
കൊല്ലം: പ്രത്യയശാസ്ത്ര വിഭാഗീയതയ്ക്ക് ആദ്യ വിത്തുവീണ കൊല്ലത്താണ് ഇത്തവണ സി.പി.എം സംസ്ഥാന സമ്മേളനം. 30 വർഷങ്ങൾക്കിപ്പുറം വിഭാഗീയത പൂർണമായും അണഞ്ഞെന്ന് പാർട്ടി നേതൃത്വം അവകാശപ്പെടുമ്പോഴും അതൃപ്തരായ നേതാക്കൾ ഉയർത്തുന്ന വെല്ലുവിളികളും അടിത്തട്ടിലെ പൊട്ടിത്തെറികളുമാണ് ഇപ്പോൾ പാർട്ടിക്ക് തലവേദന. രണ്ട് ടേം നിബന്ധനയിൽ മത്സരിക്കാൻ അവസരം നഷ്ടപ്പെട്ട ജി.സുധാകരനും തോമസ് ഐസക്കും ആരോഗ്യമന്ത്രിയെന്ന നിലയിൽ പേരെടുത്തിട്ടും തുടർഭരണത്തിൽ മാറ്റിനിറുത്തപ്പെട്ട കെ.കെ.ശെലജയും ഒതുക്കപ്പെട്ട മുതിർന്ന നേതാവ് പി.ജയരാജനുമൊക്കെ നിലവിൽ ഏറെക്കുറേ നിശബ്ദരാണ്. കീഴ്ഘടകങ്ങളിൽ പ്രാദേശിക നേതാക്കൾക്കെതിരെ അഴിമതിയും സാമ്പത്തിക ക്രമക്കേടും മാഫിയാ ബന്ധവും അടക്കമുള്ള ആരോപണങ്ങൾ പരസ്യ മുദ്രാവാക്യങ്ങളായി ഉയരുന്നു. ശക്തികേന്ദ്രങ്ങളായ തിരുവനന്തപുരം, പാലക്കാട്, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് പ്രശ്നങ്ങൾ. വ്യക്തികളെ കേന്ദ്രീകരിച്ചുള്ള വിഭാഗീയ പ്രവർത്തനങ്ങൾക്ക് താക്കീതുണ്ടാകും. വി.എസ്- പിണറായി പോരുപോലെ സംഘടിത സ്വഭാവത്തിലല്ല ഇപ്പോഴത്തെ പ്രശ്നങ്ങളെങ്കിലും അച്ചടക്കത്തിന്റെ വാളുയർത്തി അടിച്ചമർത്താനാണ് നേതൃത്വത്തിന്റെ തീരുമാനം.
തീപ്പൊരി വീണ കൊല്ലം
വിഭാഗീയതയെ തുടർന്ന് സംസ്ഥാന കമ്മിറ്റിയിലേക്ക് മത്സരം നടന്ന ചരിത്രമുണ്ട് കൊല്ലത്തിന്. പാർട്ടിയിൽ മോധാവിത്വം സ്ഥാപിച്ച സി.ഐ.ടി.യു പക്ഷത്തിനെതിരെ വി.എസ് വിഭാഗം ആദ്യമായി രണ്ടും കൽപ്പിച്ചിറങ്ങിയത് 1995ലെ കൊല്ലം സമ്മേളനത്തിൽ. ഔദ്യോഗിക പാനലിൽ ഉൾപ്പെട്ടിരുന്ന സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എൻ.പത്മലോചനനെ തോൽപ്പിച്ച് വി.എസ് പക്ഷത്തെ പി.രാജേന്ദ്രൻ സംസ്ഥാന കമ്മിറ്റിയിലെത്തി.
തുടർന്ന് 96ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വി.എസ് ഇടതു കോട്ടയായ മാരാരിക്കുളത്ത് തോറ്റു. ഇതോടെ വിഭാഗീയത ആളിപ്പടർന്നു. 98ൽ പാലക്കാട് സമ്മേളനത്തിൽ വി.എസ് പക്ഷം കരുത്ത് കാട്ടി സി.ഐ.ടി.യു നേതാക്കളെ വെട്ടിനിരത്തി. പാലക്കാട് സമ്മേളനത്തിൽ വി.എസിനെ പിന്തുണയ്ക്കുന്ന ചടയൻ ഗോവിന്ദനും അദ്ദേഹത്തിന്റെ വിയോഗത്തെ തുടർന്ന് വി.എസിന്റെ പിന്തുണയോടെ പിണറായി വിജയനും സെക്രട്ടറി പദത്തിലെത്തി. മലമ്പുഴയിൽ ജയിച്ച് പ്രതിപക്ഷ നേതാവായപ്പോൾ ജനകീയ വിഷയങ്ങളിലെ ഇടപെടലുകളിലൂടെ പുതിയൊരു പ്രതിഛായ സൃഷ്ടിച്ച് പാർട്ടി നേതൃത്വത്തെ അവഗണിച്ച് മുന്നോട്ടുപോയ വി.എസുമായി പിണറായി ഇടഞ്ഞത് വലിയ തർക്കങ്ങൾക്ക് വഴിവച്ചു. 2005ലെ മലപ്പുറം സമ്മേളനത്തിൽ വി.എസ് പക്ഷത്തിന്റെ മത്സരം കനത്ത തോൽവിയിലേക്ക് നയിച്ചു. ക്രമേണ വി.എസ് പാർട്ടിയിൽ ദുർബലനാവുകയും പിണറായി സമഗ്രാധിപത്യം നേടുകയും ചെയ്തു.
കീഴ്ഘടകങ്ങളിലെ പൊട്ടിത്തെറികൾ
ഇത്തവണ സംസ്ഥാനത്ത് പല ജില്ലകളിലും കീഴ്ഘടകങ്ങളിലുണ്ടായ പ്രശ്നം പരിഹരിക്കാൻ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് നേരിട്ടിടപെടേണ്ടി വന്നു. ലോക്കൽ കമ്മിറ്റി പ്രശ്നങ്ങൾ പറഞ്ഞു തീർക്കാൻ സംസ്ഥാന സെക്രട്ടറി നേരിട്ടു വരുന്നത് സി.പി.എമ്മിൽ അപൂർവമാണ്. സംസ്ഥാന സമ്മേളനത്തിന് വേദിയാവുന്ന കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ ഏരിയാ കമ്മിറ്റി പിരിച്ചുവിടേണ്ടി വന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |