
തിരുവനന്തപുരം: സി.പി.ഒ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാൻ രണ്ടര മാസം മാത്രം ബാക്കി നിൽക്കെ ഏഴ് ബറ്റാലിയനുകളിലായി ആകെ നടന്നത് വെറും 1836 നിയമനം. 6,647 പേർ ഉൾപ്പെടുന്ന റാങ്ക് ലിസ്റ്റിൽ നിന്നാണിത്. കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ നിന്നും 4,788 നിയമനങ്ങൾ നടന്നിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പേരിലാണ് പൊലീസിലെ ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാത്തതെന്നാണ് ആരോപണം.
ഇക്കുറി നടന്ന നിയമനങ്ങളെല്ലാം റിട്ടയർമെന്റ് ഒഴിവുകൾ മാത്രമാണെന്നും പ്രൊമോഷൻ, സ്ഥലം മാറ്റം അടക്കമുള്ളവ ഇപ്പോഴും നിലനിൽക്കുകയാണെന്നും പറയുന്നു. റാങ്ക് ലിസ്റ്റ് നിലവിൽ വന്ന് രണ്ടുമാസത്തിനകം പ്രൊമോഷൻ വേക്കൻസി ഉണ്ടായെങ്കിലും എട്ടുമാസത്തിന് ശേഷവും അതൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു.
കഴിഞ്ഞ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർത്ഥികൾ നിയമനം ലഭിക്കാൻ സെക്രട്ടേറിയറ്റ് നടയിൽ മുട്ടിലിഴഞ്ഞും പുല്ലുതിന്നും സമരം നടത്തിയതിന് ശേഷമാണ് 4,788 നിയമനം വരെയെത്തിയത്. ഈ റാങ്ക് ലിസ്റ്റിൽ 13,975 പേരാണ് ഉൾപ്പെട്ടിരുന്നത്. ലിസ്റ്റിന്റെ വലിപ്പം കൂടിയതിനാലാണ് നിയമനം നൽകാൻ സാധിക്കാത്തതെന്ന വിലയിരുത്തലിൽ ഇക്കുറി റാങ്ക് ലിസ്റ്റ് നാലിലൊന്നായി ചുരുക്കിയാണ് പ്രസിദ്ധീകരിച്ചത്.
കഴിഞ്ഞ അഞ്ചേകാൽ വർഷത്തിനിടെ പുരുഷ പൊലീസിന്റെ 7,446 ഒഴിവുകളിൽ മാത്രമാണ് നിയമനം നടത്തിയത്. പൊലീസിന്റെ ജോലിഭാരവും സമ്മർദവും കുറയ്ക്കാൻ കൂടുതൽ നിയമനം നടത്തുമെന്ന് മുഖ്യമന്ത്രി ആവർത്തിക്കുമ്പോഴും നിയമനത്തിൽ കുറവുണ്ടാവുകയാണ്.
6,647പേരുടെ ലിസ്റ്റ്;
നിയമനം1836 പേർക്ക്
നിലവിൽ വന്നത്: 2024 ഏപ്രിൽ 14
മെയിൻ ലിസ്റ്റിൽ ഉൾപ്പെട്ടവർ: 4725
സപ്ലിമെന്ററി ലിസ്റ്റിൽ ഉൾപ്പെട്ടവർ: 1922
നിയമനം കിട്ടിയവർ:
കൂടുതൽ പേർ മലപ്പുറം (എം.എസ് .പി ): 385
കുറവ് തിരുവനന്തപുരം (എസ് .എ.പി -1): 164
നിയമന നില
ബറ്റാലിയൻ -------------നിയമന ശുപാർശ ------------മെയിൻലിസ്റ്റ് -----------മുൻ റാങ്ക് ലിസ്റ്റിലെ നിയമനം
എസ് .എ.പി (തിരുവനന്തപുരം)-------164 ------------------------895 -------------------------718
കെ.എ.പി 3 ( പത്തനംതിട്ട )--------------- 228 ------------------------596 ------------------------804
കെ.എ.പി. 1 ( എറണാകുളം )------------186 ------------------------487 ------------------------644
കെ.എ.പി. 5 (ഇടുക്കി )-----------------------273 ------------------------494 ------------------------422
കെ.എ.പി. 2 ( തൃശൂർ )----------------------278 ------------------------826 ------------------------662
എം.എസ് .പി ( മലപ്പുറം )-------------------385 ------------------------741 ------------------------ 887
കെ.എ.പി. 4 ( കാസർകോട് )-------------322 ------------------------685 ------------------------642
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |