SignIn
Kerala Kaumudi Online
Thursday, 22 October 2026 8.56 PM IST

കേരള നേതാക്കളുമായി നാളെ ഡൽഹിയിൽ ചർച്ച,​ കോൺ. നേതൃമാറ്റം ഉണ്ടായേക്കും,​ അടൂർ പ്രകാശിനും ബെന്നി ബഹനാനും സാദ്ധ്യത

READ ENGLISH VERSION

congress

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ പടലപ്പിണക്കം മാറ്റാനുള്ള നിർണായക യോഗം നാളെ ഡൽഹിയിൽ നടക്കും. കെ.പി.സി.സി നേതൃമാറ്റമുണ്ടാകുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. നേതൃത്വത്തിൽ അപ്പാടെ മാറ്റം നിർദ്ദേശിച്ചുള്ള റിപ്പോർട്ട് തിരഞ്ഞെടുപ്പ് ടാസ്ക് ഫോഴ്സ് അംഗം സുനിൽ കനുഗോലു ഹൈക്കമാൻഡിന് സമർപ്പിച്ചെന്നാണ് അറിയുന്നത്.

കെ.പി.സി.സി പ്രസിഡന്റിനെ നിശ്ചയിക്കുന്നതിൽ പ്രധാന കടമ്പ സാമുദായികമാണ്. അടൂർപ്രകാശ്, ബെന്നി ബഹനാൻ, കൊടിക്കുന്നിൽ സുരേഷ്, ആന്റോആന്റണി തുടങ്ങിയ പേരുകളാണ് കേൾക്കുന്നത്. പ്രസിഡന്റിനെ മാറ്റിയാൽ പത്ത് ഡി.സി.സി പ്രസിഡന്റുമാർക്കെങ്കിലും മാറ്റമുണ്ടാവും. മാറ്റങ്ങൾ തീരുമാനിച്ചാൽ ഏപ്രിലിന് മുമ്പ് നടപ്പാവും.

തരൂർ വിവാദം വലിയ തലത്തിൽ ചർച്ചയായതോടെ കെ.പി.സി.സി പ്രസിഡന്റു മാറ്റത്തെക്കുറിച്ച് ഹൈക്കമാൻഡ് ഗൗരവമായി ചിന്തിക്കുന്നുണ്ട്.നേതൃമാറ്റമുണ്ടെങ്കിൽ, ചുമതലയിൽ ഇരിക്കുന്നവരുമായി ഹൈക്കമാൻഡ് മുൻകൂട്ടി ആശയവിനിമയം നടത്തുന്നതാണ് പതിവ്. എന്നാൽ കെ.സുധാകരനുമായി അത്തരത്തിൽ ആശയവിനിമയം നടന്നിട്ടില്ല.

കെ.പി.സി.സി അദ്ധ്യക്ഷൻ, മുൻ അദ്ധ്യക്ഷന്മാർ, പ്രതിപക്ഷ നേതാവ്, വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ, എം.പിമാർ എന്നിവരെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടുള്ളത്. മുതിർന്ന നേതാക്കളുടെ അഭിപ്രായം തീരുമാനങ്ങളെ സ്വാധീനിച്ചേക്കും. അതേസമയം,​ തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടി അടിത്തറ ശക്തിപ്പെടുത്താനുള്ള തന്ത്രങ്ങൾ മെനയലാണ് യോഗത്തിലെ മുഖ്യ അജൻഡയെന്നാണ് നേതാക്കൾ പറയുന്നത്. ദേശീയ തലത്തിൽ പ്രാധാന്യമുള്ള പദവി നൽകി തരൂരിനെ മെരുക്കാനും സാദ്ധ്യതയുമുണ്ട്.

ഇന്ന് യു.ഡി.എഫ് യോഗം

കോൺഗ്രസിലെ പ്രശ്നങ്ങളിൽ ലീഗ് ഉൾപ്പെടെ അസംതൃപ്തി പ്രകടിപ്പിച്ചിരിക്കേ, ഇന്ന് കളമശ്ശേരിയിൽ യു.ഡി.എഫ് യോഗം ചേരുന്നുണ്ട്. ഇവിടെ ഉയരുന്ന അഭിപ്രായങ്ങളും നാളത്തെ ചർച്ചകളെ സ്വാധീനിക്കാം.ഇതിൽ പങ്കെടുത്തശേഷമാവും കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഡൽഹിക്ക് പോകുന്നത്. കേരളത്തിലെ പ്രശ്നങ്ങൾ കോൺഗ്രസ് ദേശീയ നേതൃത്വത്തെ ധരിപ്പിക്കണമെന്ന് ഘടകക്ഷികൾ തീരുമാനിച്ചിട്ടുണ്ട്.

സാമുദായികം പ്രധാനം

# ഉമ്മൻചാണ്ടിയുടെ വിയോഗത്തോടെ ക്രൈസ്തവ വിഭാഗത്തിന് നേതൃത്വത്തിൽ വലിയ പങ്കില്ലെന്ന ആക്ഷേപത്തിന് ബെന്നിബഹനാനിലൂടെയോ ആന്റോ ആന്റണിയിലൂടെയോ പരിഹാരമെന്നാണ് ഒരു വാദം.

# എന്നാൽ,​ ഏറ്റവും വലിയ സമുദായമായ ഈഴവർക്ക് പാർട്ടിയിൽ ആകെ ഒരു നിയമസഭാംഗം. ലോക്‌സഭയിൽ രണ്ടും. സുധാകരനെ മാറ്റിയാൽ അടൂരിനെ പ്രസി‌ഡന്റാക്കണമെന്ന ആവശ്യം അതുകൊണ്ട് തള്ളാനാവില്ല

# സംഘടനാരംഗത്തും ഭരണത്തിലും നേടിയ പ്രാവീണ്യവും ജനസമ്മതിയും അടൂർ പ്രകാശിന് പ്ളസ് പോയിന്റാണ്. റെയിൽവെയുമായി ബന്ധപ്പെട്ട പാർലമെന്ററി സമിതി യോഗത്തിനെത്തിയ അടൂർ പ്രകാശ് ഡൽഹിയിലുണ്ട്

# ദളിത് വിഭാഗത്തിന് പ്രസിഡന്റ് പദവി നൽകണമെന്ന് തീരുമാനിച്ചാൽ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിലിന് നറുക്ക് വീഴും

'ഹൈക്കമാൻഡ് തീരുമാനം എന്തായാലും അംഗീകരിക്കും. എന്നെ പദവിയിൽ നിന്ന് മാറ്റിയാലും പരാതിയില്ല,'

-കെ.സുധാകരൻ,​

കെ.പി.സി.സി അദ്ധ്യക്ഷൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CONGRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA