
തിരുവനന്തപുരം: തലസ്ഥാനത്തെ ചുമരുകൾക്ക് സൗന്ദര്യം പകരാൻ നടപ്പാക്കിയ ആർട്ടീരിയ പദ്ധതി മറ്റ് നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ബഡ്ജറ്റിൽ പ്രഖ്യാപനം. രണ്ടുകോടി രൂപയാണ് വകയിരുത്തിയത്. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘ആർട്ടീരിയ’യുടെ മൂന്നു ഘട്ടങ്ങൾ തിരുവനന്തപുരത്ത് നടപ്പാക്കിയിരുന്നു. പൊതുഇടങ്ങളിലെ ചുമരുകളിലും മതിലുകളിലും കൂറ്റൻ ചിത്രങ്ങൾ വരയ്ക്കുന്നതാണ് പദ്ധതി. പാളയം അണ്ടർപാസ്, ആക്കുളം ബൈപാസിൽ കുഴിവിള ജംഗ്ഷൻ, സെന്റ് ജോസഫ്സ് സ്കൂൾ, മ്യൂസിയം, മാസ്കോട്ട് ഹോട്ടൽ, കോളേജുകൾ, സ്റ്റേഡിയങ്ങൾ തുടങ്ങി തലസ്ഥാന നഗരത്തിലെ പ്രധാന സ്ഥലങ്ങളിലെ ചുമരുകളിലെല്ലാം മനോഹരചിത്രങ്ങളാണ് വരച്ചത്. നാടിന്റെ മുഖഛായ തന്നെ മാറ്റുന്ന പദ്ധതിയാണിത്. നഗരത്തിന്റെ തനത് സൗന്ദര്യം സൂക്ഷിക്കാനായാണ് 2015ൽ ടൂറിസം വകുപ്പും ഡി.ടി.പി.സിയും ചേർന്ന് ആർട്ടീരിയ തുടങ്ങിയത്. നയനമനോഹര കാഴ്ചകളാണ് ചുവരുകളിൽ ഇരുപതോളം കലാകാരന്മാർ ഒരുക്കുന്നത്. ചുവരുകൾ ക്യാൻവാസാക്കി സ്വതന്ത്ര സൃഷ്ടികൾ വരയ്ക്കുന്നത് ടൂറിസം വികസനത്തിനും സഹായകരമാണ്.
പരസ്യ കുടിശിക തീർക്കാൻ 30 കോടി
തിരുവനന്തപുരം: മാദ്ധ്യമങ്ങൾക്കുള്ള പരസ്യ കുടിശിക തീർക്കാനും പുതിയ പരിപാടികൾക്കുമായി 30 കോടി രൂപ അനുവദിച്ചു. വാർത്താവിതരണ പ്രചാരണമേഖലയ്ക്കായി 44 കോടി രൂപ വകയിരുത്തിയതിനു പുറമെയാണിത്. മാദ്ധ്യമ അവാർഡുകളുടെ തുക ഇരട്ടിയാക്കും. സ്വദേശാഭിമാനി കേസരി അവാർഡ് തുക ഒരു ലക്ഷത്തിൽ നിന്ന് 1.5 ലക്ഷമാക്കി. പ്രസ് അക്കാഡമിക്ക് 7.50 കോടി അനുവദിച്ചു. വീഡിയോ ഡോക്യുമെന്ററികളുടെ നിർമ്മാണത്തിന് 5.5 കോടിയും ന്യൂ മീഡിയാ പ്രവർത്തനത്തിന് 5 കോടിയും അനുവദിച്ചു
കെ.എസ്.ആർ.ടി.സിക്ക്
ബസ് വാങ്ങാൻ 107 കോടി
തിരുവനന്തപുരം: ഗതാഗത വകുപ്പ് പ്രതീക്ഷിച്ചതുപോലെ കെ.എസ്.ആർ.ടി.സിക്ക് പ്രത്യേക പാക്കേജ് ബഡ്ജറ്റിൽ പ്രഖ്യാപിച്ചില്ല. ശമ്പളം, പെൻഷൻ കാര്യങ്ങളിൽ ഒരു പ്രഖ്യാപനവുമില്ല. അതേ സമയം പുതിയ ഡീസൽ ബി.എസ് 6 ബസുകൾ വാങ്ങുന്നതിന് 107 കോടി രൂപ വകയിരുത്തി.
അടിസ്ഥാനസൗകര്യ വികസനം, വർക്ഷോപ്പ്, ഡിപ്പോ നവീകരണം എന്നിവയ്ക്ക് 38.70 കോടി രൂപയും ഇ ഗവേണൻസിനായി 12 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. ചെറുതോണി ഡിപ്പോയ്ക്കും ചിറ്റൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡ് നവീകരണത്തിനും രണ്ട് കോടി രൂപ വീതം അനുവദിച്ചു.
കാലാവധി കഴിഞ്ഞ സർക്കാർ വാഹനങ്ങൾ മാറ്റി പുതിയത് വാങ്ങാൻ 100 കോടി രൂപ അനുവദിച്ചു. റോഡ് സുരക്ഷാ പ്രവർത്തനങ്ങൾക്ക് 18.62 കോടി രൂപ അനുവദിച്ചു.
ഹൈട്രജൻ ഇന്ധന വാഹനങ്ങൾ എത്തിക്കുന്നതിനും ഇലക്ട്രിക് വാഹനങ്ങളെ ജനപ്രീയമാക്കുന്നതിനുമായി 8.56 കോടി രൂപ വകയിരുത്തി.പ്രൈവറ്റ് ട്രാൻസ്പോർട്ട് ബസുകളുടെ ത്രൈമാസ നികുതിയിൽ 10% ഇളവ് അനുവദിച്ചു.
മൂന്നു നഗരങ്ങളിൽ
മെട്രോപൊളിറ്റൻ
പ്ലാനിംഗ്
തിരുവനന്തപുരം: കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം നഗരങ്ങളുടെ വികസനത്തിന് മെട്രോപൊളിറ്റൻ പ്ലാനിംഗ് കമ്മിറ്റികൾ രൂപീകരിക്കുമെന്ന് ബഡ്ജറ്റിൽ പ്രഖ്യാപനം. അർബൻ കമ്മിഷൻ ശുപാർശകൾ നടപ്പിലാക്കുമെന്നും ബഹുമുഖ പദ്ധതികൾ നടപ്പിലാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. മൂന്നു നഗരങ്ങളിലും വമ്പൻ പദ്ധതികൾ നടപ്പിലാക്കുമെന്ന സൂചനയാണിത്.
2001ൽ സംസ്ഥാനത്തെ ജനസംഖ്യയിൽ നഗരവാസികൾ 25.96 ശതമാനമായിരുന്നു. 2011ൽ 47.72 ആയി. 2031ൽ ജനസംഖ്യയിൽ 70 ശതമാനവും നഗരവാസികളായിരിക്കും. മുൻകൂട്ടി ആസൂത്രണം ചെയ്യാനായാൽ നഗരവത്കരണത്തെയും സാമ്പത്തിക വളർച്ചയെയും സമന്വയിപ്പിച്ച് മുന്നോട്ടുപോകാനാകും. ഈ ലക്ഷ്യം മുൻ നിർത്തിയാണ് അർബൻ കമ്മിഷൻ രൂപീകരിച്ചത്. വിശദമായ ചർച്ചകളിലൂടെ അർബൻ കമ്മിഷൻ ശുപാർശകൾ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രാദേശികവികസനത്തിന്
കരുത്തേകുന്ന ബഡ്ജറ്റ് :
മന്ത്രിരാജേഷ്
തിരുവനന്തപുരം: പ്രാദേശിക സാമ്പത്തിക വികസനത്തിന് കരുത്തേകുന്നതും നഗരവികസനത്തിന് വേഗം പകരുന്നതുമാണ് ധനമന്ത്രി അവതരിപ്പിച്ച ബഡ്ജറ്റെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 15,980.49 കോടിയാണ് വകയിരുത്തിയിട്ടുള്ളത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് വിഹിതത്തിൽ 774.99കോടിയുടെ വർദ്ധനവ് വരുത്തി. ഓരോ വർഷവും തദ്ദേശ സ്ഥാപനങ്ങൾക്കുള്ള വിഹിതം 0.5% വർദ്ധിപ്പിക്കാനുള്ള ഇടതു സർക്കാരിന്റെ തീരുമാനം ഈ ബജറ്റിലും നടപ്പിലാക്കി. ലൈഫ് മിഷന് ചരിത്രത്തിലെ ഉയർന്ന വിഹിതമാണ് വകയിരുത്തിയത്. 1160കോടി ബജറ്റ് വിഹിതമായി ലഭിക്കുന്നതോടെ ആറര ലക്ഷത്തോളം വീടുകൾ ലൈഫ് മിഷനിലൂടെ പൂർത്തിയാക്കാൻ കഴിയും. സർക്കാരിന്റെ പ്രധാനപ്പെട്ട പദ്ധതിയായ അതിദാരിദ്ര്യ നിർമാർജനത്തിന് 60കോടി ഗ്യാപ്പ് ഫണ്ടായി അനുവദിച്ചു.മെട്രോപോളിറ്റൻ പ്ലാനിംഗ് കമ്മിറ്റി കൊച്ചിക്ക് പുറമെ തിരുവനന്തപുരം,കോഴിക്കോട് നഗരങ്ങളിൽ കൂടി രൂപീകരിക്കുമെന്നും പ്രഖ്യാപിക്കുന്നു
.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |