SignIn
Kerala Kaumudi Online
Thursday, 22 October 2026 6.42 PM IST

ഇരുതലമൂരി കടത്തുകേസ്: റേഞ്ച് ഓഫീസറെ സസ്പെൻഡ് ചെയ്യും

തിരുവനന്തപുരം: ഇരുതലമൂരി കടത്തുകേസിലെ പ്രതികളെ ഒഴിവാക്കാൻ 1.45 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് വിജിലൻസ് അറസ്റ്റുചെയ്ത പാലോട് റേഞ്ച് ഓഫീസർ എൽ.സുധീഷ് കുമാറിനെ സസ്പെൻഡ് ചെയ്യും. ഇതിനുള്ള ശുപാർശ അഡ്മിനിസ്ട്രേഷൻ ചുമതലയുള്ള അഡിഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പ്രമോദ്.ജി.കൃഷ്ണൻ വനംമേധാവി ഡോ.ഗംഗാസിംഗിന് കൈമാറി. അറസ്റ്റിലായ സുധീഷ് കുമാറിനെ വിജിലൻസ് കോടതി 21 വരെ റിമാൻഡിൽ വിട്ടു.

പരുത്തിപ്പള്ളി റേഞ്ച് ഓഫീസറായിരിക്കെ ഇരുതലമൂരിയുമായി പിടിയിലായ സുജിത്ത്, രാജ്പാൽ എന്നിവരെ രക്ഷപെടുത്താൻ ഗൂഗിൾ പേയിലൂടെയും മറ്റും 1,45,000 രൂപ കൈക്കൂലി വാങ്ങിയതായി വനംവിജിലൻസ് കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ തിങ്കളാഴ്ച സുധീഷ് കുമാറിനെ അറസ്റ്റ് ചെയ്തത്. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി നേരത്തെ സസ്പെൻഷനിലായിരുന്ന സുധീഷ്, രണ്ട് മാസം മുമ്പാണ് കെ.എ.ടി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പാലോട് റേഞ്ച് ഓഫീസറായി ജോലിയിൽ തിരികെ പ്രവേശിച്ചത്. അറസ്റ്റിലായതിന്റെ പശ്ചാത്തലത്തിലാണ് വീണ്ടും സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.

പിരിച്ചുവിടാൻ നീക്കം

ഇരുതലമൂരി കടത്തിലെ കൈക്കൂലിക്കേസ് കൂടാതെ പത്തോളം അഴിമതി കേസുകൾ സുധീഷ് കുമാറിനെതിരേ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിലെല്ലാം കുറ്റക്കാരനാണെന്ന് വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ സർവീസിൽ നിന്ന് പിരിച്ചുവിടാൻ വനം സെക്രട്ടറി നേരത്തെ മന്ത്രിക്ക് ശുപാർശ നൽകിയെങ്കിലും നടപടിയുണ്ടായില്ല. അറസ്റ്റിലായ സാഹചര്യത്തിൽ പിരിച്ചുവിടുന്നതിനുള്ള നടപടികൾ വനംവകുപ്പ് സജീവമാക്കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BRIBE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA