
തിരുവനന്തപുരം: മൂന്നുദിവസം മുൻപ് കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ സ്ഥാനത്ത് നിന്ന് കോസ്റ്റൽ പൊലീസ് എ.ഐ.ജിയാക്കിയ ചൈത്ര തെരേസാ ജോണിനെ വീണ്ടും സ്ഥലംമാറ്റി. സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ചിലെ ടെക്നിക്കൽ ഇന്റലിജൻസ് വിഭാഗം എസ്.പിയായാണ് മാറ്റിയത്. ചൈത്രയുടെ ആവശ്യപ്രകാരമാണ് സ്ഥലംമാറ്റമെന്നാണ് ഔദ്യോഗിക വിശദീകരണം. പൊലീസ് പോളിസി വിഭാഗം എ.ഐ.ജിയായിരുന്ന പദം സിംഗിനെ കോസ്റ്റൽ പൊലീസ് എ.ഐ.ജിയാക്കി. ജെ.കിഷോർ കുമാറിനെ എ.ഐ.ജി (പോളിസി) ആയും നിയമിച്ചു.
മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡൽ;
ഇന്ന് വിതരണം ചെയ്യും
തിരുവനന്തപുരം: വനംവകുപ്പിലെ 51 ഉദ്യോഗസ്ഥർക്ക് 2023ലെയും 2024ലെയും വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡൽ നൽകും. ഇന്ന് വൈകിട്ട് 5ന് വനം ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരങ്ങൾ വിതരണം ചെയ്യും. മന്ത്രി എ.കെ.ശശീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.
ലോകായുക്തയിൽ ജനുവരി 1ന്
എത്തിയത് 144 പരാതികൾ
തിരുവനന്തപുരം: കേരള ലോകായുക്തയിൽ ജനുവരി 1ന് മാത്രമെത്തിയത് 144 പരാതികൾ. ആദ്യമായാണ് ഇത്രയധികം പരാതികളെത്തുന്നതെന്ന് ലോകായുക്തയിലെ ഉദ്യോഗസ്ഥർ പറയുന്നു. വിവിധ സർക്കാർ വകുപ്പുകളിലെ നടപടികളിലുള്ള പരാതികളാണ് അധികവും. പരാതികളിൽ വേഗം തീർപ്പുണ്ടാകുന്ന സാഹചര്യത്തിലാണ് ഇത്രയധികം പരാതികൾ നൽകുന്നത്. ക്രിസ്മസ് അവധിക്കാലത്ത് ലോകായുക്ത ജസ്റ്റിസ് എൻ.അനിൽ കുമാർ രാത്രി വൈകിയും പ്രത്യേക സിറ്റിംഗ് നടത്തി നിരവധി പരാതികൾക്ക് തീർപ്പുണ്ടാക്കിയിരുന്നു.
പ്രൊഫ. രാജൻ ഗുരുക്കൾ ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് ജനറൽ പ്രസിഡന്റ്
തിരുവനന്തപുരം: ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസിന്റെ അടുത്ത സെഷനിലേക്കുള്ള ജനറൽ പ്രസിഡന്റ് ആയി പ്രൊഫ. രാജൻ ഗുരുക്കളെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തു. മഹാത്മാഗാന്ധി സർവകലാശാലയിലെ മുൻ വൈസ് ചാൻസലറും, നിലവിൽ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനുമാണ് രാജൻ ഗുരുക്കൾ.
ദത്തോ വാമൻ പൊട്ടാർ ആദ്യ പ്രസിഡന്റ് ആയി 1935 ൽ പുണെയിലാണ് ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് സ്ഥാപിതമായത്.
ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസിന്റെ ജനറൽ പ്രസിഡന്റ് എന്ന പദവി അലങ്കരിക്കുന്ന നാലാമത്തെ മലയാളിയാണ് പ്രൊഫ. ഗുരുക്കൾ. സർദാർ കെ. എം പണിക്കർ (1955), പ്രൊഫ. കെ. എൻ. പണിക്കർ (2008), പ്രൊഫ. കേശവൻ വെളുത്താട്ട് (2022) എന്നിവരാണ് അദ്ദേഹത്തിന്റെ മുൻഗാമികൾ.
സംഘടനയെ കൂടുതൽ ഉയരങ്ങളിലെത്തിക്കാൻ പ്രൊഫസർ ഗുരുക്കൾ പ്രാപ്തനാണെന്ന് കോൺഗ്രസ് വൈസ് പ്രസിഡന്റ് പ്രൊഫ. കേശവൻ വെളുത്താട്ട് അഭിപ്രായപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |