SignIn
Kerala Kaumudi Online
Friday, 23 October 2026 11.27 PM IST

നാളെ ലോക ക്യാൻസർ ദിനം സ്ത്രീകളിൽ ക്യാൻസർ ബാധ കണ്ടെത്താൻ ജനകീയ ക്യാമ്പയിൻ

ss
f

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകളിൽ ക്യാൻസർ വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രാരംഭഘട്ടത്തിൽതന്നെ രോഗനിർണയം നടത്തി അവരെ ചികിത്സയ്ക്ക് പ്രേരിപ്പിക്കാൻ ജനകീയ ക്യാമ്പയിനുമായി സർക്കാർ. കുടുംബശ്രീ, വനിതാസംഘടനകൾ, വനിതാ കൂട്ടായ്മകൾ എന്നിവയുടെ സഹകരണത്തോടെയാണിത്. സ്തനാർബുദം, ഗർഭാശയ ഗളാർബുദം എന്നിവയടക്കം കണ്ടെത്തി ചികിത്സയും മറ്റു സഹായങ്ങളും ഉറപ്പാക്കുകയാണ് ലക്ഷ്യം. തദ്ദേശസ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാകും ക്യാമ്പയിൻ.

രോഗം കണ്ടെത്തിയാൽ അതിജീവിക്കാനാകുമെന്ന ആത്മവിശ്വാസം പകർന്നു നൽകും. പരമാവധി സർക്കാർ സഹായത്തോടെ രോഗമുക്തി നേടാൻ സഹായിക്കും. സ്ത്രീകളിലൂടെ സ്ത്രീകൾക്കെന്ന പേരിൽ നടപ്പാക്കുന്ന ക്യാമ്പയിന്റെ ആദ്യഘട്ടം ലോക ക്യാൻസർ ദിനമായ നാളെ ആരംഭിക്കും. വനിതാദിനമായ മാർച്ച് എട്ടിന് സമാപിക്കും. 'ആരോഗ്യം ആനന്ദം, അകറ്റാം അർബുദം' എന്നപേരിലുള്ള ജനകീയ ക്യാമ്പയിന്റെ ആദ്യഘട്ടമാണ് സ്ത്രീകൾക്കായി നടപ്പാക്കുന്നത്.

സർക്കാർ, സ്വകാര്യ ആശുപത്രികളെ ക്യാമ്പയിന്റെ ഭാഗമാക്കും. ആർദ്രം മിഷന്റെ ഭാഗമായി ശൈലീആപ്പ് വഴി ആരോഗ്യവകുപ്പ് നടത്തിയ സ്‌ക്രീനിംഗിൽ 30വയസിന് മുകളിലുള്ള സ്ത്രീകളും പുരുഷൻമാരുമടക്കം ഒൻപത് ലക്ഷത്തോളം പേർക്ക് ക്യാൻസർ ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു. ഇതിൽ 1.5 ലക്ഷംപേർ മാത്രമാണ് തുടർപരിശോധനയ്ക്ക് തയ്യാറായത്. ഈ സഹചര്യത്തിലാണ് ക്യാമ്പയിൻ.

1.75 ലക്ഷം സ്ത്രീകളിൽ

ക്യാൻസർ ലക്ഷണം

ആർദ്രം സ്ക്രീനിംഗിൽ 1.75 ലക്ഷം സ്ത്രീകളിലാണ് സ്തനാർബുദത്തിന്റെയും (79,000 പേർക്ക്) ഗർഭാശയ ഗളാർബുദത്തിന്റെയും (96,000) ലക്ഷണങ്ങൾ കണ്ടെത്തിയത്. ഇവരോട് തുടർപരിശോധനയ്ക്ക് നിർദ്ദേശിച്ചെങ്കിലും ഭൂരിഭാഗംപേരും തയ്യാറായില്ല. നേരത്തെ കണ്ടെത്തിയാൽ ചികിത്സിച്ച് ഭേദമാക്കാവുന്നതാണിത്.

ചികിത്സയ്ക്ക് മടിക്കുന്നതിന് കാരണം

ഭാരിച്ച ചികിത്സാചെലവ്. സാമ്പത്തിക പ്രതിസന്ധി

രോഗം ബാധിച്ചാൽ അതിജീവിക്കില്ലെന്ന പേടി

കുട്ടികളുടെ ഭാവി, കുടുംബത്തെ കുറിച്ചുള്ള ആശങ്ക

സ്തനാർബുദ നിരക്ക്

11.5%

രാജ്യത്ത്

13.5%

കേരളത്തിൽ

1,956

ആർ.സി.സിയിൽ ചികിത്സതേടിയവർ (2021-22)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CANCER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA