SignIn
Kerala Kaumudi Online
Thursday, 22 October 2026 6.19 PM IST

അനന്തുകൃഷ്ണന്റെ തട്ടിപ്പ്: വാഹനങ്ങൾ തൊണ്ടിമുതലാകില്ല

anandhukrishnan

കൊച്ചി: അനന്തുകൃഷ്ണൻ വി​തരണം ചെയ്ത സ്കൂട്ടറും ഗൃഹോപകരണങ്ങളും തൊണ്ടിമുതലെന്ന നിലയിൽ പിടിച്ചെടുക്കാനാകില്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു. ഇയാളുടെയും വിവിധ ട്രസ്റ്റുകളുടെ പേരിലുള്ള പതിനൊന്ന് അക്കൗണ്ടുകളി​ൽ ഏറെയും ചില്ലിക്കാശുപോലും ഇല്ലാത്ത അക്കൗണ്ടുകളാണെന്ന് കണ്ടെത്തിയതിനെ തുടർന്നായി​രുന്നു ഇവ തൊണ്ടിമുതലാക്കാമോ എന്നു പരി​ശോധി​ച്ചത്.

വാഹനങ്ങളും ഗൃഹോപകരണങ്ങളും മറ്റും വാങ്ങാൻ സംഘാടകർ നി​ർദേശി​ച്ച അക്കൗണ്ടുകളി​ലേക്കാണ് പണം നൽകിയത്. പരസ്യത്തി​ലൂടെയും ഏജന്റുമാരി​ലൂടെയും പണംനൽകി​ വാങ്ങി​യവ തൊണ്ടി മുതലാക്കാനാകില്ല. വാങ്ങി​യവർക്ക് തട്ടി​പ്പി​ൽ നേരിട്ട് പങ്കില്ല. സാമ്പത്തി​കശേഷി​ കുറഞ്ഞവരുടെ ഉന്നമനത്തിനാണ് വുമൺ ഓൺ വീൽസ് എന്ന പദ്ധതി പ്രഖ്യാപിച്ച് വാഹനങ്ങൾ നൽകിയതെങ്കിലും ഉപയോഗപ്പെടുത്തി​യവരി​ൽ ഏറെയും സമ്പന്നരും സ്വാധീനശേഷി​യുള്ളവരുമാണ്. ഇതു സംബന്ധിച്ച വിശദാംശങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഇയാളുടെ സാമ്പത്തി​ക ഇടപാടുകൾ നിയന്ത്രിച്ച ചീഫ് അക്കൗണ്ടന്റിനെ ഇന്ന് ചോദ്യം ചെയ്യും. ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. ഇയാളാണ് വിവിധ ട്രസ്റ്റുകളുടെയും മറ്റ് ഓഫീസുകളുടെയും അക്കൗണ്ടുകൾ കൈകാര്യം ചെയ്തിരുന്നത്.

 എത്ര പേർക്ക് വാഹനങ്ങൾ നൽകി​യെന്ന് അറി​യി​ല്ല

തന്റെ സ്ഥാപനങ്ങൾ മുഖേന എത്രപേർക്ക് വാഹനങ്ങൾ നൽകി​യെന്ന് അറി​യി​ല്ലെന്ന് അനന്തകൃഷ്ണൻ പൊലീസി​നോട് പറഞ്ഞു. അപേക്ഷി​ച്ചവരി​ൽ 30 ശതമാനം പേർക്ക് വാഹനങ്ങൾ നൽകി​യിട്ടുണ്ടെന്നാണ് ഇന്നലെ നടന്ന ചോദ്യംചെയ്യലിൽ വെളിപ്പെടുത്തിയത്.

അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ ലഭിച്ച അനന്തകൃഷ്ണനുമായി​ പരമാവധി ഓഫീസുകളിൽ തെളിവെടുപ്പ് പൂർത്തിയാക്കാനാണ് പൊലീസ് പദ്ധതി. തെളി​വെടുപ്പ് ഇന്ന് ആരംഭി​ക്കും. ഓഫീസുകളിൽനിന്ന് ഫയലുകളും കമ്പ്യൂട്ടർ ഹാർഡ് ഡിസ്കുകളും നേരത്തെതന്നെ ജീവനക്കാർ മാറ്റിയിരുന്നു. ഇവ കണ്ടെത്താനും ശ്രമി​ക്കുന്നുണ്ട്. അക്കൗണ്ടുകൾ തുടങ്ങിയ കാലം മുതലുള്ള മുഴുവൻ ഇടപാടുകളുടെയും വിശദവിവരങ്ങൾ ആവശ്യപ്പെട്ട് ബാങ്കുകൾക്കും നോട്ടീസ് നൽകി.

ചോദ്യംചെയ്യലിൽ അനന്തു സഹകരിക്കുന്നുണ്ടെങ്കിലും പഠിച്ചുവച്ച പോലെയാണ് മറുപടി​കളെന്ന് പൊലീസ് പറയുന്നു. ഈരാറ്റുപേട്ട ടൗണിനോട് ചേർന്ന് 90 ലക്ഷംരൂപ വിലവരുന്ന സ്ഥലമുണ്ടെന്ന് സമ്മതിച്ചിട്ടുണ്ട്. ഇത്തരത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നതായി കരുതുന്ന റിയൽ എസ്റ്റേറ്റ് ഇടപാടുകളാണ് ഇനി കണ്ടെത്താനുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANANDHUKRISHNAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA