SignIn
Kerala Kaumudi Online
Thursday, 22 October 2026 2.31 PM IST

കൈനകരി അനിത വധക്കേസ്: രണ്ടാംപ്രതിക്കും വധശിക്ഷ

kainakari

ആലപ്പുഴ: ഗർഭിണിയായ യുവതിയെ ആക്രമിച്ച് ബോധംകെടുത്തി ആറ്റിൽത്തള്ളി കൊന്ന കേസിലെ ഒന്നാംപ്രതിക്ക് പിന്നാലെ രണ്ടാംപ്രതിക്കും വധശിക്ഷ. പുന്നപ്ര തെക്കേമഠം വീട്ടിൽ അനിതയെ (32) കൊന്ന കേസിൽ കൈനകരി തോട്ടുവാത്തല പതിശേരി വീട്ടിൽ രജനിയെയാണ് (38) ആലപ്പുഴ അഡീഷനൽ സെഷൻസ് കോടതി (മൂന്ന്) ജഡ്ജി എം. ഷുഹൈബ് ശി​ക്ഷി​ച്ചത്. രണ്ടരലക്ഷം രൂപ പിഴയും പ്രതി അടയ്ക്കണം. ഈ തുക കൊല്ലപ്പെട്ട അനിതയുടെ അച്ഛനും മക്കൾക്കും നൽകണം. കേസിലെ ഒന്നാംപ്രതിയായ മലപ്പുറം നിലമ്പൂർ മുതുകോട് പൂക്കോടൻ വീട്ടിൽ പ്രബീഷിനെ (37) കഴിഞ്ഞദിവസം കോടതി വധശിക്ഷക്ക് വിധിച്ചിരുന്നു. രജനി ലഹരിമരുന്ന് കേസിൽ ഒഡിഷയിലെ റായ്ഗഡ് ജയിലിലായതിനാൽ അന്ന് ഹാജരായിരുന്നില്ല.

ഒഡീഷയിൽ നിന്നെത്തിച്ച് ഇന്നലെ കോടതിയിൽ ഹാജരാക്കിയശേഷമാണ് ശിക്ഷ വിധിച്ചത്. ഓൺലൈൻ വഴിയാണ് ഇവരുടെ വിചാരണ പൂർത്തിയാക്കിയത്. 2021 ജൂലായ് ഒമ്പതിന് രാത്രി 9.30നായിരുന്നു കേസിനാസ്പദമായ സംഭവം. താമരക്കുളം കേരഫാമിൽ ജോലി ചെയ്യുമ്പോൾ വിവാഹിതയും രണ്ടുകുട്ടികളുടെ അമ്മയുമായ അനിതയുമായി പ്രബീഷ് അടുപ്പത്തിലായിരുന്നു. ഇയാളും വിവാഹിതനായിരുന്നു. അനിത ഗർഭിണിയാപ്പോഴാണ് പ്രബീഷ് രജനിയുമായി അടുപ്പത്തിലായത്. അനിതയെ ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് അനിതയെ രജനിയുടെ കൈനകരിയിലെ വീട്ടിലെത്തിച്ചു കിടപ്പുമുറിയിൽവച്ച് പ്രബീഷ് കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തി. നിലവിളി പുറത്തുകേൾക്കാതിരിക്കാൻ രജനി വായും മൂക്കും അമർത്തിപ്പിടിച്ചു. ബോധംകെട്ട അനിത മരിച്ചെന്ന് കരുതി ഇരുവരും ചേർന്ന് വള്ളത്തിൽ കയറ്റി പൂക്കൈതയാറ്റിൽ ഉപേക്ഷിച്ചു. മൃതദേഹം പിറ്റേന്ന് ആറ്റിൽ കണ്ടെത്തി. നെടുമുടി പൊലീസാണ് പ്രതികളെ പിടികൂടിയത്. ഗർഭിണിയായ യുവതിയെ ക്രൂരമായി കൊന്നതിന് ഒന്നാം പ്രതിക്ക് നൽകിയ വധശിക്ഷ രണ്ടാം പ്രതിയായ രജനിക്കും നൽകണമെന്നതായിരുന്നു പ്രോസിക്യൂഷൻ വാദം. ശിക്ഷവിധിക്കുന്നതിന് മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് ചോദിച്ചപ്പോൾ ഒന്നുമില്ലെന്നായിരുന്നു രജനിയുടെ മറുപടി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എൻ.ബി. ശാരി ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA