
കോഴിക്കോട്: എട്ടുമാസം പ്രായമുള്ള കുഞ്ഞ് തൊണ്ടയിൽ ഷാംപൂ കുപ്പിയുടെ അടപ്പ് കുടുങ്ങി മരിച്ചു. പൊക്കുന്ന് കിണാശ്ശേരി പടന്നപ്പറമ്പ് ഹൗസിൽ മുഹമ്മദ് നിസാർ പി.പി-ആയിഷ സുൽഫത്ത് ദമ്പതികളുടെ മകൻ മുഹമ്മദ് ഇബാദ് ആണ് മരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് പിതാവ് നിസാർ നൽകിയ പരാതിയിൽ ടൗൺ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. തിങ്കളാഴ്ച രാത്രി എട്ടരയോടെ മാതാവ് ആയിഷ സുൽഫത്തിന്റെ വീടായ കുറ്റിച്ചിറ വയലിലാണ് സംഭവം. കളിച്ചുകൊണ്ടിരുന്ന കുഞ്ഞിന്റെ തൊണ്ടയിൽ ഷാംപൂകുപ്പിയുടെ അടപ്പ് കുടുങ്ങുകയായിരുന്നു. ഈ സമയം ആയിഷ ബാത്ത്റൂമിലായിരുന്നു. ആയിഷയും മാതാവിന്റെ സഹോദരിയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഉടനെ കുട്ടിയെ കോട്ടപ്പറമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോട്ടത്തിനു ശേഷം ബന്ധുക്കൾക്ക് നൽകി.
മരണത്തിൽ അസ്വാഭാവികത ഇല്ലെന്നും അടപ്പ് കുടങ്ങിയതാണ് മരണകാരണമെന്നുമാണ് പോസ്റ്റ് മോർട്ടം പ്രാഥമിക റിപ്പോർട്ടിലുള്ളതെന്ന് ടൗൺ എസ്.ഐ കെ.മുരളീധരൻ പറഞ്ഞു.
ദുരൂഹതയുണ്ടെന്ന് പിതാവ്
കുഞ്ഞിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പിതാവ് മുഹമ്മദ് നിസാർ നല്‌കിയ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്തു. ഇവരുടെ ആദ്യത്തെ കുഞ്ഞ് രണ്ടുവർഷം മുമ്പ് 14 ദിവസം പ്രായമുള്ളപ്പോൾ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചിരുന്നു. ഈ രണ്ടുസംഭവങ്ങളും ഭാര്യവീടായ കുറ്റിച്ചിറയിൽ വച്ചായിരുന്നുവെന്നും മരണങ്ങളിൽ ദുരൂഹതയുണ്ടെന്നുമാണ് നിസാറിന്റെ പരാതി. രണ്ടാഴ്ച മുമ്പ് ഓട്ടോറിക്ഷയിൽ നിന്ന് തെറിച്ചുവീണ് കുട്ടിക്ക് പരിക്കേറ്റിരുന്നെന്നും അശ്രദ്ധയോടെയാണ് ഭാര്യ വീട്ടുകാർ കുഞ്ഞിനെ നോക്കിയിരുന്നതെന്നും നിസാർ പറയുന്നു. കുഞ്ഞിന് അപകടം സംഭവിച്ചിട്ടും തന്നെ അറിയിച്ചില്ലെന്നും നാട്ടുകാർ വിളിച്ചറിയിച്ചപ്പോഴാണ് അറിഞ്ഞതെന്നും പരാതിയിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |