളിലും അദ്ദേഹം പ്രതികരിച്ചു. വിവാദങ്ങളിലേയ്ക്ക് താൻ വലിച്ചിഴക്കപ്പെട്ടതിൽ പ്രയാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കാരണം ഒരിക്കലും ഒരു പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് ഏതെങ്കിലും പദവിയിലേയ്ക്ക് വരുന്നത് തന്നെ സംബന്ധിച്ച് വ്യക്തപരമായി പ്രയാസമുള്ള കാര്യമാണ്. അതിനേക്കാളേറെ ബന്ധങ്ങൾ കാത്തുസൂക്ഷിക്കാനാണ് ആഗ്രഹിക്കുന്നതെന്നും എംകെ മുനീർ കൂട്ടിച്ചേർത്തു.
ഒരു ഉത്തരവാദിത്തം എൽപ്പിച്ചാൽ അത് കൃത്യമായി നിർവഹിക്കുക എന്നതാണ് മുൻകാലങ്ങളിലും ചെയ്തിട്ടുള്ളത്. കഴിഞ്ഞ കാലങ്ങളിൽ കൈകാര്യം ചെയ്ത വകുപ്പുകൾ ഞാനുമായി ഒരു ബന്ധവുമുള്ളതായിരുന്നില്ല. പക്ഷെ ഏൽപ്പിച്ചു, അത് പരാമവധി ആളുകൾക്ക് പ്രശ്നങ്ങളില്ലാതെ ഗുണകരമാകുന്ന രീതിയിൽ നിർവഹിച്ചു. ഇനിയും അത് തുടരും. നിലവിൽ കഴിഞ്ഞ ഭരണപരിഷ്കരണ കമ്മീഷന്റെ റിപ്പോർട്ടുകളെല്ലാം പരിശോധിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Senior IUML leader M.K. Muneer said he was upset about being dragged into the controversy over the appointment of the Administrative Reforms Commission chairman. He said such an order would not have been issued without the UDF’s decision and assumed the matter had been discussed within the alliance.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |