
കൊയിലാണ്ടി (കോഴിക്കോട്): ഇൻഡസ്ട്രിയൽ ജോലി നൽകാമെന്ന് പറഞ്ഞ് വീസയും ജോലിയും വാഗ്ദാനം ചെയ്ത് ഖത്തറിൽ എത്തിച്ച തന്നെ മറ്റു പ്രതികൾ തെറ്റിദ്ധരിപ്പിച്ച് കവർച്ചയുടെ ഭാഗമാക്കുകയായിരുന്നുവെന്ന് പിടിയിലായ പ്രതി ബാലകൃഷ്ണന്റെ മൊഴി. കെ.എം.സി.സിയുടെ ചില ഭാരവാഹികൾ തന്നെയാണ് തന്നെ ഖത്തറിലേക്ക് വീസയും മറ്റും നൽകി കൊണ്ടുപോയത്. അവിടെ വച്ച് ഭീഷണിപ്പെടുത്തിയാണ് കവർച്ചയിൽ ഉൾപ്പെടുത്തിയതെന്നും ബാലകൃഷ്ണൻ പറയുന്ന വീഡിയോ പുറത്തുവന്നു. വെൽഡിംഗ് പണി ചെയ്തുവന്ന തന്നോട് ഒരു പണിക്ക് വേണ്ടി ഖത്തറിലേക്കു പോകണമെന്നു പറഞ്ഞ് ചിലർ സമീപിക്കുകയായിരുന്നു. യാത്രയ്ക്കാവശ്യമായ ടിക്കറ്റും വീസയും മറ്റും നൽകാമെന്നു പറഞ്ഞപ്പോൾ ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാനുള്ള ആഗ്രഹം കാരണമാണ് പോകാമെന്നു കരുതിയത്. ഖത്തറിൽ എത്തിയശേഷം ഒരു ദിവസം പുലർച്ചെ ഒരു സ്ഥലത്ത് ജോലിക്ക് പോകേണ്ടതുണ്ടെന്ന് പറഞ്ഞ് കൊണ്ടുപോയി. അവിടെ എത്തിയപ്പോഴാണ് ഒരു സംഘടനയുടെ ഓഫീസാണെന്ന് മനസിലായത്. തുടർന്ന് ഭീഷണിപ്പെടുത്തി ഗ്യാസ് കട്ടർ ഉപയോഗിച്ച് ലോക്കുകൾ തുറക്കാൻ ആവശ്യപ്പെട്ടു. ലോക്കർ തുറക്കാനായാൽ പത്തു ലക്ഷം തരുമെന്ന് പറഞ്ഞു. ലോക്കർ തുറന്ന് പണം കിട്ടിയതോടെ മറ്റുള്ളവർ അതുമായി പോയി. ബോംബെ ഷാജി, റാഷിദ്, സാലിഹ് എന്നിവരാണ് ഒപ്പം ഉണ്ടായിരുന്നത്. മോഷണത്തിനുശേഷം 50,000 രൂപയും നാട്ടിൽ മടങ്ങിയെത്തിയശേഷം 1.50 ലക്ഷം രൂപയും നൽകിയെന്നും ബാലകൃഷ്ണൻ പറയുന്നുണ്ട്. അതേസമയം, ഖത്തറിലെ കവർച്ചയിൽ കെ.എം.സി.സിയുടെ ഉന്നത നേതാക്കളിലേക്ക് അന്വേഷണം എത്തണമെന്നും ഇതിൽ സമഗ്ര അന്വേഷണം വേണമെന്നും ബി.ജെ.പി നോർത്ത് ജില്ലാ പ്രസിഡന്റ് പ്രഫുൽ കൃഷ്ണൻ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |