
തിരുവനന്തപുരം: 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള സമ്പൂർണ ബഡ്ജറ്റ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. ക്ഷേമ പെൻഷനിൽ 200 രൂപയുടെയെങ്കിലും വർദ്ധന പ്രതീക്ഷിക്കുന്നു. വിവാദ കിഫ്ബി റോഡ് ടോൾ പിരിവ് പ്രഖ്യാപനമുണ്ടാകുമോ എന്നാണ് ജനത്തിന്റെ ആശങ്ക. എങ്കിലും, ഈ വർഷം അവസാനം തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബഡ്ജറ്റ് ജനപ്രിയമാകാനാണ് സാദ്ധ്യത.
മെഡിസെപ് പുന:സംഘടന, സർക്കാർ ജീവനക്കാർക്ക് ഡി.എ കുടിശിക, അടുത്ത ശമ്പളകമ്മിഷൻ എന്നിവയിലും പ്രഖ്യാപനം പ്രതീക്ഷിക്കുന്നു. പങ്കാളിത്തപെൻഷൻ പിൻവലിക്കണമെന്ന ആവശ്യം സി.പി.ഐയുൾപ്പെടെ ആവശ്യപ്പെട്ടിട്ടുണ്ട്. ഏകീകൃത പെൻഷൻ കൊണ്ടുവരുമെന്ന് കഴിഞ്ഞ ബഡ്ജറ്റിൽ പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നില്ല. കേന്ദ്രം പുതിയ പെൻഷൻ പദ്ധതി പ്രഖ്യാപിച്ച സാഹചര്യത്തിൽ പങ്കാളിത്ത പെൻഷനിൽ നിന്ന് പിൻമാറുമെന്ന സൂചനയെങ്കിലും ബഡ്ജറ്റിലുണ്ടായേക്കും.
വയനാട് പുനരധിവാസത്തിൽ സംസ്ഥാനത്തിന്റെ പദ്ധതി പ്രഖ്യാപിക്കും. വിഴിഞ്ഞം വ്യവസായ ഇടനാഴി പ്രഖ്യാപനവും പ്രതീക്ഷിക്കാം.
നികുതി വർധനയ്ക്ക് സാദ്ധ്യത കുറവാണ്. എന്നാൽ ഭൂമിയുടെ ന്യായവില വർദ്ധനയ്ക്ക് സാദ്ധ്യതയുണ്ട്. വന്യജീവി പ്രശ്നപരിഹാരത്തിന് കുടുതൽ പരിഗണന നൽകിയേക്കും. ഒരു വർഷം കൊണ്ട് തീർക്കാവുന്ന പദ്ധതികൾ പ്രതീക്ഷിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |