SignIn
Kerala Kaumudi Online
Thursday, 22 October 2026 12.40 PM IST

നയിക്കാൻ മൂന്നാമതും പിണറായി?

READ ENGLISH VERSION
cpm

കൊല്ലം: 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിനെ ആരു നയിക്കും? പാർട്ടി നിശ്ചയിച്ച പ്രായപരിധിയും ടേം നിബന്ധനയും നിർബന്ധമാക്കിയാൽ പിണറായി വിജയന് ഒഴിയേണ്ടിവരും. എന്നാൽ, ഇന്ത്യയിലെ ഏക കമ്മ്യൂണിസ്റ്റ് സർക്കാരിന് ഭരണത്തുടർച്ച ലഭിക്കാൻ പിണറായിക്ക് മൂന്നാമതും അവസരം നൽകണമെന്ന പൊതുവികാരം സംസ്ഥാന സമ്മേളനത്തിൽ ഉയരാനാണിട.

ഇതിന്റെ സൂചനകളാണ് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും നൽകിയത് . 'കേരളത്തിൽ പാർട്ടിയെയും സർക്കാരിനെയും നയിക്കുന്നത് പിണറായിയുടെ കരുത്തിലാണ്. അതിനാൽ അദ്ദേഹത്തിന് ഇളവുണ്ട്"". പിണറായിയുടെ കരുത്തിലാണ് നവകേരള സൃഷ്ടിയെന്നും ഗോവിന്ദൻ പറഞ്ഞു. ഇതോടെ അടുത്ത തിരഞ്ഞെടുപ്പിലും പാർട്ടിയെ പിണറായി തന്നെ നയിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി.

പി.ബി അംഗമെന്ന നിലയിൽ പാർട്ടി കേന്ദ്രകമ്മിറ്റിയാണ് ഇക്കാര്യം ചർച്ച ചെയ്യേണ്ടതെങ്കിലും പ്രായപരിധിയുടെ കാര്യം സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന് പി.ബി കോ- ഓർഡിനേറ്റർ പ്രകാശ് കാരാട്ട് ഇന്നലെ പറഞ്ഞിരുന്നു. പാർട്ടി പി.ബിയിൽ ക്ഷണിതാവായി നിലനിറുത്താൻ സാദ്ധ്യതയുണ്ടെങ്കിലും തിരഞ്ഞെടുപ്പിൽ പിണറായിക്ക് ടേം നിബന്ധനയിൽ ഇളവ് നൽകിയേക്കും. ത്രിപുര മുൻ മുഖ്യമന്ത്രിയും പി.ബി അംഗവുമായ മണിക് സർക്കാരിനെ,​ 75 കഴിഞ്ഞെങ്കിലും ഇക്കുറി സംസ്ഥാന കമ്മിറ്റിയിൽ ഇളവോടെ നിലനിറുത്തിയിരുന്നു. സംസ്ഥാന സെക്രട്ടറിയായി എം.വി.ഗോവിന്ദനും തുടരുമെന്നുറപ്പായി.

 പുതുമുഖങ്ങൾ എത്തും

സംസ്ഥാന കമ്മിറ്റിയിലേക്ക് പുതുമുഖങ്ങൾ വരും. സെക്രട്ടേറിയറ്റിലേക്ക് നാലു പുതുമുഖങ്ങൾ വന്നേക്കും. 75 വയസ് പ്രായപരിധി കർശനമാക്കിയാൽ പി.കെ.ശ്രീമതി, എ.കെ.ബാലൻ, ആനാവൂർ നാഗപ്പൻ എന്നിവർ സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാകും. പകരം മന്ത്രി എം.ബി.രാജേഷ്, കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, കോഴിക്കോട് മുൻ ജില്ലാ സെക്രട്ടറി പി.മോഹനൻ എന്നിവർക്കാണ് സാദ്ധ്യത. അതേസമയം കണ്ണൂരിൽ നിന്നുള്ള മുതിർന്ന നേതാവ് പി.ജയരാജനെ പതിവായി തഴയുന്നത് ഇക്കുറി ചർച്ചയാവും. പി.കെ.ശ്രീമതിയുടെ ഒഴിവിൽ ജെ.മേഴ്‌സിക്കുട്ടിഅമ്മ സംസ്ഥാന സെക്രട്ടേറിയറ്റിലേക്കെത്തിയേക്കും. ആനാവൂർ നാഗപ്പന്റെ ഒഴിവിൽ കടകംപള്ളി സുരേന്ദ്രന്റെ പേരാണ് സജീവ പരിഗണനയിലുള്ളത്. ജനുവരിയിൽ 75 വയസ് പൂർത്തിയാവാത്തതിനാൽ ഇ.പി.ജയരാജനും ടി.പി.രാമകൃഷ്ണനും തുടരും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA