SignIn
Kerala Kaumudi Online
Thursday, 22 October 2026 6.43 PM IST

കായികമേളയിലെ വിലക്ക്, കുട്ടികളുടെഭാവി പരിഗണിക്കണമെന്ന് സ്കൂളുകൾ അപ്പീൽ നൽകിയാൽ പരിഗണിക്കാമെന്ന് മന്ത്രി

p

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിൽ രണ്ട് സ്‌കൂളുകൾക്ക്‌ വിലക്കേർപ്പെടുത്തിയ നടപടി നൂറുകണക്കിന് വിദ്യാർത്ഥികളെ ബാധിക്കുമെന്ന് ആശങ്ക. നവംബറിൽ കൊച്ചിയിൽ നടന്ന സംസ്ഥാന സ്കൂൾ കായികമേളയിലെ ചാമ്പ്യൻപട്ടവുമായി ബന്ധപ്പെട്ട പരസ്യപ്രതിഷേധത്തെതുടർന്നാണ് തിരുനാവായ എൻ.എം.എച്ച്.എസ്.എസ്, കോതമംഗലം മാർ ബേസിൽ എച്ച്.എസ്.എസ് സ്‌കൂളുകൾക്ക്‌ പൊതുവിദ്യാഭ്യാസവകുപ്പ് വിലക്കേർപ്പെടുത്തിയത്.
സ്കൂളുകൾ ക്ഷമാപണം നടത്തിയെങ്കിലും സമാപനസമ്മേളനം അലങ്കോലമാക്കിയതിനാൽ നടപടി കടുപ്പിക്കുകയായിരുന്നു.

സംസ്ഥാന കലോത്സവം ഇന്ന് ആരംഭിക്കാനിരിക്കെ, അനാരോഗ്യകരമായ പ്രതിഷേധ പ്രവണതകൾക്ക് കൂച്ചുവിലങ്ങിടുക എന്ന ലക്ഷ്യവും നടപടിക്ക് പിന്നിലുണ്ടെന്നറിയുന്നു.

അതേസമയം, കുട്ടികളുടെ ഭാവി ഇല്ലാതാക്കണമെന്ന നിലപാടില്ലെന്നും സ്കൂളുകൾ അപ്പീൽ നൽകിയാൽ പരിഗണിക്കാമെന്നും മന്ത്രി വി.ശിവൻകുട്ടി പ്രതികരിച്ചു.

മാർബേസിൽ സ്കൂൾ കോടതിയെ സമീപിക്കില്ലെന്നും പൊതുവിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട് പ്രശ്നപരിഹാരത്തിനാണ് ശ്രമിക്കുന്നതെന്നും സ്കൂൾ മാനേജർ കെ.പി. ജോർജ് കേരളകൗമുദിയോട് പറഞ്ഞു. കുട്ടികളുടെ വൈകാരിക പ്രതിഷേധത്തിന് വകുപ്പ് മാപ്പ് നൽകുമെന്നാണ് പ്രതീക്ഷ. വിലക്ക് നൂറോളം കുട്ടികളുടെ കായിക ഭാവിയെ ബാധിക്കുമെന്നും മാനേജർ പറഞ്ഞു.

25 വർഷമായി സംസ്ഥാന സ്കൂൾ കായികമേളയിൽ മത്സരിക്കുന്ന മാർ ബേസിൽ സ്കൂൾ നിരവധി കായികതാരങ്ങളെ വാർത്തെടുത്തിട്ടുണ്ട്. ഒളിംപിക്സിൽ പങ്കെടുത്തിട്ടുള്ള മുഹമ്മദ് അനസ്,​ അനിൽഡ തോമസ് എന്നിവർ പൂർവവിദ്യാർത്ഥികളാണ്. 25 അന്താരാഷ്ട്ര മെഡൽ ജേതാക്കളും അഞ്ഞൂറിലേറെ ദേശീയ ജേതാക്കളും സ്കൂളിന്റെ ചരിത്രത്തിലുണ്ട്. ഇവിടെനിന്ന് പഠിച്ചിറങ്ങിയ കായികതാരങ്ങളിൽ 200 ലേറെ പേർ കേന്ദ്ര -സംസ്ഥാന സർവീസുകളിലുണ്ട്. ഇപ്പോൾ ആറ് കുട്ടികൾ സ്കൂൾ നാഷണലിൽ പങ്കെടുക്കുന്നതിനിടെയാണ് വിലക്ക് വന്നത്.

ഒൻപത് ദേശീയതാരങ്ങൾ ഉൾപ്പെടെ അറുപത് കായികതാരങ്ങളുടെ ഭാവി ചോദ്യചിഹ്നമായിരിക്കുകയാണെന്ന് തിരുനാവായ നാവാമുകുന്ദ സ്കൂൾ മാനേജ്‌മെന്റ് അറിയിച്ചു. വിഷയത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന് അപ്പീൽ നൽകും. ഇരുപത് വർഷമായി സംസ്ഥാന കായികമേളയിൽ പങ്കെടുക്കുകയും ദേശീയ അന്തർദ്ദേശീയ താരങ്ങളെ വളർത്തിയെടുക്കുകയും ചെയ്ത സ്കൂളാണ്. കുട്ടികളെ ഭാവി കരുതി അപ്പീൽ പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും സ്കൂൾ മാനേജ്മെന്റ് അറിയിച്ചു.

......................................................

...................................

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ATHLETIC MEET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA