
തിരൂർ: താനൂരിൽ നിന്ന് ബുധനാഴ്ച കാണാതായ രണ്ട് പ്ളസ് ടു വിദ്യാർത്ഥിനികളെയും നാട്ടിൽ തിരിച്ചെത്തിച്ചു. ഇന്നലെ ചെന്നൈ എഗ്‌മോർ ട്രെയിനിൽ ഉച്ചയ്ക്ക് 12ഓടെയാണ് താനൂർ സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം വിദ്യാർത്ഥിനികളെ താനൂരിലെത്തിച്ചത്. കുട്ടികളെ തിരൂർ ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തി. ശേഷം ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ ഹാജരാക്കി രഹസ്യമൊഴിയെടുത്തു. പരപ്പനങ്ങാടി മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ കുട്ടികളെ തവനൂർ ജുവനൈൽ ഹോമിലേക്കു മാറ്റിയിട്ടുണ്ട്.
വിദ്യാർത്ഥികൾക്കൊപ്പം മുംബയിലേക്ക് പോയ എടവണ്ണ സ്വദേശി ആലുങ്ങൽ വീട്ടിൽ അക്‌ബർ റഹീമിനെ(26) പൊലീസ് അറസ്റ്റ് ചെയ്തു. പോക്സോ നിയമപ്രകാരം, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയതിനും ഫോണിൽ പിന്തുടർന്ന് ശല്യപ്പെടുത്തിയതിനുമാണ് അറസ്റ്റ്. പൊലീസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലായതിനെ തുടർന്ന് ഇയാൾ കേരളത്തിലേക്ക് ട്രെയിനിൽ മടങ്ങിയിരുന്നു. ഇന്നലെ പുലർച്ചെ തിരൂർ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കാണാതാവും മുമ്പ് രണ്ടു പെൺകുട്ടികളെയും ഇയാൾ ഫോണിൽ വിളിച്ചിരുന്നു. തുടർന്ന് ഇയാൾ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇൻസ്റ്റഗ്രാം വഴിയാണ് വിദ്യാർത്ഥിനികൾ അക്‌ബർ റഹീമിനെ പരിചയപ്പെട്ടത്. യാത്രയോടുള്ള താത്‌പര്യം കൊണ്ട് സ്വന്തം ഇഷ്ടപ്രകാരം പോയതാണെന്ന് വിദ്യാർത്ഥിനികൾ പറയുന്നുണ്ടെങ്കിലും കൂടുതൽ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു.
പരീക്ഷയ്‌ക്കെന്നു പറഞ്ഞാണ് ഇരുവരും വീട്ടിൽ നിന്നിറങ്ങിയത്. പരീക്ഷയ്‌ക്കെത്താത്തതിനെ തുടർന്ന് അദ്ധ്യാപകർ വീട്ടിൽ വിളിച്ച് അന്വേഷിച്ചപ്പോഴാണ് കാണാതായ വിവരമറിയുന്നത്.
വിദ്യാർത്ഥിനികളെ
കണ്ടെത്തിയ പൊലീസിന്
മന്ത്രിയുടെ അഭിനന്ദനം
തിരുവനന്തപുരം: താനൂരിൽ നിന്ന് കാണാതായ ഹയർ സെക്കൻഡറി വിദ്യാർത്ഥിനികളെ എത്രയും പെട്ടെന്ന് കണ്ടെത്തിയ കേരള പൊലീസിനെയും വിവരങ്ങൾ യഥാസമയം രക്ഷിതാക്കളെയും പൊലീസിനെയും അറിയിച്ച സ്കൂൾ അധികൃതരെയും മന്ത്രി വി.ശിവൻകുട്ടി അഭിനന്ദിച്ചു.
കുട്ടികൾക്ക് കൗൺസലിംഗ് അടക്കമുള്ള പിന്തുണാ സംവിധാനം ഒരുക്കുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |