
തിരുവനന്തപുരം: നിലവിളക്കിന് മുന്നിൽ ആദ്യാക്ഷരം കുറിക്കാൻ ആചാര്യന്മാർ നിരന്നു, ദക്ഷിണ വച്ച് കുരുന്നുകളും. കുരുന്നുകണ്ണുകളിൽ കൗതുകം. ചിലർ ചുറ്റും നിരന്നവരെ നോക്കി. ചിലർക്ക് അത്യുത്സാഹം. മറ്റ് ചിലർക്ക് സങ്കോചം, ചിണുങ്ങിക്കരച്ചിൽ. കേരളകൗമുദിയും വെൺപാലവട്ടം ശ്രീഭഗവതി ക്ഷേത്ര ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച ക്ഷേത്രാങ്കണത്തിലെ വിദ്യാരംഭച്ചടങ്ങായിരുന്നു വേദി.
വി.എസ്.എസ്.സി മുൻ ഡയറക്ടർ ഡോ.എം.ചന്ദ്രദത്തൻ, പ്രമുഖ ന്യൂറോ സർജൻ ഡോ.എം.മാർത്താണ്ഡപിള്ള, ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ.അച്യുത്ശങ്കർ എസ്.നായർ, രാജധാനി ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ.ബിജു രമേശ്, ഡോ.വൈഗാ രശ്മി എന്നിവർ ആചാര്യ സ്ഥാനം വഹിച്ച് കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ചു. ന്യൂറോ സർജൻ ഡോ.എം.മാർത്താണ്ഡപിള്ള, വി.എസ്.എസ്.സി മുൻ ഡയറക്ടർ ഡോ.എം.ചന്ദ്രദത്തൻ, രാജധാനി ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ.ബിജു രമേശ് തുടങ്ങിയവർ ചേർന്ന് ഭദ്രദീപം തെളിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. രാവിലെ 7.50നായിരുന്നു വിദ്യാരംഭച്ചടങ്ങ് ആരംഭിച്ചത്. പത്തുവരെ നീണ്ടു.
വലുതാകുമ്പോൾ ആരാകണമെന്നും പഠിക്കാൻ ഇഷ്ടമാണോയെന്നും ആചാര്യന്മാർ ചോദിച്ചു. പാടാനും വരയ്ക്കാനും ഇഷ്ടമെന്നായിരുന്നു ചിലരുടെ മറുപടി. പൊലീസാകണമെന്നും സിനിമാ നടനാകണമെന്നും നിഷ്കളങ്കമായി മറ്റുചിലർ മറുപടി നൽകി. ആദ്യാക്ഷരം കുറിക്കാനെത്തിയവർക്ക് കേരളകൗമുദിയുടെ സമ്മാനവും ക്ഷേത്രത്തിന്റെ വകയായി സർട്ടിഫിക്കറ്റും കൈമാറി. കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്.രാജേഷ്, യൂണിറ്റ് ചീഫ് ആർ.ചന്ദ്രദത്ത്, പരസ്യ വിഭാഗം ചീഫ് മാനേജർ വിമൽകുമാർ, കൗമുദി ടി.വി ജനറൽ മാനേജർ എ.സുധീർ കുമാർ, സർക്കുലേഷൻ മാനേജർ പ്രദീപ് കാച്ചാണി, പ്രൊഡക്ഷൻ ഹെഡ് കെ.എസ്.സാബു തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |