SignIn
Kerala Kaumudi Online
Thursday, 22 October 2026 5.43 PM IST

അദ്ധ്യയനം നാടകവഴിയിൽ കുട്ടികൾക്ക് ഇംഗ്ലീഷ് ഈസി

theatre

കോഴിക്കോട്: ഇംഗ്ളീഷ് പാഠപുസ്തകത്തിലെ കഥ നാടകമാക്കാൻ അദ്ധ്യാപകർ പറഞ്ഞപ്പോൾ നാലുമുതൽ എട്ടാംക്ളാസ് വരെയുള്ള കോഴിക്കോട്ടെ അഞ്ച് ഗവ. സ്കൂളുകളിലെ നൂറോളം വിദ്യാർത്ഥികൾ അമ്പരന്നു. മലയാളം മീഡിയത്തിൽ പഠിക്കുന്ന തങ്ങൾക്ക് ഇംഗ്ലീഷ് നാടകം വഴങ്ങുമോ എന്ന് ആശങ്ക. ധൈര്യം പകർന്ന് അദ്ധ്യാപകർ.

ആദ്യം മലയാളത്തിൽ ഡയലോഗെഴുതി. അദ്ധ്യാപകരുടെ പിന്തുണയോടെ ഇംഗ്ളീഷിലേക്ക് മൊഴിമാറ്റി. പരിശീലനത്തിനു ശേഷം ഇംഗ്ളീഷ് ഡയലോഗ് ഈസിയായി പറഞ്ഞ് അഭിനയിച്ചു.

നാടകസങ്കേതങ്ങൾ ഭാഷാപഠനത്തിന് ഏറെ സഹായിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ വിദ്യാർത്ഥികൾ.

കോഴിക്കോട്ടെ നടക്കാവ് ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസ്, മെഡിക്കൽ കോളേജ് ക്യാമ്പസ് ജി.എച്ച്.എസ്.എസ്, ജി.എച്ച്.എസ്.എസ് കാരപ്പറമ്പ്, ജി.എം.യു.പി.എസ് പുതിയങ്ങാടി, ജി.യു.പി.എസ് മലാപ്പറമ്പ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികളാണ് പങ്കെ‌ടുത്തത്. ഇംഗ്ളീഷിൽ അഞ്ച് നാടകങ്ങളും കുമ്മാട്ടി എന്ന മലയാളം കവിതയുടെ നൃത്താവിഷ്കാരവുമുണ്ടായി.

മലയാളം മീഡിയം കുട്ടികൾക്ക് ഇംഗ്ളീഷ് ഭാഷ അനായാസമാക്കാനാണ് 'തിയേട്രിക്കോസ്' എന്ന പരിപാടി നടത്തിയത്. പരീക്ഷണം വിജയിച്ചതോടെ കോഴിക്കോട്ടെ എല്ലാ പൊതുവിദ്യാലയങ്ങളിലേക്കും തുടർന്ന് സംസ്ഥാനതലത്തിലും വ്യാപിപ്പിക്കാനാണ് നീക്കം.

വേനലവധിക്കും പരിശീലനം

വേനലവധിക്കാലത്ത് കൂടുതൽ പാഠഭാഗങ്ങൾ നാടകങ്ങളാക്കും. ബഹുമുഖ ഇടപെടലിലൂടെ സർക്കാർ സ്കൂളുകളുടെ നിലവാരമുയർത്താനുള്ള 'പ്രിസം' പദ്ധതിയുടെ ഭാഗമായാണിത്. ഡയറ്റ്, പൊതുവിദ്യാഭ്യാസ വകുപ്പ്, കോഴിക്കോട് കോർപ്പറേഷൻ, ഫെെസൽ ആൻഡ് ഷബാന ഫൗണ്ടേഷൻ, ഡാൻസിംഗ് തിയേറ്റർ എന്നിവയുമായി സഹകരിച്ചാണ് കഴിഞ്ഞ മാസം 'തിയേട്രിക്കോസ്' പരിപാടി നടത്തിയത്.

ഇംഗ്ളീഷിൽ ഡയലോഗ് പറയുമ്പോൾ ആദ്യമൊക്കെ കൺഫ്യൂഷനായിരുന്നു. പിന്നെ മാറി. ടോട്ടോചാന്റെ കഥയാണ് നാടകമാക്കിയത്

-മഹേശ്വർ

ഏഴാംക്ലാസ് വിദ്യാർത്ഥി

പഠനവെല്ലുവിളികളും പഠനത്തിൽ പിന്നാക്കം നിൽക്കുന്നവരുമായ കുട്ടികൾപോലും ഇംഗ്ളീഷിൽ മികവു കാട്ടി. മലയാളം മീഡിയം വിദ്യാർത്ഥികൾ ഇംഗ്ളീഷിൽ ശോഭിക്കില്ലെന്ന ധാരണ തിരുത്തേണ്ടതാണ്

- ഡോ. അബ്ദുന്നാസർ

പ്രിൻസിപ്പൽ, ഡയറ്റ്, കോഴിക്കോട്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CLASS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA