
പത്തനംതിട്ട/ചേർത്തല/കോട്ടയം : അമ്മയുടെ മുന്നിൽവച്ച് 14കാരിയെ ആൺസുഹൃത്ത് പീഡിപ്പിച്ചു. ഭർത്താവിന്റെ മൃഗീയമർദ്ദനമേറ്റ് ആശുപത്രിയിലായ വീട്ടമ്മ ആന്തരികരക്തസ്രാവത്താൽ മരിച്ചു. നഴ്‌സിംഗ് കോളേജിൽ സീനിയർ വിദ്യാർത്ഥികൾ ജൂനിയർകുട്ടികളുടെ ദേഹമാകെ വരഞ്ഞുമുറിച്ച് ലോഷൻ തളിച്ചു. നഴ്സാവാൻ പഠിക്കുന്ന പ്രതികൾ ജൂനിയർ വിദ്യാർത്ഥികളുടെ മരണപ്പിടച്ചിൽകണ്ട് പൊട്ടിച്ചിരിച്ചു. ദേഹത്താകെ പിന്നെയും മുറിവേല്പിച്ചും മർദ്ദിച്ചും വീഡിയോ എടുത്തു. ദൈവത്തിന്റെ സ്വന്തം നാടെന്ന് കീർത്തികേട്ട സാക്ഷരകേരളം നടുങ്ങിനിൽക്കുകയാണ്. ഓരോ ദിവസവും കുറ്റകൃത്യങ്ങളുടെ പുതിയ രൂപങ്ങൾ. അത് ചെവിക്കൊള്ളേണ്ടവർ നിസംഗരാകുന്നു. നമ്മളെങ്ങനെ ഇവിടെ ജീവിക്കും?
1. പത്തനംതിട്ടയിൽ പതിന്നാലുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന മാതാവും ആൺ സുഹൃത്തും പിടിയിലായി. റാന്നി അങ്ങാടിക്കൽ ഉന്നക്കാവ് പള്ളിനടയിൽ ജയ്‌മോൻ (42), തിരുവനന്തപുരം ബാലരാമപുരം സ്വദേശിദീപ (44), എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞവർഷം സെപ്തംബർ 15ന് പുലർച്ചെ ഒന്നിന് പത്തനംതിട്ടയിലെ ലോഡ്ജിലാണ് പീഡനം നടന്നത്. ഉറങ്ങിക്കിടന്ന കുട്ടിയെ വിളിച്ചുണർത്തി കട്ടിലിൽ നിന്ന് വലിച്ചു താഴെയിട്ടശേഷം ജയ്‌മോൻ പീഡിപ്പിക്കുകയായിരുന്നു. ഈ സമയം ദീപയും അടുത്തുണ്ടായിരുന്നു. ചൈൽഡ് വെൽഫെയർ സൊസൈറ്റി നടത്തിയ കൗൺസലിംഗിലാണ് കുട്ടി ലൈംഗികപീഡനവിവരം വെളിപ്പെടുത്തിയത്.
2. ചേർത്തല നഗരസഭ 29ാം വാർഡ് പണ്ടകശാലാപറമ്പിൽ സജിയുടെ (46) മരണത്തിൽ മകളുടെ മൊഴിയാണ് വഴിത്തിരിവായത്. തലയുടെ വലതുഭാഗത്തേറ്റ പരിക്കും തലച്ചോറിനും തലയോട്ടിക്കും ഇടയിലുള്ള ഞരമ്പുകൾ പൊട്ടിയുള്ള ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. തന്റെ ആക്രമണത്തിലാണ് സജിക്ക് പരിക്കേറ്റതെന്ന് കസ്റ്റഡിയിലായിരുന്ന ഭർത്താവ് സോണി(48) പൊലീസിനോടു സമ്മതിച്ചതായാണ് അറിയുന്നത്. പള്ളിയിലെ കല്ലറയിലടക്കിയിരുന്ന മൃതദേഹം മകൾ മീഷ്മയുടെ പരാതിയെത്തുടർന്ന് ബുധനാഴ്ച പുറത്തെടുത്തിരുന്നു.
3. കോട്ടയം ഗവ. നഴ്‌സിംഗ് കോളേജിൽ അഞ്ചു സീനിയർ വിദ്യാർത്ഥികൾ കാട്ടിക്കൂട്ടിയ ഭീകരദൃശ്യങ്ങൾ പുറത്തുവന്നു. ഇതിനെല്ലാം നേതൃത്വം നൽകിയ മുഖ്യപ്രതി മലപ്പുറം സ്വദേശി കെ.പി. രാഹുൽ രാജ് സി.പി.എം അനുകൂല സംഘടനയായ കേരള ഗവ. സ്റ്റുഡന്റ്‌സ് നഴ്‌സസ് അസോസിയേഷൻ (കെ.ജി.എസ്.എൻ.എ) സംസ്ഥാന ജനറൽ സെക്രട്ടറിയാണ്! മറ്റ് പ്രതികളായ സാമുവൽ ജോൺസൺ, എൻ.എസ്. ജീവ, സി.റിജിൽ ജിത്ത്, എൻ.വി. വിവേക് എന്നിവർ അസോസിയേഷൻ അംഗങ്ങളും.
മുറിവേറ്റ് ശരീരമാകെ വരിഞ്ഞുമുറുകി അവശനിലയിലായ വിദ്യാർത്ഥി പിതാവിനോട് പരാതിപ്പെട്ടതോടെയാണ് നാലുമാസം നീണ്ട പീഡനം പുറംലോകമറിഞ്ഞത്. ഞായറാഴ്ചകളിൽ മദ്യപിക്കാനും ലഹരി ഉപയോഗിക്കാനും പണം ആവശ്യപ്പെട്ടായിരുന്നു ക്രൂരത.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |