SignIn
Kerala Kaumudi Online
Thursday, 22 October 2026 6.42 PM IST

ഭരണത്തുടർച്ച സുപ്രധാനം, തെറ്റുതിരുത്തൽ രേഖയിൽ മാത്രം

READ ENGLISH VERSION
cpm

കൊല്ലം: രൂപീകൃതമായത് മുതൽ സംഘടനാസമ്മേളനങ്ങളിൽ പിന്തുടർന്നുവന്ന നിശിതമായ സംഘടനാ പരിശോധന ഒതുക്കിവച്ച് അധികാരത്തുടർച്ചാ ശ്രമം പ്രധാന അജൻഡയായി മാറുന്ന കാഴ്ചയാണ് സി.പി.എമ്മിന്റെ കൊല്ലം സംസ്ഥാന സമ്മേളനം അവസാന ദിവസത്തിൽ എത്തുമ്പോൾ കാണുന്നത്.

ഭരണത്തുടർച്ചയ്ക്ക് വേണ്ടിയുള്ള രണ്ടാം നവകേരള രേഖ അടിസ്ഥാനമാക്കിയുള്ള പൊതുചർച്ചയ്ക്ക് ഇന്നലെ ഒരുദിവസം നീക്കിവച്ചു. മുഖ്യശ്രദ്ധ മുഖ്യമന്ത്രി അവതരിപ്പിച്ച 'നവകേരളത്തിനുള്ള പുതുവഴികൾ" എന്ന രണ്ടാം നവേകരള രേഖയിലേക്ക് തിരിഞ്ഞു. അതുകൊണ്ട് തന്നെ കേന്ദ്ര കമ്മിറ്റി തയ്യാറാക്കിയ കരട് രാഷ്ട്രീയ പ്രമേയം, കഴിഞ്ഞ മൂന്ന് വർഷക്കാലത്തെ സംഘടനാ പ്രവർത്തനം, സാർവ്വദേശീയ, ദേശീയ, സംസ്ഥാന രാഷ്ട്രീയ സ്ഥിതി എന്നിങ്ങനെ ഇതുവരെ ഏറ്റവും പ്രാധാന്യം കല്പിച്ചിരുന്നവയിലുള്ള പൊതുചർച്ചയ്ക്ക് കാര്യമായ കരുത്തുണ്ടായില്ല. മറ്റെന്തിനെക്കാളും വലുതായി പാർട്ടിയെ കണ്ടിരുന്ന സി.പി.എം എല്ലാത്തിനും മീതെ കൊല്ലം സമ്മേളനത്തിൽ ഭരണത്തുടർച്ചയെ പ്രതിഷ്ഠിക്കുകയായിരുന്നു.


നയങ്ങൾ മാറുന്നു

ഇന്നലെ വരെ വിളിച്ചിരുന്ന മുദ്രാവാക്യങ്ങളെയും സമരങ്ങളെയും കൊല്ലം സമ്മേളനത്തിൽ സി.പി.എം പരസ്യമായി തള്ളി. അധികാരത്തുടർച്ചയ്ക്കുള്ള രണ്ടാം നവകേരള രേഖയിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണവും സ്വകാര്യ നിക്ഷേപത്തിലൂടെയുള്ള വികസനവും കേരള സി.പി.എമ്മിന്റെ നയമായി പ്രഖ്യാപിച്ചിരിക്കുന്നു. ഇതിനിടെ കേന്ദ്ര സർക്കാർ പൊതുമേഖലയെ വിറ്റുതുലയ്ക്കുന്നതിനെതിരെ മേയിൽ ട്രേഡ് യൂണിയനുകൾ നടത്തുന്ന പണിമുടക്ക് വിജയിപ്പിക്കണമെന്ന പ്രമേയം പാസാക്കിയതു വൈരുദ്ധ്യമായി. കേന്ദ്ര സർക്കാർ നടപ്പാക്കുന്നത് കുത്തകകളുമായി ചേർന്നുള്ള ചങ്ങാത്ത മുതലാളിത്തമാണെന്നും സി.പി.എം ലക്ഷ്യമിടുന്നത് ജനോപകാരപ്രദമായ സ്വകാര്യ നിക്ഷേപമാണെന്നുമാണ് സംസ്ഥാന സെക്രട്ടറിയുടെ ഇതുസംബന്ധിച്ച ന്യായീകരണം.

തെറ്റുതിരുത്താൻ സമയമില്ല

പാർട്ടി പ്രവർത്തകർക്കും നേതാക്കൾക്കും ഇടയിൽ കടന്നുകൂടുന്ന തെറ്റായ പ്രവണതകളെക്കൂടി തിരുത്താനാണ് സി.പി.എം സമ്മേളനം. സഹകരണ ബാങ്കുകളിലെ ക്രമക്കേട് ജനങ്ങളിൽ അവമതിപ്പ് സൃഷ്ടിച്ചതും പ്രാദേശിക വിഭാഗീയതകളും പ്രവർത്തന റിപ്പോർട്ടിൽ തുറന്നുസമ്മതിച്ചെങ്കിലും ആഴത്തിലുള്ള പരിശോധനകളും ചർച്ചകളുമുണ്ടായില്ല. പാർട്ടിയിലെ ഒരു വിഭാഗത്തിനിടയിൽ വളരുന്ന പണത്തോടുള്ള ആർത്തി ചർച്ച ചെയ്യപ്പെട്ടില്ല. കൊൽക്കത്ത പ്ലീനത്തിലെ തെറ്റുതിരുത്തൽ രേഖ എത്രത്തോളം നടപ്പായെന്ന പരിശോധന ഉണ്ടാകുമെന്ന പ്രഖ്യാപനം നേതാക്കളുടെ വാർത്താസമ്മേളനത്തിൽ ഒതുങ്ങി.

 സമ്മേളനത്തിലും ക്യാപ്റ്റൻ പിണറായി

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലേത് പോലെ സംസ്ഥാന സമ്മേളനത്തിന്റെ ക്യാപ്റ്റനായും പിണറായി മാറി. മുഖ്യമന്ത്രിയെ വാനോളം പുകഴ്ത്തുന്ന പ്രവർത്തന റിപ്പോർട്ടിന്റെ ചുവടുപിടിച്ച് നടന്ന ചർച്ചയിൽ അദ്ദേഹത്തിനെതിരെ വിമർശനങ്ങൾ ഉയർത്താൻ ആരും തയ്യാറായതുമില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA