
തിരുവനന്തപുരം: ആശാവർക്കർമാരുടേത് കേരളത്തിലെ സ്ത്രീ സമരശക്തി ബോദ്ധ്യപ്പെടുത്തിയ സമരമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നിൽ ആശാവർക്കർമാർ നടത്തുന്ന രാപകൽ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരം ചെയ്യുന്നവരെ അടിച്ചമർത്താൻ ഇത് സ്റ്റാലിന്റെ റഷ്യയല്ലെന്നും കേരളമാണെന്നും മുഖ്യമന്ത്രി മനസിലാക്കണം. ഏതു നിയമത്തിന്റെ പേരിലാണ് സമരക്കാരോട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ പറയുന്നത്. അങ്ങനെ ഹാജരാകാൻ ആവശ്യപ്പെട്ടാൽ സമരക്കാർക്കൊപ്പം പോകാൻ തയ്യാറാണ്. 13,500 രൂപ ഓണറേറിയം ആശാവർക്കർമാർക്ക് കിട്ടുമെന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്. എന്നാൽ 7000 രൂപയിൽ കൂടുതൽ കൈയിൽ കിട്ടില്ല.
ആശാവർക്കർമാരുടെ ഓണറേറിയം 21,000 രൂപയാക്കണമെന്നത് ന്യായമായ ആവശ്യമാണ്. ആശാവർക്കർമാരെക്കുറിച്ച് അഭിമാനത്തോടെ പറയേണ്ട ആരോഗ്യമന്ത്രിയാണ് അനാവശ്യ സമരമെന്നു പറഞ്ഞത്. കുത്തിയിളക്കിക്കൊണ്ടുവന്ന് സമരം ചെയ്യിപ്പിക്കുന്നുവെന്ന് ധനമന്ത്രി പറയുന്നത് ഖജനാവിൽ പൂച്ചപെറ്റു കിടക്കുന്നതു കൊണ്ടാണെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു. മുഴുവൻ ആവശ്യങ്ങളും നേടിയെടുക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും 20ന് സെക്രട്ടേറിയറ്റിന് മുന്നിൽ മഹാസംഗമം സംഘടിപ്പിക്കുമെന്നും കേരള ആശാഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. എം.എൽ.എമാരായ മാത്യു കുഴൽനാടൻ, മോൻസ് ജോസഫ്, ഉബൈദുള്ള തുടങ്ങിയവർ സമരത്തിൽ പങ്കാളികളായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |