SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.18 AM IST

സർക്കാർ വകുപ്പുകളിൽ അപ്രന്റീസ് ട്രെയിനികൾ

p

തിരുവനന്തപുരം: സർക്കാർ, അർദ്ധസർക്കാർ വകുപ്പുകളിൽ ജോബ് റോളുകൾക്ക് അനുസൃതമായി അപ്രന്റീസ് ട്രെയിനികളെ നിയമിക്കുന്നതിന് മന്ത്രിസഭായോഗത്തിന്റെ അനുമതി. ട്രെയിനികൾക്ക് ഡയറക്ടർ ജനറൽ ഒഫ് ട്രെയിനിംഗ് (ഡി.ജി.ടി) പുറപ്പെടുവിച്ചിട്ടുള്ള പുതുക്കിയ നിബന്ധനകൾപ്രകാരം സ്റ്റൈപന്റ് നൽകും. ട്രെയിനികളുടെ നിയമനത്തിന് ഓരോ വകുപ്പുകളും സ്വന്തം പ്ലാൻഫണ്ടിൽ നിന്ന് പണം മാറ്റിവയ്ക്കുന്നതിന് പകരമായി ഒരു 'കോമൺ പൂൾ ഫണ്ട്' രൂപീകരിക്കും.

ഓരോ വകുപ്പുകളിലും പുതിയതായോ താത്കാലികമായോ ഉണ്ടാകുന്ന ഡസിഗ്നേറ്റഡ് ട്രേഡുകളിലെ ഒഴിവുകളിൽ അപ്രന്റീസുകളെ നിയമിക്കാം. നിലവിൽ അഞ്ച് ശതമാനത്തിന് താഴെ അപ്രന്റീസുകളെ നിയമിച്ചിട്ടുള്ള വകുപ്പുകളിൽ 15%വരെയായി വർദ്ധിപ്പിക്കാം. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിലെ സ്ഥിരം തസ്തികകളിലെ സ്ഥിരം ജീവനക്കാർക്ക് പതിനൊന്നാം ശമ്പള പരിഷ്കരണം അനുവദിക്കും. വെച്ചൂർ മോഡേൺ റൈസ് മില്ലിലെ അംഗീകൃത തസ്തികകളിലെ സ്ഥിരം ജീവനക്കാർക്ക് 2019 ജൂലായ് മുതൽ മുൻകാല പ്രാബല്യത്തോടെ 11-ാം ശമ്പള പരിഷ്കരണം ​അനുവദിച്ചു.

കെട്ടിട നിർമ്മാണത്തൊഴിലാളി ക്ഷേമ ബോർഡിലെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത്, പെൻഷനടക്കം വിതരണം ചെയ്യുന്നതിന് സർക്കാർ ഗ്യാരന്റിയോടെ വിവിധ ബോർഡുകളിൽ നിന്ന് വായ്പയെടുക്കാൻ അനുമതി നൽകി. ചുമട്ടുത്തൊഴിലാളി ക്ഷേമബോർഡ്- 100 കോടി, കള്ള് വ്യവസായത്തൊഴിലാളി ക്ഷേമനിധി- 185 കോടി, മോട്ടോർത്തൊഴിലാളി ക്ഷേമനിധി ബോർഡ്- 50 കോടി വീതമാവും നൽകുക. ബെവ്കോ ഔട്ട്ലെറ്റുകളിലെ ജീവനക്കാർക്ക് ശമ്പളത്തിനുപുറമേ മൂന്ന് സ്ലാബുകളിലായി അനുവദിച്ച പ്രതിദിന അലവൻസ്, കേഡർ വ്യത്യാസമില്ലാതെ 550 രൂപയായി വർദ്ധിപ്പിക്കും.

കാലാവധി ദീർഘിപ്പിച്ചു

ഇൻഫോപാർക്ക്സ് കേരളയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുശാന്ത് കുരുന്തിലിന്റെ സേവനകാലാവധി ഒരു വർഷത്തേയ്ക്ക് ദീർഘിപ്പിച്ചു. സിറിയക് ജോർജ് മാമ്പലത്തിന് അഗ്രോ മെഷിനറി കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറായും ഡയറക്ടർ ബോർഡ് അംഗമായും നിയമനം നൽകും. പരിക്കുമൂലം കായികരംഗത്തുനിന്നും പൂർണമായി വിട്ടുനിൽക്കേണ്ടി വന്ന മുൻകാല ദേശീയ കായികതാരം നിഷ ജോണിന് പൊതുമരാമത്ത് വകുപ്പിൽ ക്ലാർക്ക് തസ്തികയിൽ നിയമനം നൽകും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CABINET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA